ആപ്പ്ജില്ല

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് മാനദണ്ഡലംഘനം; ഉന്നതര്‍ക്ക് ദര്‍ശനമൊരുക്കിയതില്‍ പ്രതിഷേധം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നാലമ്പലത്തിലേക്കുള്ള തീര്‍ഥാടക ദര്‍ശനം നിര്‍ത്തിവച്ച വേളയില്‍ ഉന്നതര്‍ക്കായി ദര്‍ശനം അനുവദിച്ച നടപടിയില്‍ പ്രതിഷേധമുയരുന്നു.

| Edited by Samayam Desk | Lipi 28 Nov 2020, 3:50 am
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നാലമ്പലത്തിലേക്കുള്ള തീര്‍ഥാടക ദര്‍ശനം നിര്‍ത്തിവച്ച വേളയില്‍ ഉന്നതര്‍ക്കായി ദര്‍ശനം അനുവദിച്ച നടപടിയില്‍ പ്രതിഷേധമുയരുന്നു. കേരള ക്ഷേത്ര സംരക്ഷണ സമിതിയാണ് ഭക്തര്‍ ജാഗരൂകരായിരിക്കണമെന്നു കാണിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഭക്തര്‍ക്കുള്ള ദര്‍ശന നിയന്ത്രണ നിയമങ്ങളെ കാറ്റില്‍ പറത്തി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ദേവസ്വം മന്ത്രിയുടെ പത്‌നിയും മരുമകളും മറ്റു മെമ്പര്‍മാരടക്കമുള്ളവരുമാണ് കഴിഞ്ഞ ദിവസം നാലമ്പലത്തിലേക്ക് പ്രവേശിച്ചതായി പറയുന്നത്.
Samayam Malayalam Guruvayoor Temple


Also Read: ഒരേ വാര്‍ഡില്‍ എല്‍ഡിഎഫിന് 2 സ്ഥാനാര്‍ത്ഥികള്‍; ആരാണ് ശരിക്കും സ്ഥാനാര്‍ത്ഥി? പോണേക്കരയിൽ ഇടത് വോട്ടർമാർ വെട്ടിൽ!

ഇവര്‍ ഏറെ നേരം ക്ഷേത്രത്തില്‍ ചെലവിട്ടതായും ആരോപണമുയര്‍ന്നിരുന്നു. പുറത്തുനിന്ന് ചുറ്റമ്പലത്തില്‍ പ്രവേശിക്കുന്ന ഭക്തര്‍ക്ക് നാലമ്പലത്തിനകത്തേക്ക് ഇപ്പോള്‍ പ്രവേശനം അനുവദനീയമല്ല. ഇതിനു പുറമെ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കും ശാന്തിക്കാര്‍ക്കും കഴകക്കാര്‍ക്കും പ്രവേശന വിലക്കുണ്ട്. ഈ വേളയിലാണ് മന്ത്രിപത്‌നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്‍കി നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. ഭരണകക്ഷിയുടേയും ഭരണ സമിതിയുടേയും തന്നിഷ്ടപ്രകാരം ആവശ്യത്തിനനുസരിച്ച് മാറ്റിമറിക്കാവുന്നതല്ല ക്ഷേത്രാചാരമെന്നും സമിതി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Also Read: പാലക്കാട് നഗരസഭയിലെ ബിജെപി ഇതാണ്... തോല്‍ക്കാന്‍ മനസില്ലാതെ ശിവരാജനും, ആരാണ് ശിവരാജന്‍?

ദര്‍ശനസമയം ക്രമീകരിച്ചു


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാദേശികക്കാരുടെ ദര്‍ശനസമയം കൂടുതലാക്കി ക്രമീകരിച്ചു. പുലര്‍ച്ചെ 4.30 മുതല്‍ 8.30 വരെ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ദര്‍ശനത്തിന് പ്രവേശിക്കാം. വ്യാഴാഴ്ച ദേവസ്വം പുറത്തിറക്കിയ അറിയിപ്പില്‍ പുലര്‍ച്ചെ 5.30 മുതല്‍ 6.30 വരെയാണ് ദര്‍ശനസമയം അനുവദിച്ചത്. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ദര്‍ശന സമയം കൂടുതലാക്കി ക്രമീകരിച്ചത്. നഗരസഭ അതിര്‍ത്തിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസുവരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, പാരമ്പര്യ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 8.30 വരെ ദര്‍ശന സമയം അനുവദിച്ചിട്ടുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ വെര്‍ച്വല്‍ ക്യൂ വഴി 4000 പേരെയും നെയ് വിളക്ക് ശീട്ടാക്കുന്നവരേയും നാലമ്പലത്തിനുള്ളിലേക്ക് ദര്‍ശനത്തിന് പ്രവേശനം അനുവദിക്കും.


തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
തൃശ്ശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്