ആപ്പ്ജില്ല

സിനിമാക്കാ‍ർക്ക് സീരിയൽ നടൻമാർ രണ്ടാം കിടക്കാർ; സാജൻ സൂര്യ

സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് സാജൻ സൂര്യ

Samayam Malayalam 28 Nov 2018, 6:05 pm
ടെലിവിഷൻ പ്രേമികളുടെ പ്രിയങ്കരനാണ് സീരിയൽ-സിനിമ നടനായ സാജൻ സൂര്യ. പതിനെട്ട് വ‍ർഷമായി സാജൻ മലയാള സീരിയൽ രംഗത്തുണ്ട്. മലയാളത്തിലെ സീരിയലുകളുടെ അവസ്ഥ വളരെ മോശമാണെന്നും, സിനിമരംഗത്ത് നിന്നുമുണ്ടായ അനുഭവങ്ങളെക്കുറിച്ചും സീരിയൽ- സിനിമ നടനായ സാജൻ സൂര്യ 'സമയം മലയാളത്തി'നോട് തുറന്നടിക്കുന്നു
Samayam Malayalam sajan



"സീരിയലുകളിൽ നിന്ന് അന്തസായി ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ ഒരോ സീനിലേക്കുമുള്ള വസ്ത്രങ്ങൾക്കായി നല്ലൊരു തുക ചിലവഴിക്കപ്പെടുന്നു. 50 രൂപ വരുമാനത്തിലാണ് ഞാൻ സീരിയൽ അഭിനയിച്ചു തുടങ്ങിയത്. നൂറിനും അഞ്ഞൂറിനും, ചിലപ്പോൾ പണം വാങ്ങാതെയും അഭിനയിക്കുന്നവർ സീരിയൽ രംഗത്തുണ്ട്. ഇന്ന് പുതുമുഖങ്ങളായി വരുന്നവ‍ർക്ക് നല്ല പ്രൊഡക്ഷൻ കമ്പനി ആണെങ്കിൽ മാന്യമായ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ ഒരു സീരിയലിൽ നിന്ന് ലഭിക്കുന്നത് മറ്റൊരു സീരിയലിൽ നിന്നും ലഭിക്കണമെന്നില്ല. പഴയതു പോലെ സീരിയലുകളിൽ ഡ്രാമാറ്റിക് അഭിനയം എല്ലാം ഇന്നില്ല. ഒരു സീരിയലിൽ കിട്ടുന്ന മികച്ച റോളും ശമ്പളവും മറ്റൊന്നിൽ ലഭിക്കണമെന്നില്ല. അതിനാൽ വരുമാനത്തിനായി മറ്റൊരു മാർഗം ഉള്ളത് നല്ലതാണ്''- സാജൻ സൂര്യ ഞങ്ങളോട്പറഞ്ഞു


സിനിമ രംഗത്തു നിന്നും നേരിട്ട അവഗണനയെക്കുറിച്ചും അദ്ദേഹം പറയുന്നു. ''സാജൻ സൂര്യക്ക് നല്ലൊരു വേഷം നൽകണം എന്ന് ഒരു സുഹൃത്ത് ഒരു സിനിമ സംവിധായകനോട് പറഞ്ഞപ്പോൾ സാജൻ സൂര്യയൊക്കെ സീരിയലിൽ വളരെ എസ്റ്റാബ്ലിഷ്ഡ് ആയ ആളല്ലെ, അതൊന്നും ശരിയാവില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. അതെന്നെ അപമാനിക്കുന്നതായി തോന്നിയിരുന്നു. സിനിമാക്കാരുടെ നോട്ടത്തിൽ സീരിയൽ നടൻമാ‍ർ രണ്ടാം തരം പൗരൻമാരാണ്. 'ബംഗ്ലാവിൽ ഒൗത'യെന്ന ഭാവന നായികയായ ചിത്രത്തിൽ അഭിനയിച്ചെങ്കിലും പീന്നിട് അവസരങ്ങളൊന്നും സിനിമയിൽ നിന്ന് ലഭിച്ചിട്ടില്ല''. എങ്കിലും ഉടനെ റിലീസാകാനിരിക്കുന്ന 'ആപ്പിൾ4' എന്ന ചിത്രത്തിൽ ചെറുതാണെങ്കിലും മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നതെന്നും സാജൻ പറയുന്നു.


സുഹൃത്ത് രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ഗിന്നസ് പക്രു നായകനായ 'ഫാൻസി ഡ്രസി'ൽ നല്ലൊരു വേഷം ഉടൻ ചെയ്യുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പുതിയൊരു സിനിമ ചെയ്യാനും പ്ലാനിടുന്നുണ്ടെന്ന് സാജൻ സൂര്യ വ്യക്തമാക്കുന്നു.

ഒപ്പം നാടക ലോകത്തേയും ഒപ്പം നിർത്താൻ സാജൻ മറക്കുന്നില്ല. ഒന്നിലധികം നാടകങ്ങളുടെ പണിപ്പുരയിലാണ് സാജൻ . സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഒരു നിർമ്മാണ കമ്പനിക്കും തുടക്കമിടാൻ പദ്ധതിയിടുന്നുണ്ട്.

തിരുവനന്തപുരം കരകുളം സ്വദേശിയായ സാജൻ സൂര്യ സെക്രട്ടറിയേറ്റിലെ രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥൻ കൂടിയാണ്. ഭാര്യ വീനിത, മക്കൾ മാളവിക, മീനാക്ഷി എന്നിവ‍ർ സാജൻ്റെ അഭിനയ ജീവിതത്തിന് പിന്തുണയുമായുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്