ആപ്പ്ജില്ല

Trivandrum News Today Live: തിരുവനന്തപുരം മൃഗശാലയിൽ നാല് ഹനുമാൻ കുരങ്ങുകൾ കൂടി; എത്തിച്ചത് ഹരിയാനയിൽനിന്ന്

Thiruvananthapuram News Today: തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ. ഹരിയാനയിലെ റോത്തക് മൃഗശാലയിൽനിന്ന് നാലു കുരങ്ങുകളെ എത്തിച്ചു. രണ്ട് പെൺകുരങ്ങുകളും രണ്ട് ആൺകുരങ്ങുകളുമാണ് മൃഗശാലയിൽ എത്തിയത്.

Authored byദീപു ദിവാകരൻ | Samayam Malayalam 17 Sept 2023, 10:42 pm

ഹൈലൈറ്റ്:

  • തിരുവനന്തപുരം മൃഗശാലയിൽ നാല് ഹനുമാൻ കുരങ്ങുകൾ കൂടി.
  • ഹരിയാനയിൽനിന്ന് കുരുങ്ങുകളെ എത്തിച്ചു.
  • ഒരുമാസത്തിനു ശേഷം കൂട്ടിലേക്ക് മാറ്റും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Trivandrum News Today Live
ഹനുമാൻ കുരങ്ങ് (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് നാല് ഹനുമാൻ കുരങ്ങുകളെ കൂടി എത്തിച്ചു. ഹരിയാനയിലെ റോത്തക് മൃഗശാലയിൽ നിന്നാണ് കുരങ്ങുകളെ കൊണ്ടുവന്നത്. രണ്ട് പെൺകുരങ്ങുകളും രണ്ട് ആൺകുരങ്ങുകളുമാണ് മൃഗശാലയിലെ പുതിയ അതിഥികൾ. ആൺകുരങ്ങുകൾക്ക് ഒന്നരയും രണ്ടരയും വയസും പെൺകുരങ്ങുകൾക്ക് മൂന്നു വയസുമാണ് പ്രായം. മൃഗശാലയിൽ എത്തിച്ച ഇവയെ ക്വാറന്റൈനിലാക്കി. ഒരുമാസത്തിനു ശേഷം കൂട്ടിലേക്ക് മാറ്റും. നേരത്തെ മൃഗശാലയിൽനിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയത് വാർത്തയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വാർത്തകൾ അറിയാം.
തിരുവനന്തപുരം വിതുരയില്‍ വാഹനാപകടം

വിതുരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ചേന്നന്‍പാറയിലാണ് അപകടം ഉണ്ടായത്.

നൂറ് പെൺകുട്ടികളെ സൂപ്പറാക്കാൻ ജില്ലാ ഭരണകൂടം:കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

ആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്,പത്ത്,പ്ലസ് വൺ,പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് തിരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം. പ്രോജക്ട് എറൈസിന്റെ ഭാഗമായി സംഘടിപ്പിച്ച കളക്ടേഴ്‌സ് സൂപ്പർ 100 ന്റെയും അക്ഷരം ബുക്കത്തോൺ ക്യാമ്പയിന്റെ സമാപന ചടങ്ങിന്റെയും ഉദ്ഘാടനം ജില്ലാ കലക്ടർ ജെറോമിക് ജോർജ്ജ് നിർവഹിച്ചു. ആദിവാസി, തീരദേശ മേഖലകളിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി ജില്ലാ ഭരണകൂടം ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓഡിയോ സന്ദേശത്തിലെ അജ്ഞാതരായ ആ കുട്ടികളെ കണ്ടെത്തി മന്ത്രി

കണ്ണൂരിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ സ്ത്രീകളെ സഹായിച്ച വിദ്യാര്‍ഥികളെ പരിചയപ്പെടുത്തി മന്ത്രി എംബി രാജേഷ്. അഞ്ചാം ക്ലാസുകാരനായ മുഹമ്മദ് ഷിഫാസും മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ആദിയുമാണ് ചാക്കുകളുമായി നടന്ന് പോവുകയായിരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളായ രണ്ടുപേര്‍ തങ്ങളെ സഹായിച്ചെന്ന് പറഞ്ഞ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ബിന്ദുവും രാജലക്ഷ്മിയും പഞ്ചായത്ത് തല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട ഓഡിയോ സന്ദേശം ലഭിച്ച ശേഷമാണ് വിദ്യാര്‍ഥികളെ അന്വേഷിച്ചിറങ്ങിയത്. വലിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ ഇന്ന് രാവിലെ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം

ആദിവാസി, തീരദേശ മേഖലകളിലെ സ്‌കൂളുകളിലെ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസ്സുകളിൽ നിന്ന് തെരഞ്ഞെടുത്ത 100 പെൺകുട്ടികളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമിട്ട് പ്രോജക്ട് എറൈസിന്റെ ഭാഗമായി നടപ്പാക്കുന്ന കളക്ടേഴ്സ് സൂപ്പർ 100 പദ്ധതിക്ക് തുടക്കം.

നിലപാട് വ്യക്തമാക്കി മേയർ ആര്യയും ഗായത്രിയും

ദ്യോഗസ്ഥരോട് എതിർപ്പുണ്ടാകാം എങ്കിലും പറയേണ്ട രീതി ഇതല്ലെന്നും സ്ഥിരം സമിതി അധ്യക്ഷൻമാർ വളഞ്ഞിരുന്ന് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ശരിയല്ലെന്നും മേയർ ആര്യാ രാജേന്ദ്രൻ.

ചിത്രംവരയുടെ വസന്തം ഒരുക്കി വരയുത്സവം

പ്രീ പ്രൈമറി കുട്ടികളിൽ വരയുടെ വസന്തകാലമൊരുക്കി വരയുത്സവം സംഘടിപ്പിച്ചു. ഇതിന്റെ ഉപജില്ലാതല ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഇന്ന് വൈകിട്ട് 0630 വരെ 0.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

സ്‌പോട്ട് അഡ്മിഷൻ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട് പേരുമലയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഐടിഐ പേരുമലയിൽ എൻസിവിറ്റി അംഗീകാരമുള്ളതും തൊഴിൽ സാധ്യതയുള്ളതുമായ പ്ലംബർ ട്രേഡിലേക്ക് എസ്എസ്എൽസി പാസായ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഐടിഐയിൽ അഡ്മിഷന് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വിദ്യാർഥിയുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാക്കിയ രണ്ടുപേരിൽ ഒരാളുടെ സാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിക്കാണ് നിപയില്ലെന്ന് കണ്ടെത്തിയത്. കാട്ടാക്കട സ്വദേശിനിയെയും ജില്ലയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ സാംപിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന് വനിതാ അധ്യക്ഷ

ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൻ്റെ പ്രസിഡൻ്റ് സ്ഥാനത്ത് ആദ്യ വനിത. വി ശോഭയാണ് പുതിയ പ്രസിഡൻ്റ്. കെഎസ്ഇബിയിൽ അസിസ്റ്റൻ്റ് എൻജിനീയറായിരുന്നു വി ശോഭ. വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ സജീവമാകുന്നത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡൻ്റായിരുന്നു. പൊങ്കാല മഹോത്സവത്തിൻ്റെ പബ്ലിസിറ്റി കൺവീനറും ആദ്യ വനിതാ ജനറൽ കൺവീനറുമായിരുന്നു.

വട്ടിയൂർക്കാവ് ജങ്ഷൻ വികസനം: സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു കൈമാറി

വട്ടിയൂർക്കാവ് ജങ്ഷൻ വികസന പദ്ധതിയുടെ ഭാഗമായ റോഡ് വികസന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിലേക്ക് കിഫ്ബി അനുവദിച്ച ഒന്നാം ഗഡു തുകയായ 345 കോടി രൂപ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വികെ പ്രശാന്ത് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് കൈമാറി. പദ്ധതിയുടെ എസ്പിവിയായ കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ജീജാ ബായ് ആണ് ചെക്ക് കൈമാറിയത്. ബന്ധപ്പെട്ടയാളുകൾക്ക് നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കൽ നടപടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എംഎൽഎ പറഞ്ഞു. പദ്ധതിക്കായി നേരത്തെ നിശ്ചയിച്ചിരുന്ന 341.79 കോടി രൂപ പുനർ നിർണയിച്ച് 660 കോടി രൂപയുടെ ഭരണാനുമതി കിഫ്ബിയിൽനിന്നു ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എച്ച്എംസി മുഖാന്തിരം ലാബ് ടെക്‌നീഷ്യൻ, റേഡിയോഗ്രാഫർ, അനസ്‌തേഷ്യ ടെക്‌നീഷൻ, ഇസിജി ടെക്‌നീഷ്യൻ, ഒപ്‌ടോമെട്രിക് ടെക്‌നീഷ്യൻ എന്നീ തസ്തികളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ രണ്ടും മറ്റ് തസ്തികകളിൽ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 28ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്