ആപ്പ്ജില്ല

ലോക്ക്ഡൗണ്‍: അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആശ്വാസിക്കാം; അത്യാസന്ന രോഗികള്‍ക്കായി ബാവലി ചെക്കുപോസ്റ്റ് തുറക്കും

ബൈരക്കുപ്പ, വെള്ള നിവാസികള്‍ക്ക് കര്‍ണാടകയില്‍ ചികിത്സ കിട്ടണമെങ്കില്‍ 48 കിലോമീറ്റര്‍ അകലെയുള്ള എച്ച് ഡി കോട്ടയിലോ, 90 കിലോമീറ്റര്‍ അകലെയുള്ള മൈസൂരിലോ പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.

Samayam Malayalam 4 Apr 2020, 8:52 pm
മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്നും ബാവലി ചെക്കുപോസ്റ്റ് വഴി കര്‍ശന നിയന്ത്രണത്തോടെ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളുമായെത്തുന്ന രോഗികളെ കടത്തിവിടാന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിന്റെ ചെക്കുപോസ്റ്റ് അടച്ചിട്ടതിനാല്‍ അതിര്‍ത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂര്‍, വെള്ള, കുട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും രോഗികള്‍ക്ക് ജില്ലയിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു നിലനിന്നിരുന്നത്.
Samayam Malayalam Bavali check post
File Photo


Also Read: കാസര്‍കോട് വിലക്ക് ലംഘിച്ച് നിസ്‌കാര ചടങ്ങ്, പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

ചെക്കുപോസ്റ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബൈരക്കുപ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സി തിരുപ്പതി വയനാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളെ കടത്തിവിടാത്തതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തിരുന്നു. ബൈരക്കുപ്പ അടക്കമുള്ള അതിര്‍ത്തി ഗ്രാമങ്ങളിലെ മലയാളികള്‍ അടക്കമുള്ള ജനങ്ങള്‍ ചികിത്സക്കായി മാനന്തവാടിയിലെ ജില്ലാആശുപത്രിയെയും മറ്റ് സ്വകാര്യ ആശുപത്രികളെയുമായിരുന്നു ആശ്രയിച്ചിരുന്നത്.

Also Read: മലപ്പുറത്ത് ജനം വീട്ടിലിരിക്കുമ്പോള്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം, അറവുമാലിന്യം തള്ളി, ജനം ദുരിതത്തില്‍

ബൈരക്കുപ്പ, വെള്ള നിവാസികള്‍ക്ക് കര്‍ണാടകയില്‍ ചികിത്സ കിട്ടണമെങ്കില്‍ 48 കിലോമീറ്റര്‍ അകലെയുള്ള എച്ച് ഡി കോട്ടയിലോ, 90 കിലോമീറ്റര്‍ അകലെയുള്ള മൈസൂരിലോ പോകേണ്ട സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ബൈരക്കുപ്പയില്‍ നിന്ന് മാനന്തവാടിയിലെ ആശുപത്രിയിലേക്ക് എത്തണമെങ്കില്‍ 17 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ മതി. നിയന്ത്രണം വന്നതോടെ നൂറ് കണക്കിന് രോഗികളാണ് ദുരിതത്തിലായിരുന്നത്. ഈ പുതിയ തീരുമാനം ഹൃദ്രോഹം, ക്യാന്‍സര്‍, കിഡ്‌നി രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമാകും.

അതേസമയം, കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ നിയന്ത്രണം തുടരും. തമിഴ്‌നാട്-കേരള അതിര്‍ത്തിഗ്രാമങ്ങളായ ചേരമ്പാടി, പാട്ടവയല്‍, പന്തല്ലൂര്‍, താളൂര്‍, ചോലാടി, നെല്ലാക്കോട്ട, ബിദര്‍ക്കാട്, ദേവര്‍ഷോല എന്നിവിടങ്ങളിലെ ജനങ്ങള്‍ പ്രധാനമായും ചികിത്സക്കെത്താറുള്ളത് സുല്‍ത്താന്‍ബത്തേരിയിലായിരുന്നു. വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി നിലവില്‍ 90 കിലോമീറ്റര്‍ അകലെയുള്ള ഊട്ടിയിലെത്തേണ്ട സ്ഥിതിയാണുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്