ആപ്പ്ജില്ല

സംഘട്ടന രംഗ ചിത്രീകരണത്തിനിടെ നടന്‍ ആൻ്റണി വര്‍ഗീസിന് പരിക്ക്

മേശയിൽ ഇടിച്ചാണ് ആൻ്റണിയുടെ മുഖത്തിന് പരിക്കേറ്റത്.

Samayam Malayalam 12 Nov 2018, 4:15 pm
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ ആൻ്റണി വര്‍ഗ്ഗീസിന് ഗുരുതരമായി പരിക്കേറ്റു. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം നടന്നത്. കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയിൽ വെച്ച് ശനിയാഴ്ച വെകിട്ടോടെയായിരുന്നു അപകടം. മേശയിൽ ഇടിച്ചാണ് ആൻ്റണിയുടെ മുഖത്തിന് പരിക്കേറ്റത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചുണ്ടിലും വായ്ക്കുള്ളിലുമായി പത്ത് തുന്നിക്കെട്ടലുകളാണുള്ളത്. അതിനാൽ തന്നെ ഡോക്ടര്‍മാര്‍ രണ്ട് ദിവസം വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Samayam Malayalam സംഘട്ടന രംഗ ചിത്രീകരണത്തിനിടെ നടന്‍ ആൻ്റണി വര്‍ഗീസിന് പരിക്ക്
സംഘട്ടന രംഗ ചിത്രീകരണത്തിനിടെ നടന്‍ ആൻ്റണി വര്‍ഗീസിന് പരിക്ക്


തുടര്‍ന്ന് ആൻ്റണി വീട്ടിലേക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം പിന്നീട് പുനഃരാരംഭിക്കുകയും ചെയ്തു. കട്ടപ്പനയിലും, പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ലിജോ ജോസ് ചിത്രമായ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച നടനാണ് ആൻ്റണി വര്‍ഗ്ഗീസ്.

ചിത്രത്തിൽ ആൻ്റണി വര്‍ഗ്ഗീസിനെ കൂടാതെ സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകനും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുൻപ് പോത്ത് എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന പേരെന്നും ഇപ്പോൾ മാറ്റിയതാണെന്നും കിംവദന്തികളുണ്ട്. എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിങ് ദീപു ജോസഫാണ് നിര്‍വ്വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ഓ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്