ആപ്പ്ജില്ല

കൊടി സുനി നിരാഹാര സമരത്തില്‍; വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്ന് ആവശ്യം

കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ടി പി വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. വിയ്യൂര്‍ ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് സുനി പരാതി നൽകിയിരുന്നു.

Samayam Malayalam 28 Sept 2021, 9:21 pm
തൃശൂർ: ടി പി വധക്കേസിലെ പ്രതി കൊടി സുനി വിയ്യൂര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. തന്നെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കൊടി സുനി നിരാഹാര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നേരത്തേ വിയ്യൂര്‍ ജയിലില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് സുനി പരാതി നല്‍കിയിരുന്നു. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. എന്നാല്‍ വധഭീഷണിയുണ്ടെന്ന പരാതി വ്യാജമാണെന്നും കണ്ണൂര്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. തന്നെ ചിലര്‍ വധിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നല്‍കിയിരുന്നത്. സുനിയുടെ പരാതിയെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Samayam Malayalam tp chandrasekharan case convict kodi suni demands shift him to kannur jail from viyyur
കൊടി സുനി നിരാഹാര സമരത്തില്‍; വിയ്യൂരിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റണമെന്ന് ആവശ്യം



​കനത്ത സുരക്ഷയിൽ സുനി

വിയ്യൂര്‍ ജിയിലിലെ ഫോണ്‍വിളിയെ തുടര്‍ന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്‍ 24 മണിക്കൂറും പൂട്ടിയിടും. കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാന്‍ പോലും കഴിയാത്ത രീതിയിലാണ് സുരക്ഷ.

​ശ്രമം പരോൾ ലഭിക്കാത്തതിനാൽ?

വിയ്യൂരില്‍ സുനിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടുകയും കൊവിഡ് സമയത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോള്‍ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് കണ്ണൂര്‍ ജയിലിലേക്ക് മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. എന്നാല്‍ കൊടിസുനി നിരാഹാരമിരിക്കുകയാണെന്ന വാര്‍ത്ത ജയില്‍ അധികൃതര്‍ നിഷേധിച്ചു.

​സൂപ്രണ്ടിനെതിരേ അച്ചടക്ക നടപടി

കൊലക്കേസ് കുറ്റവാളികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സഹായം നല്‍കിയെന്ന കുറ്റത്തിനു വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനെതിരേ അച്ചടക്ക നടപടി ഉടനുണ്ടാകും. സസ്‌പെൻഡു ചെയ്യാനാണ് ഉന്നതതലത്തിലുണ്ടായ ധാരണ. ഉത്തരവ് ഉടനെയിറങ്ങും. എന്തു നടപടിയെടുക്കണമെന്ന ചോദ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര സെക്രട്ടറിയോടു വിശദീകരണം തേടിയിരുന്നു. സസ്‌പെന്‍ഷന്‍ വേണമെന്ന നിര്‍ദേശവുമായി ജയില്‍ മേധാവി കത്തു നല്‍കി.

​സൂപ്രണ്ടിനെതിരെ ഗുരുതര കണ്ടെത്തൽ

ജയില്‍ വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെതിരേ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ടി പി കേസിലെ കുറ്റവാളി കൊടി സുനി, തൃശൂര്‍ ഫ്ലാറ്റ് കൊലക്കേസ് കുറ്റവാളി റഷീദ് എന്നിവരടക്കമുള്ള തടവുകാര്‍ക്കാണ് വഴിവിട്ട സഹായം ചെയ്തു കൊടുത്തത്. റഷീദിനു ദീര്‍ഘകാലം സൂപ്രണ്ടിന്റെ ഓഫീസിലാണ് ഓര്‍ഡര്‍ലി പണി നല്‍കിയത്.

​ജയിലിലെ ഫോണിൽ നിന്ന് കോൾ

സൂപ്രണ്ടിൻ്റെ ഓഫീസിലിരുന്ന ഫോണില്‍ നിന്ന് നിര്‍ബാധം വിളിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ടുമായി അടുത്ത ബന്ധമുണ്ടായിരുന്നു റഷീദിനെന്നും ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. ജയില്‍ മേധാവി ഷേഖ് ദര്‍ബേഷ് സാഹിബ് ഈ വസ്തുതകള്‍ കണക്കിലെടുത്ത് സുരേഷിനെ സസ്‌പെൻഡു ചെയ്ത് വിശദാന്വേഷണത്തിനു ആഭ്യന്തര സെക്രട്ടറിക്കു ശുപാര്‍ശ നല്‍കി. ഈ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്