ആപ്പ്ജില്ല

ബെന്‍സ് കോഫിയും പിന്നെ കുറേ രുചികളും....ഇത് സജി പോളിന്റെ ജൈവമാതൃക

ബത്തേരി സെന്റ്‌മേരീസ് കോളജില്‍ നിന്നും ബിരുദവും മാനന്തവാടി മലബാര്‍ കോളജില്‍ നിന്നും ബിരുദാനന്തരബിരുദവും കഴിഞ്ഞ് ജോലിയന്വേഷിച്ച് നടക്കുന്ന സമയത്താണ് സജി സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്നും ലോണെടുത്ത് മില്ല് തുടങ്ങുന്നത്.

Samayam Malayalam 6 Oct 2020, 12:19 pm
Samayam Malayalam story of wayanadan coffee by saji paul
ബെന്‍സ് കോഫിയും പിന്നെ കുറേ രുചികളും....ഇത് സജി പോളിന്റെ ജൈവമാതൃക

പുല്‍പ്പള്ളി: വയനാടന്‍ കോഫിയില്‍ പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിച്ച് വിജയം കാണുകയാണ് പുല്‍പ്പള്ളിയിലെ സംരംഭകനായ വേലിയമ്പം മേക്കാട്ടില്‍ സജി പോള്‍. കുടിയേറ്റമേഖലയില്‍ തരംഗമായി മാറിയ 'ബെന്‍സ് കോഫി'ക്ക് പിന്നാലെയാണ് സജി പുതിയ രുചിക്കൂട്ടുകളുമായെത്തുന്നത്. കാപ്പിപൊടി വാങ്ങാനെത്തുന്നവരുടെ ആവശ്യാര്‍ത്ഥം കൂട്ടുകള്‍ ചേര്‍ത്ത് പൊടിച്ചുകൊടുക്കുന്നതാണ് സജിയുടെ രീതി. ഏലക്കയും, ജീരകവുമെല്ലാം ചേര്‍ത്തുള്ള കാപ്പിപ്പൊടികള്‍ക്കൊപ്പം തന്നെ മസാലക്കൂട്ടുകളും, വിവിധ ഔഷധങ്ങളും ചേര്‍ത്തുള്ള വിവിധങ്ങളായ രുചിയിലുള്ള കാപ്പിപ്പൊടികളാണ് സജിയുടെ ശേഖരത്തിലുള്ളത്.


ബെന്‍സ് കോഫിയും പിന്നെ കുറേ രുചികളും....ഇത് സജി പോളിന്റെ ജൈവമാതൃക

താരമായി ബെന്‍സ് കോഫി

നേരത്തെ വിവിധ കൂട്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ 'ബെന്‍സ് കോഫി' എന്ന് പേരിട്ട വയനാടന്‍ കാപ്പിപ്പൊടിക്കായി നിരവധി പേരാണ് സജിയെ തേടിയെത്തിയത്. വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും മറ്റും കൊണ്ടുപോകുന്നതിനായി കാപ്പിപ്പൊടി തേടി ജില്ലക്ക് പുറത്ത് നിന്നും ആളുകളെത്തി. മായം കലരാത്ത ശുദ്ധമായ കാപ്പിപ്പൊടിയാണെന്നതാണ് സജിയുടെ വയനാടന്‍ കോഫിയുടെ ഏറ്റവും വലിയ പ്രത്യേകത. അതിന്റെ പ്രധാനകാരണം കാപ്പികര്‍ഷകരില്‍ നിന്നും നേരിട്ടുവാങ്ങുന്നുവെന്നതാണ്. പലപ്പോഴും കര്‍ഷകര്‍ക്ക് വിപണിയിലേക്കാള്‍ വില നല്‍കിയാണ് സജി വാങ്ങാറുള്ളത്. ഉണ്ടക്കാപ്പി കുത്തി പരിപ്പാക്കി വറുത്ത് പൊടിക്കുന്നതുമെല്ലാം സജിയുടെ മേല്‍നോട്ടത്തില്‍ തന്നെയാണ്.


Also Read: മിത്തുകളും ഗോത്രാചാരങ്ങളും കൂടികലർന്ന ആലുവാങ്കുടി ക്ഷേത്രം! കാനന യാത്ര രസകരം...സഞ്ചാരികൾക്ക് സമ്മാനിക്കുക മറക്കാനാവാത്ത അനുഭവം

ആ കഥ ഇങ്ങനെ

ബത്തേരി സെന്റ്‌മേരീസ് കോളജില്‍ നിന്നും ബിരുദവും മാനന്തവാടി മലബാര്‍ കോളജില്‍ നിന്നും ബിരുദാനന്തരബിരുദവും കഴിഞ്ഞ് ജോലിയന്വേഷിച്ച് നടക്കുന്ന സമയത്താണ് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ബാങ്കില്‍ നിന്നും ലോണെടുത്ത് മില്ല് തുടങ്ങുന്നത്. ആദ്യമെല്ലാം ആളുകള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ പൊടിച്ചുകൊടുക്കുക മാത്രമാണ് ചെയ്തിരുന്നത്. പിന്നീടാണ് കര്‍ഷകരുടെ പക്കല്‍ നിന്നും ഉണ്ടക്കാപ്പി ശേഖരിച്ച് അത് സംസ്‌ക്കരിച്ച് പൊടിച്ചുകൊടുക്കുവാന്‍ തീരുമാനിച്ചത്. കാപ്പി സമൃദ്ധമായ വയനാട്ടില്‍ ആദ്യമെല്ലാം കാപ്പിപ്പൊടിക്ക് ആവശ്യക്കാര്‍ വളരെ കുറവായിരുന്നു. പിന്നീടാണ് ജൈവകോഫി എന്ന മറ്റൊരാശയം സജിയുടെ മനസില്‍ ഉടലെടുക്കുന്നത്. രാസവളപ്രയോഗങ്ങളും കീടനാശിനികളും ഉപയോഗിക്കാത്ത തോട്ടങ്ങള്‍ കണ്ടെത്തി അവരില്‍ നിന്നും കാപ്പി വാങ്ങാന്‍ തുടങ്ങി. പിന്നീട് വിവിധങ്ങളായ രുചിക്കൂട്ടുകള്‍ കണ്ടെത്തി. ഇതോടെ സജിയുടെ കാപ്പിപ്പൊടി തേടി ആളുകളുമെത്തി തുടങ്ങി.

പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ട്‌

ആവശ്യക്കാരേറിയതോടെ വേലിയമ്പത്ത് ആദ്യം സ്ഥാപിച്ച മില്ലിനെ കൂടാതെ സുഹൃത്ത് ബെന്നി മാത്യുവുയുമായി ചേര്‍ന്ന് പുല്‍പ്പള്ളി ടൗണില്‍ ഇക്കോ ഫ്രണ്ട്‌ലിയായ ഹൈടെക് മില്ലും ആരംഭിച്ചു. ഒട്ടും ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആളുകള്‍ക്ക് അവരവരുടെ സമയം അനുസനുസരിച്ച് പൊടിച്ചുനല്‍കാനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു ഈ മില്ല് ഉദ്ഘാടനം ചെയ്തത്. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ കാപ്പിപ്പൊടിയുടെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്പമുള്ള ജീവനക്കാരെ പിരിച്ചുവിടാനോ, അവരുടെ ശമ്പളം വെട്ടിക്കുറക്കാനോ സജി തയ്യാറല്ല. കൊവിഡ് നിയന്ത്രണങ്ങള്‍ മാറി വീണ്ടും മറ്റ് മേഖലക്കൊപ്പം തന്റെ ചെറിയ സംരംഭവും പച്ച പിടിക്കുമെന്ന പ്രതീക്ഷയാണ് സജിക്കുള്ളത്. രണ്ട് പതിറ്റാണ്ടുകാലത്തോളം വയനാടന്‍ കോഫിയുമായി മുന്നോട്ടുപോകുമ്പോഴും, സ്വന്തമായി രുചിക്കൂട്ടുകള്‍ കണ്ടെത്തുമ്പോഴും സജിയുടെ മനസിലുള്ള ആഗ്രഹം വയനാടന്‍ കോഫി ബ്രാന്റ് ചെയ്ത് രുചികള്‍ക്ക് പേരിട്ട് പാക്കറ്റുകളിലായി എല്ലായിടത്തും വില്‍ക്കണമെന്നതാണ്. പ്രതിസന്ധികളെല്ലാം മറികടന്ന് അതിലേക്കെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സജി മറയേതുമില്ലാതെ പറയുന്നു. സിന്ധുവാണ് സജി പോളിന്റെ ഭാര്യ. ബേസില്‍, അലോണ എന്നിവരാണ് മക്കള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്