ആപ്പ്ജില്ല

പ്രിയ വാര്യർ നായികയാകുന്ന 'ശ്രീദേവി ബംഗ്ലാവ്' ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

മലയാളത്തിൽ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ പ്രിയ നായികയാകുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്, അർബാസ് ഖാനാണ് ചിത്രത്തിൽ നായകൻ

Samayam Malayalam 24 Sept 2020, 1:05 pm
കണ്ണിറുക്കി വൈറലായ താരം പ്രിയ പ്രകാശ് വാര്യര്‍ നായികയായെത്തുന്ന ആദ്യ ബോളിവുഡ് ചിത്രം 'ശ്രീദേവി ബംഗ്ലാവ്' ട്രെയിലര്‍ നടൻ മോഹൻലാൽ ഫേസ്ബുക്കിലൂടെ പുറത്തിറക്കി. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റേതായി ഇറങ്ങുന്ന മൂന്നാം ട്രെയിലർ ആണിത്.
Samayam Malayalam sreedevi


Also Read: ടൊവിനോ നായകനായെത്തുന്ന പുതിയ ചിത്രം 'വരവ്'

പൂര്‍ണ്ണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിലെ കൂടുതൽ ദൃശ്യങ്ങൾ കോര്‍ത്തിണക്കിയുള്ളതാണ് ട്രെയിലര്‍. ചിത്രത്തിൽ പ്രിയയുടെ ശ്രദ്ധേയമായ രംഗങ്ങളും അതിനു പുറമെ പ്രധാന വേഷത്തിലെത്തുന്ന അർബാസ് ഖാന്‍റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാൻസിന്‍റെ ചില ഭാഗങ്ങളും ഒക്കെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് ട്രെയിലര്‍.

ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവീ മഹതിയാം ഖദീജബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി... എന്ന പാട്ടിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് പ്രവേശന ചിത്രമാണിത്. വിഷ്ണുപ്രിയ എന്ന കന്നഡ സിനിമയും ഒരു നാൽപ്പതുകാരന്‍റെ ഇരുപത്തിയൊന്നുകാരി എന്ന മലയാളം സിനിമയും അടുത്തതായി പ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.

Also Read: കേരളത്തിന്‍റെ വിപ്ലവചരിത്രം; 'വസന്തത്തിന്‍റെ കനല്‍വഴികളിൽ' ഓൺലൈൻ റിലീസിന്

ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായിട്ടാണ് പ്രിയ അഭിനയിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഉദ്യോഗ ജനകമായ രംഗങ്ങളും ഈ ട്രെയിലറിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പേരും ചിത്രത്തിന്‍റേതായി ഇറങ്ങിയ ചില ദൃശ്യങ്ങളും ശ്രദ്ധ നേടിയതോടെ ശ്രീദേവി ബംഗ്ലാവ് വിവാദമായിരുന്നു. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ജിവിതകഥയാണെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ സംവിധായകൻ ഇതെല്ലാം തള്ളുകയാണുണ്ടായത്. ചിത്രത്തിനെതിരെ വക്കീൽ നോട്ടീസുമായി നടി ശ്രീദേവിയുടെ ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ രംഗത്തെത്തുക വരെയുണ്ടായിട്ടുമുണ്ട്.

ആറാത് എന്‍റർടെയ്ന്‌‍മെന്‍റ്സിന്‍റെ ബാനറിൽ എസ്.കെ ചന്ദ്രശേഖര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു ബോളിവുഡ് നടിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങള്‍ കോര്‍ത്തിണക്കിയുള്ള സസ്പെൻസ് ക്രൈം ത്രില്ലറാണെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. മുമ്പ് മോഹൻലാലിനെ നായകനാക്കി ഭഗവാൻ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ളയാളുമാണ് പ്രശാന്ത് മാമ്പുള്ളി.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്