ആപ്പ്ജില്ല

പോലീസ് ആക്ട് 118 എ: ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റം: കെ സുരേന്ദ്രൻ

കേരള പോലീസ് ആക്ടിൽ 118 എ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Lipi 22 Nov 2020, 8:37 pm
തൃശൂർ : കേരള പോലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇത്തരം നിയമത്തിനെതിരെ 2015ൽ സുപ്രീംകോടതി നിലപാട് എടുത്തപ്പോൾ അതിനെ പ്രശംസിക്കുകയും രാഷ്ട്രീയ പ്രചരണമാക്കുകയും ചെയ്ത ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അതേ പിണറായി തന്നെ സാമൂഹ്യമാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും കരിനിയമം കൊണ്ടുവന്ന് നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Samayam Malayalam K Surendran
കെ സുരേന്ദ്രൻ



രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നു വരുന്ന ജനവികാരം തടയാനാണ് ശ്രമം. ഇപ്പോൾ തന്നെ പോലീസിനെ ദുരുപയോഗം ചെയ്യുന്ന സർക്കാർ പോലീസിനെ മർദനോപാധിയാക്കുകയാണ്. ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ് 118 എ കൊണ്ടുവരാൻ പിണറായിയെ പ്രേരിപ്പിച്ചത്. സ്ത്രീകൾക്കെതിരായ അക്രമം തടയാനെന്ന വ്യാജേനയാണ് പുതിയ നിയമം. സ്ത്രീകൾക്കെതിരായ കടന്നാക്രമണം തടയാൻ നിലവിലുള്ള നിയമം പോലും ഉപയോഗിക്കാത്ത സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാൻ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്. ജനാധിപത്യവിരുദ്ധമായ നിയമത്തിനെതിരെ യുഡിഎഫ് എന്താണ് മിണ്ടാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Also Read: പീച്ചി കൊമ്പഴ വനത്തിനുള്ളില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

കിഫ്ബിയുടെ പേരിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി തോമസ് ഐസക്ക് ഇപ്പോൾ വീണിടത്ത് കിടന്നുരുളുകയാണ്. മസാലബോണ്ടിലും കിഫ്ബിയുടെ മറ്റു ഇടപാടുകളിലും അന്വേഷണം വരുമെന്ന ഭയം കാരണമാണ് സിഎജി റിപ്പോർട്ട് ചോർത്തിയത്. ആർബിഐ അനുമതി കിട്ടിയെന്ന് മന്ത്രി പറയുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്. ആർബിഐ എൻഒസി കിട്ടാൻ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കിയിട്ടും അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. 2ജി പോലെ രാജ്യത്തെ വലിയ അഴിമതികൾക്ക് സമാനമായ സംഭവങ്ങളാണ് കേരളത്തിലും നടക്കുന്നത്. ധനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ള അഴിമതിയാണിത്. ഐസക്കിന് നിഗൂഢമായ താത്പര്യങ്ങൾ ഉണ്ടെന്നും അദ്ദേഹം ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കരാർ കൊടുക്കുന്നത്. ചില കമ്പനികൾക്ക് എല്ലാ അവകാശങ്ങളും മന്ത്രി ചാർത്തി കൊടുക്കുകയാണ്. ചാരിത്ര പ്രസംഗം അവസാനിപ്പിച്ച് അന്വേഷണം നേരിടാൻ ഐസക്ക് തയാറാകണം. ധനകാര്യ സെക്രട്ടറിയാണ് റിപ്പോർട്ട് ചോർത്തിയതെന്ന് തോമസ് ഐസക്ക് തന്നെയാണ് പറഞ്ഞത്. കിഫ്ബിക്കെതിരല്ല നിയമലംഘനത്തിനെതിരാണ് ബിജെപിയുടെ പ്രതിഷേധം. നികുതി പണം ഉപയോഗിച്ചാണ് ഐസക്ക് അഭ്യാസപ്രകടനം നടത്തുന്നത്. മന്ത്രിക്ക് വിദേശ നിക്ഷേപം ഉണ്ടെന്നതിന് അദ്ദേഹം മറുപടി പറയാത്തതെന്താണ്? കേന്ദ്ര ഏജൻസികളെ ഓടിക്കാമെന്ന ഐസക്കിന്റെ പൂതി നടപ്പില്ല. ഏജൻസികൾ കേരളത്തിൽ വന്നിട്ടുണ്ടെങ്കിൽ അഴിമതിക്കാരെയെല്ലാം കണ്ടുപിടിക്കുക തന്നെ ചെയ്യും. അഴിമതി നടത്തിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.


Also Read: മദ്യപാനത്തിനിടെ തർക്കം, അടിപിടി; യുവാവിനെ മര്‍ദിച്ച് കനാലിലേക്ക് തള്ളിയിട്ടു കൊന്നു, സുഹൃത്തുക്കൾ അറസ്റ്റിൽ


രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ഭൂമിയുണ്ടെന്നാണ് പറയുന്നത്. എന്താണ് മുഖ്യമന്ത്രി ഇത് നിഷേധിക്കാത്തത്? എന്തിനാണ് ക്വാറൻ്റൈനിൽ ഇരിക്കുമ്പോൾ ചിലർ ലോക്കറിൽ നിന്ന് ആധാരം എടുത്ത് മുങ്ങിയതെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. നേതാക്കളുടെ പേരിൽ കേസ് വന്നതോടു കൂടി കോൺഗ്രസ് അഴിമതിക്കെതിരായ മുദ്രാവാക്യം മുക്കി. കോൺഗ്രസ് അഴിമതിക്കെതിരാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അഴിമതിക്കെതിരെ പോരാടുന്ന ഒരേ ഒരു മുന്നണി എൻഡിഎയാണ്. അഴിമതി മുന്നണികൾക്കെതിരെയുള്ള ശക്തമായ ജനവിധിയാവും തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാർ, തൃശൂർ മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി മേനോൻ എന്നിവർ പങ്കെടുത്തു.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്