ആപ്പ്ജില്ല

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പ്: 4.5 കോടി രൂപയോളം കമ്മീഷന്‍ തട്ടിയെടുത്തുവെന്ന് അനിൽ അക്കര

വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പിൽ എന്‍ഫോഴ്സ്മെൻ്റ് കൊച്ചി യൂണിറ്റ് ജോയിൻ്റ് ഡയറക്ടര്‍ക്ക് അനിൽ അക്കര എംഎൽഎ കത്തയച്ചു. കേസിൽ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം.

Lipi 26 Aug 2020, 7:37 pm
Samayam Malayalam വടക്കാഞ്ചേരി ഫ്ലാറ്റ്
തൃശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണ തട്ടിപ്പിൽ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷവിധേയമാക്കണമെന്ന് അനില്‍ അക്കര എംഎല്‍എ. ഇടക്കാലത്ത് ഇവര്‍ക്കുണ്ടായ സാമ്പത്തിക വളര്‍ച്ചയും അന്വേഷിക്കണം. എന്‍ഫോഴ്സ്മെൻ്റ് കൊച്ചി യൂണിറ്റ് ജോയിൻ്റ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിലാണ് എംഎല്‍എ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കായി തൃശൂരിലെ തലപ്പള്ളി താലൂക്കില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി വാങ്ങിയ വിവിധ സര്‍വേ നമ്പരുകളില്‍പ്പെട്ട 1.3547 ഹെക്ടര്‍ സ്ഥലം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് കമ്പോള വില ഈടാക്കാതെ ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തി കൊണ്ട് നിബന്ധനകള്‍ക്ക് വിധേയമായി സ.ഉ.(എം.എസ്) നം. 229/2017/റവന്യൂ പ്രകാരം കൈമാറിയിട്ടുള്ളതാണ്. ഈ ഭൂമിയില്‍ പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നതിന് 2019 ജൂണ്‍ 26 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ എട്ടാമത് ലൈഫ് മിഷന്‍ എസ്എല്‍ഇസി യോഗത്തിന്റെ തീരുമാനം നം. 4 അനുസരിച്ച് 13,09,77,775/- രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് 11/07/2019 ൻ്റെ ജിഒ (ആര്‍ടി) നം. 1453/2019/എല്‍എസ്ജിഡി ഉത്തരവ് പ്രകാരം പിഎംസി യായി ഹാബിറ്റാറ്റ് ടെക്നോളജിയെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് എംഎൽഎ കത്തിൽ പറയുന്നു. Also Read: ലൈംഗിക അതിക്രമങ്ങളെ നേരിടാൻ പെൺകുട്ടികൾ സ്വയം പ്രാപ്തരാകണം; ശ്രദ്ധ നേടി ആറാം ക്ലാസുകാരിയുടെ ഹ്രസ്വചിത്രം

ഹാബിറ്റാറ്റ് ടെക്നോളജി പ്രസ്തുത സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകവെയാണ് സര്‍ക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ വടക്കാഞ്ചേരി നഗരസഭയുടെയോ ലൈഫ് മിഷന്റെയോ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരം യുണീടാക് എന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി സ്ഥലം കൈയ്യേറി കെഎംബിആര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഇതിന് ആവശ്യമായ തുക യുഎഇ കോണ്‍സലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ്. എന്നാല്‍ ഇവിടെ നടന്നു വരുന്ന കെട്ടിട നിര്‍മ്മാണത്തിന് യാതൊരു ഗുണമേന്മയും ഇല്ല. ഇത്തരത്തിലുള്ള നിര്‍മ്മാണത്തിന് 12 കോടിയില്‍ അധികം ചെലവും വരുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിൻ്റെ അറിവോടു കൂടി സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയാണിത്. സംസ്ഥാനത്ത് മേല്‍ സൂചിപ്പിച്ചത് അനുസരിച്ച് ഒരു സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോള്‍ അത് മറയാക്കി യുഎഇ കോണ്‍സലേറ്റ് കണ്ടെത്തിയ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറി കൊടുത്ത് അവിടെ നിന്നും അനധികൃതമായി വരുമാനമുണ്ടാക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചിട്ടുള്ളത്. സ്ഥലം എംഎല്‍എ യെയും വാര്‍ഡ് കൗണ്‍സിലറെയും നിയമാനുസൃതം ഉള്‍ക്കൊള്ളിച്ച് നടത്തേണ്ട പദ്ധതി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തി പണം സമ്പാദിക്കണമെന്നുള്ള താല്‍പ്പര്യത്തോടെയാണ് ഈ ഗൂഢാലോചന നടത്തിയിട്ടുള്ളതെന്നും അനിൽ അക്കര ആരോപിച്ചു. Also Read: 200 കടന്ന് തൃശൂരിലെ കൊവിഡ് കണക്കുകള്‍; ശക്തന്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ

യുഎഇ കോണ്‍സലേറ്റും യൂണിടാക്കും തമ്മില്‍ വെച്ചിട്ടുള്ള കരാറിലോ, റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മില്‍ വെച്ചിട്ടുള്ള കരാറിലോ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള ഈ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയുമെന്ന് രേഖപ്പെടുത്തിയിട്ടില്ല. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കെട്ടിട നിര്‍മ്മാണത്തിന് അനുമതിയും നല്‍കിയിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭൂമി കെട്ടിട നിര്‍മ്മാണത്തിനായി യൂണിടാക്കിന് തൃശൂര്‍ ജില്ലാ കളക്ടറും കൈമാറിയിട്ടില്ല. പ്രസ്തുത നിര്‍മ്മിതിയുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയുമില്ല. അവിടെ നിര്‍മ്മിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിനും ആരോഗ്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടില്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

റീബില്‍ഡ് കേരളയുടെ ആവശ്യത്തിനായി സര്‍ക്കാരിന്റെ നികുതിപണം ഉപയോഗിച്ച് വിദേശ രാജ്യത്ത് പോയി ധാരണകളുണ്ടാക്കി സമാഹരിച്ച ഈ പൊതുപണം യാതൊരു നിയമപരമായ അനുമതികളുമില്ലാതെ ഈ വകുപ്പിന്റെ തന്നെ തലവന്‍മാരായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും നേരിട്ടാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയിട്ടുള്ളതെന്നും എംഎൽഎ കുറ്റപ്പെടുത്തി. Also Read: വാടാനപ്പള്ളിയിലും പാവറട്ടിയിലും സമ്പര്‍ക്ക രോഗികള്‍ കൂടുന്നു; ആശങ്കയോടെ പ്രദേശങ്ങള്‍

ഈ തിരിമറികള്‍ ഹവാല പണമിടപാടിന്റെ പരിധിയില്‍ വരുന്നതാണെന്നും ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ സി മൊയ്തീന്‍, സിഇഒ യു വി ജോസ്, വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍, കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍ എന്നിവരുടെ പങ്കും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയും അന്വേഷണ വിധേയമാക്കണമെന്ന് അനില്‍ അക്കര എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അനധികൃത ഇടപാടുകളുടെ രേഖകളും തെളിവുകളും മൊഴിയും നല്‍കുന്നതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്