ആപ്പ്ജില്ല

പുത്തനുടുപ്പും വര്‍ണ്ണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകള്‍; ഉത്സവാന്തരീക്ഷത്തില്‍ വയനാട്ടിലെ പ്രവേശനോത്സവം, വീഡിയോ കാണാം

വയനാട് ജില്ലയിലെ സ്‌കൂള്‍ പ്രവേശനോത്സവം ഉത്സവപ്രതീതിയില്‍ നടന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുടങ്ങിയ പ്രവേശനോത്സവമാണ് ഇക്കുറി ആഘോഷപൂര്‍വമായത്.

guest Gireesh-Kumar-A-S | Lipi 1 Jun 2022, 11:35 pm

ഹൈലൈറ്റ്:

  • സ്‌കൂള്‍ പ്രവേശനോത്സവം ഇക്കുറി ഉത്സവപ്രതീതിയില്‍.
  • കുരുന്നുകള്‍ക്ക് വര്‍ണശബളമായ വരവേല്‍പ്പൊരുക്കി സ്കൂളുകൾ.
  • മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവങ്ങളെ മനോഹരമാക്കി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കല്‍പ്പറ്റ ( Wayanad): കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുടങ്ങിയ സ്‌കൂള്‍ പ്രവേശനോത്സവം ഇത്തവണ നടന്നത് ഉത്സവപ്രതീതിയില്‍. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വളരെ ആഘോഷപൂര്‍വമാണ് ബുധനാഴ്ച പ്രവേശനോത്സവം നടന്നത്. രാവിലെ തന്നെ പുത്തനുടുപ്പും വര്‍ണ്ണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകള്‍ വിദ്യാലയ മുറ്റത്തെത്തി. ആകാംക്ഷയോടെ സ്‌കൂളിലെത്തിയ കുരുന്നുകള്‍ക്ക് വര്‍ണശബളമായ വരവേല്‍പ്പാണ് അധ്യാപകരും രക്ഷിതാക്കളും പിടിഎയും ചേര്‍ന്ന് നല്‍കിയത്.
കാലവര്‍ഷത്തിനിടയിലും പൊതുവെ മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം ഓരോ സ്‌കൂളിലെയും പ്രവേശനോത്സവങ്ങളെ ചേതോഹരമാക്കി. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകള്‍ക്ക് വര്‍ണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. ഉത്സവഭരിതമായ പ്രവേശനോത്സവം അനുഭവിക്കാത്ത കഴിഞ്ഞ രണ്ടു വര്‍ഷത്തെ തുടക്കക്കാരും ഇത്തവണ നന്നായി ആസ്വദിച്ചു. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി ജില്ലയിലെ വിദ്യാലയങ്ങള്‍ കുട്ടികളെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.

മുത്തങ്ങയില്‍ 7 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍

പ്രവേശനോത്സവത്തിന്റെ ഭാഗമായി ഓരോ സ്‌കൂളുകളിലും പ്രത്യേക ചടങ്ങുകളും സംഘടിപ്പിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ബാന്‍ഡ് മേളം, വിദ്യാര്‍ഥികളുടെ ഡിസ്‌പ്ലേ, ഗോത്രനൃത്തം, ഫ്ലാഷ് മോബ്, സാംസ്‌കാരിക കലാരൂപങ്ങള്‍ തുടങ്ങിയവ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ജില്ലാതല പ്രവേശനോത്സവം കാക്കവയല്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടതെന്നും പഠിച്ചാണ് കളിക്കേണ്ടതെന്നും സര്‍വ്വ മേഖലയിലും വിജയം കൈവരിക്കുന്നതിന് ഇതാവശ്യമാണെന്നും വനം-വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ജോലിക്കു വേണ്ടി മാത്രം പഠിക്കുന്ന രീതി മാറണമെന്നും അറിവു നേടുകയെന്ന പഠനത്തിന്റെ യഥാര്‍ഥ ലക്ഷ്യം ജീവിതത്തിന്റെ സമഗ്ര വളര്‍ച്ചക്കും നാടിന്റെ ഉയര്‍ച്ചക്കും സഹായകരമാകണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ അക്കാദമിക വിഷയങ്ങളും നാളെയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതാകണം. കുട്ടികളെ സ്വതന്ത്രരായി വിട്ട് പഠിക്കാന്‍ അനുവദിക്കണം. കൂട്ടിലിട്ട തത്തയെ പോലെ വളര്‍ത്തിയാല്‍ കുട്ടികള്‍ നന്നാവുമെന്നത് തെറ്റായ ധാരണയാണ്. എന്നുവെച്ചാല്‍ തോന്നിയ പോലെ വളര്‍ത്തണം എന്നല്ല. അവര്‍ കലഹിച്ചും ഇണങ്ങിയും പിണങ്ങിയും പഠിക്കട്ടെ. സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുള്ള നിസാര പിണക്കങ്ങള്‍ രക്ഷിതാക്കള്‍ തമ്മില്‍ ഇടപെട്ട് വഷളാക്കുന്ന സാഹചര്യം ഉണ്ടാകരുത്. സ്നേഹപൂര്‍ണമായ ഉപദേശമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്- മന്ത്രി പറഞ്ഞു.

മുന്നിൽ മഴക്കാലം... ആശങ്കയില്‍ വയനാട്ടിലെ സമരഭൂമിയിലെ ആദിവാസി ജീവിതങ്ങള്‍, വീഡിയോ കാണാം

അഡ്വ. ടി സിദ്ദിഖ് എംഎല്‍എ അധ്യക്ഷനായി. രാഹുല്‍ ഗാന്ധി എം പി സന്ദേശം അയച്ചു നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കളെയും ജില്ലാ കളക്ടര്‍ എ ഗീത അവാര്‍ഡ് ജേത്രി നര്‍ഗീസ് ബീഗത്തെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ സ്‌കൂള്‍ ഡയറി പ്രകാശനവും മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ മങ്ങാടന്‍ പഠനകിറ്റ് വിതരണവും വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മേരി സിറിയക് ത്രിഭാഷ ഫലക അനാച്ഛാദനവും നിര്‍വഹിച്ചു. ബ്ലോക്ക്/ഉപജില്ലാതല പ്രവേശനോത്സവം മീനങ്ങാടി എല്‍പി സ്‌കൂളില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ എല്ലാ ഒന്നാം ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ്റൂമുകളാക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു മേശ, കസേര എന്നിവ നല്‍കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും ചടങ്ങില്‍ നടത്തി. മാനന്തവാടി ഉപജില്ലാതല പ്രവേശനോത്സവം തലപ്പുഴ ഗവ. യു പി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയത്തിലേക്ക് വരവേറ്റത്. പൊതുസമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഉപജില്ലാതല പ്രവേശനോത്സവം ചെന്നലോട് ഗവ. യുപി സ്‌കൂളില്‍ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ജി ഷിബു ഉദ്ഘാടനം ചെയ്തു.


വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ

വയനാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ


Topic: Wayanad, Wayanad School, School Reopening in Kerala

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്