ആപ്പ്ജില്ല

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയോ? ശ്രദ്ധിക്കുക... ഇക്കാര്യങ്ങൾ ചെയ്താൽ പിടിവീഴും!

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങൾ ചെയ്താൽ പിടിവീഴും

Samayam Malayalam 10 Nov 2020, 12:30 am
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മറ്റു രാഷ്ട്രീയ കക്ഷികളെ വിമര്‍ശിക്കുമ്പോള്‍ അത് അവരുടെ നയം, പരിപാടികള്‍, പൂര്‍വകാല ചരിത്രം, പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മാത്രമായി ഒതുക്കണം. പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശിക്കരുത്.
Samayam Malayalam here are the dos and donts during kerala local body election 2020 campaign
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയോ? ശ്രദ്ധിക്കുക... ഇക്കാര്യങ്ങൾ ചെയ്താൽ പിടിവീഴും!



​ജാതി, സമുദായം പറഞ്ഞ് വോട്ടു തേടരുത്

ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, മറ്റ് ആരാധനാ സ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാര്‍ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താല്‍പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹിക ബഹിഷ്‌കരണം, ജാതി ഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, നഗരസഭയില്‍ പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തില്‍ 200 മീറ്ററിനുള്ളിലും വോട്ടുതേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും തിരിച്ചും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തെരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളാണ്.

​ഇവിടെ പോസ്റ്റർ പതിക്കരുത്

വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുക, പിക്കറ്റുചെയ്യുക തുടങ്ങിയവ ചെയ്യരുത്. സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല. പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും സ്ഥാപിക്കുന്നതിന് തടസമില്ലാത്ത പൊതുസ്ഥലങ്ങളില്‍ എല്ലാവര്‍ക്കും തുല്യ അവസരം നല്‍കണം. ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാര്‍ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവെച്ചിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തണം. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തണം.

​സ്കൂൾ മൈതാനങ്ങള്‍ ഉപയോഗിക്കരുത്

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായോ പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കണം. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ നീക്കം ചെയ്യുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിച്ച് അതിനുവേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കരുത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്