ആപ്പ്ജില്ല

കുന്നംകുളത്ത് ആര്‍എംപിയുടെ വിപ്ലവ പോരാട്ടത്തിന് കരുത്തു ചോരുന്നു; ആശങ്കയിൽ നേതൃത്വം

തൃശൂരിലെ കുന്നംകുളത്ത് ആര്‍എംപിയുടെ വിപ്ലവ പോരാട്ടത്തിന് കരുത്തു ചോരുന്നു.

Lipi 8 Dec 2020, 12:59 pm
തൃശൂര്‍: കുന്നംകുളത്ത് നിര്‍ണായക ശക്തിയായി വളര്‍ന്ന ആര്‍എംപിയുടെ വിപ്ലവ പോരാട്ടത്തിന് കരുത്തു ചോരുന്നതില്‍ നേതൃത്വത്തിന് ആശങ്ക. തളര്‍ന്നിട്ടില്ലെന്നും ഇനിയൊരങ്കത്തിന് ബാല്യമുണ്ടെന്നും മാറ്റുരച്ച് തെളിയിക്കാനുള്ള കളരിയായി തദ്ദേശ തെരഞ്ഞെടുപ്പ് മാറിയതോടെ ഉയിര്‍ത്തെഴുനേല്‍പ്പാണ് ആര്‍എംപി ലക്ഷ്യം വെക്കുന്നത്. സംസ്ഥാന ഘടകത്തില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയ്‌ക്കൊപ്പം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വം വ്യക്തികേന്ദ്രീകൃതമായെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇവയടക്കം പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്തിയ ഘടകങ്ങള്‍ പരിഹരിച്ചുവേണം ആര്‍എംപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി അതിജീവിക്കാന്‍.
Samayam Malayalam RMP
ചിത്രം കടപ്പാടം: റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി/Facebook


Also Read: ടൂര്‍ണമെന്റിന് പോകുംപോലെ വോട്ടുതേടി കുടുംബം; ഫുട്‌ബോളുമായി സ്ഥാനാര്‍ത്ഥി

സിപിഎമ്മിനകത്തെ ആശയസമരത്തില്‍ ഒന്നിച്ചു‌നിന്ന് പൊരുതി പുറത്ത് വന്നവര്‍ രൂപം നല്‍കിയ ഇടത് ഏകോപനസമിതിയാണ് ആര്‍എംപി. കേന്ദ്രീകൃത സംഘടനാ രൂപമായി മാറിയത്. യഥാര്‍ഥ ഇടതുപക്ഷം തങ്ങളാണെന്ന അവകാശവാദത്തോടെയും പ്രവര്‍ത്തന മികവിലൂടെയും തെളിയിച്ച ആദ്യഘട്ടത്തില്‍ ഇടതു സഹയാത്രികരുടെയടക്കം പിന്തുണ ആവോളം ആര്‍എംപിക്ക് ലഭിച്ചു. സിപിഎമ്മിലെ വിഭാഗിയതയിലും അവഗണിക്കപ്പെടലിലും മനംമടുത്ത പ്രവര്‍ത്തകരും ആര്‍എംപിയോട് അടുത്തു. നാടിൻ്റെ വികസന പ്രവര്‍ത്തനങ്ങളടക്കം ഏറ്റെടുത്തുള്ള ആദ്യകാല പ്രവര്‍ത്തന മേഖലക്ക് അംഗീകാരവും നേടിയെടുക്കാന്‍ സാധിച്ചു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് സിപിഎമ്മിനെതിരായ, സിപിഎമ്മിനെ തിരുത്താന്‍ മാത്രമായ, രാഷ്ട്രീയ സംവിധാനമെന്ന നിലയിലേക്ക് ആര്‍എംപിയുടെ സംഘടനാ സംവിധാനം പരിമിതപ്പെട്ടതോടെ പ്രവര്‍ത്തകരുടെ ആവേശം തണുത്തു. അടുത്തൂകൂടിയ ഇടതു സഹയാത്രികരില്‍ പലരും ഉള്‍വലിഞ്ഞു.

Also Read: വോട്ടിന് രണ്ട് നാള്‍; തൃശൂരില്‍ സ്ഥാനാര്‍ത്ഥികളുടെ പരക്കംപാച്ചില്‍, വോട്ടുപിടിക്കാന്‍ സ്‌ക്വാഡുകള്‍

പ്രവര്‍ത്തകരും നേതാക്കളും ഇപ്പോഴും കുന്നുംകുത്ത് സജീവമാണ്. നേതാക്കള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ പഴയ സ്വാധീനം നിലനില്‍ക്കുന്നുമുണ്ട്. എങ്കിലും സംഘടനാ സംവിധാനം ദുര്‍ബലമായതിൻ്റെ ക്ഷീണം പരിഹരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് നേതൃത്വം തിരിച്ചറിയുന്നുമുണ്ട്. നേതാക്കള്‍ക്കുള്ള സ്വാധീനം വോട്ടാക്കി മാറ്റി പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ആര്‍എംപി നേതാക്കള്‍ സ്ഥിരമായി മത്സരിക്കാറുള്ള വാര്‍ഡുകള്‍ ഇത്തവണ വനിതാ സംവരണമായി മാറിയത് തിരിച്ചടിയായി. ഇതോടെ മറ്റ് വാര്‍ഡുകളിലേക്ക് ഇവര്‍ക്ക് മത്സരം മാറ്റേണ്ടിവന്നു.


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ


തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്