ആപ്പ്ജില്ല

ഞെട്ടരുത്; തിരുവനന്തപുരത്തുകാര്‍ കുടിക്കുന്നത് ഈ വെള്ളമാണ്, വീഡിയോ കാണാം

തലസ്ഥാനവാസികള്‍ കുടിക്കുന്നത് പായലും മാലിന്യവും നിറഞ്ഞ അരുവിക്കരയിലെ വെള്ളം. വെള്ളം പമ്പ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് വരെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. 12 ലക്ഷത്തോളം ജനങ്ങളാണ് അരുവിക്കരയെ ആശ്രയിക്കുന്നത്. ഡാം ശുചികരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Samayam Malayalam 17 Apr 2021, 10:42 pm

ഹൈലൈറ്റ്:

  • തലസ്ഥാനവാസികള്‍ക്ക് വിതരണം ചെയ്യുന്നത് മാലിന്യം നിറഞ്ഞ വെള്ളം
  • അരുവിക്കരയിലെ മാലിന്യം നീക്കാന്‍ നടപടിയില്ല

  • പ്രഖ്യാപിച്ച പദ്ധതികള്‍ പാഴായി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: തലസ്ഥാന വാസികള്‍ കുടിക്കുന്നത് മാലിന്യം കുമിഞ്ഞുകൂടിയ വെള്ളം. മാലിന്യവും പായലും മണലും നിറഞ്ഞ അരുവിക്കരയിലെ വെള്ളമാണ് തലസ്ഥാന വാസികള്‍ക്ക് വിതരണം ചെയ്യുന്നത്. കുപ്പികളും പ്‌ളാസ്റ്റിക്കും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍, വെള്ളം പമ്പ് ചെയ്യുന്നതിന്റെ തൊട്ടടുത്ത് വരെ അടിഞ്ഞുകൂടി കിടക്കുകയാണ്. മാലിന്യം ഒഴുക്കുന്നതും മാലിന്യമെറിയുന്നതും ഇവിടത്തെ നിത്യകാഴ്ച. മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി അരുവിക്കര കുടിവെള്ള സംഭരണി മാറിയോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല.

നഗരവാസികള്‍ മാത്രമല്ല പള്ളിപ്പുറം വരെയുള്ള 12 ലക്ഷത്തോളം ആളുകളാണ് അരുവിക്കരയിലെ വെള്ളത്തെ ആശ്രയിക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതി കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് 25 ലക്ഷമായി ഉയരും. ചുരുക്കിപ്പറഞ്ഞാല്‍ അരുവിക്കരയില്‍ പമ്പിംഗ് മുടങ്ങിയാല്‍ തലസ്ഥാനവാസികളുടെ വെള്ളംകുടി മുട്ടം എന്നര്‍ത്ഥം. എന്നിട്ടും ഡാം ശുചീകരിക്കാന്‍ ഒരു നടപടിയുമില്ല. നേരത്തെ പല പദ്ധതികളും പ്രഖ്യാപിച്ചിരുന്നെങ്കിലും ലക്ഷങ്ങള്‍ വെള്ളത്തില്‍ കലക്കിയപോലെയായി. ഈ വെള്ളം കുടിക്കാന്‍ വിധിക്കപ്പെട്ട നാട്ടുകാര്‍ പരാതി പറഞ്ഞ് മടുത്തു. ജല അതോറിറ്റി അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ മാലിന്യം നിറഞ്ഞ വെള്ളം കുടിക്കേണ്ട ഗതികേടിലാണ് തലസ്ഥാനവാസികള്‍.

'കൊവിഡിയറ്റ്' പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു; മുഖ്യമന്ത്രിയെ പരിഹസിച്ച് വി.മുരളീധരന്‍, വീഡിയോ

വര്‍ഷങ്ങളായി ഡാമില്‍ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കം ചെയ്യാത്തതിനാല്‍ ഡാമിന്റെ സംഭരണശേഷി മൂന്നിലൊന്നായി കുറഞ്ഞു. മുന്‍കാലങ്ങളില്‍ അണക്കെട്ട് നിറഞ്ഞ് സംഭരണശേഷിയിലെത്താന്‍ ദിവസങ്ങളെടുക്കുമായിരുന്നു. എന്നാലിപ്പോള്‍ ചെറുമഴ പെയ്താല്‍ പോലും ഷട്ടറുകള്‍ ഉയര്‍ത്തേണ്ട അവസ്ഥയാണ്. 1975 വരെ ഡാമില്‍ ചെളി ഒഴുകിപ്പോകാനായി ഒരു വാല്‍വുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. അതു കേടായപ്പോള്‍ ചെളി ഒഴുകിപ്പോകാതായി. ഇതോടെയാണ് ഡാമില്‍ മണ്ണടിഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി ഇവിടത്തെ മണ്ണു നീക്കംചെയ്യുമെന്നു കേള്‍ക്കുന്നെങ്കിലും നടപടികളായിട്ടില്ല.

1932 ലാണ് തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കായി കരമനയാറ്റിനു കുറുകേ അരുവിക്കരയില്‍ അണ കെട്ടിയത്. തടയണയായി നിര്‍മിച്ച അരുവിക്കര ജലസംഭരണി ഷട്ടറുകള്‍ സ്ഥാപിച്ച് ഡാമാക്കി ഉയര്‍ത്തുകയായിരുന്നു. നാലു ഘട്ടമായി സംഭരണശേഷി ഉയര്‍ത്തി. ഡാമിന് ആറ് ഷട്ടറുകളും ആറു മീറ്റര്‍ ഉയരവുമുണ്ട്. പേപ്പാറ ഡാമില്‍നിന്നു വെള്ളമെത്തിച്ചാണ് ശുദ്ധീകരിച്ച് നഗരത്തിലേക്കു കുടിവെള്ളം വിതരണം ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലേക്ക് എട്ടു ദിവസത്തേക്കാവശ്യമായ വെള്ളം സംഭരിക്കാനുള്ള ശേഷി ഡാമിനുണ്ട്. അരുവിക്കര ഡാം ശുദ്ധീകരിച്ച് തലസ്ഥാനവാസികള്‍ക്ക് ശുദ്ധവെള്ളം എത്തിക്കാന്‍ നടപടി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്