ആപ്പ്ജില്ല

തിരുവില്വാ'മല' ഇത്തവണ ആര് കയറും? തെരഞ്ഞെടുപ്പ് കളത്തില്‍ ആവേശം... മൂന്നു മുന്നണികളും തുടക്കത്തില്‍ ഒപ്പത്തിനൊപ്പം!

തിരുവില്വാമല പഞ്ചായത്തിൽ ഇത്തവണ ത്രികോണ മത്സരം.

Samayam Malayalam 21 Nov 2020, 12:20 pm
തൃശൂര്‍: തിരുവില്വാമലയില്‍ തെരഞ്ഞെടുപ്പ് പടപ്പുറപ്പാടില്‍ മൂന്നു മുന്നണികളും തുടക്കത്തില്‍ തന്നെ ഒപ്പത്തിനൊപ്പം. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും ഭരണം തിരിച്ചു പിടിക്കാന്‍ യുഡിഎഫും പൊരുതുമ്പോള്‍ ഭരണം കൈയ്ക്കലാക്കാന്‍ തന്ത്രങ്ങളൊരുക്കി ബിജെപിയും സജീവമായതോടെ തെരഞ്ഞെടുപ്പ് കളത്തില്‍ ആവേശം. കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലൂന്നിയതും കാര്‍ഷിക- പാര്‍പ്പിട വികസനത്തിലൂന്നിയ മുന്നേറ്റങ്ങളും നേട്ടമാകുമെന്ന് ഭരണപക്ഷത്തായിരുന്ന എല്‍ഡിഎഫ് വിലയിരുത്തുന്നു. പശ്ചാത്തല- വികസന മേഖലകളിലെല്ലാം ഭരണസമിതി പരാജയമായിരുന്നെന്നും ഇത് തങ്ങള്‍ക്ക് അനുകൂല വികാരത്തിന് കാരണമാകുമെന്നും യുഡിഎഫ് നേതൃത്വം പറയുന്നു. ഇരു മുന്നണികളുടേയും വികസന പരാജയം അക്കമിട്ട് നിരത്തി പ്രചാരണ രംഗത്ത് സജീവമാകുന്നതോടെ മാറ്റം ആഗ്രഹിക്കുന്ന ജനത്തിന്റെ വോട്ട് പെട്ടിയില്‍ വീഴുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.
Samayam Malayalam tight fight between ldf udf and bjp in thiruvilwamala panchayat election 2020
തിരുവില്വാ'മല' ഇത്തവണ ആര് കയറും? തെരഞ്ഞെടുപ്പ് കളത്തില്‍ ആവേശം... മൂന്നു മുന്നണികളും തുടക്കത്തില്‍ ഒപ്പത്തിനൊപ്പം!



​നിലവിലെ കക്ഷിനില

17 അംഗ പഞ്ചായത്ത് സമിതിയില്‍ സിപിഎം-10, സിപിഐ-2, കോണ്‍ഗ്രസ് - 2, ബിജെപി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. എല്‍ഡിഎഫില്‍ സിപിഎം. 13 സീറ്റിലും സിപിഐ 4 സീറ്റിലും മത്സരിക്കും. യുഡിഎഫില്‍ 16 സീറ്റ് കോണ്‍ഗ്രസിനും ഒരു വാര്‍ഡ് മുസ്ലീം ലീഗിനും എന്ന നിലയിലാണ് വിഭജനം. പഞ്ചായത്തില്‍ 17 വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

​വികസനമില്ലെന്ന് യുഡിഎഫ്

അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം തിരുവില്വാമലയില്‍ വികസനം പുറംകാഴ്ച മാത്രമായെന്ന് കോണ്‍ഗ്രസ്. മിനി സിവില്‍ സ്റ്റേഷന്‍ പദ്ധതി അനന്തമായി നീണ്ടു. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന ഇറിഗേഷന്‍ പദ്ധതികള്‍ ഒന്നുപോലും നടപ്പിലാക്കാന്‍ ശ്രമിച്ചില്ല. ലൈഫ് പദ്ധതിയില്‍ അര്‍ഹതയുള്ള പലരെയും അവഗണിച്ച് ഗ്രാമസഭകളെ അട്ടിമറിച്ച് പാര്‍ട്ടി ഓഫീസില്‍ നിന്ന് ലഭിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് മാത്രം നടപ്പാക്കി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പല കെട്ടിടങ്ങളും കാടുകയറി നശിക്കുന്നു. മാലിന്യ പ്ലാന്റ് നടപ്പായില്ല.

​വികസന നേട്ടം: എല്‍ഡിഎഫ്

പഞ്ചായത്തിന്റെ സമഗ്രവികസനമാണ് ഇക്കാലത്ത് സാധ്യമായതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. ഇടവഴികള്‍ കോണ്‍ക്രീറ്റ് പാതകളായി ഗതാഗത സൗകരം വിപുലീകരിച്ചു. മിനി സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡ് നവീകരണം സാധ്യമാക്കി.

വികസന സാക്ഷ്യം: ബിജെപി

തങ്ങളുടെ വാര്‍ഡുകളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ഇരുമുന്നണികളും പഠിക്കട്ടെയെന്നാണ് ബിജെപിയുടെ പരിഹാസം. കഴിഞ്ഞ തവണ ഇരുമുന്നണികളില്‍ നിന്നായി പിടിച്ചെടുത്ത വാര്‍ഡുകളാണ് ബിജെപി ഇതിനായി ചൂണ്ടിക്കാട്ടുന്നത്. ഈ മാറ്റം പഞ്ചായത്ത് ഒന്നാകെ വ്യാപിപ്പിക്കുന്നതിനും സമഗ്ര വികസനത്തിനും അധികാരത്തിലേറാന്‍ ഒരു വോട്ട് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്