ആപ്പ്ജില്ല

A.M.M.A കുടുംബ സംഗമം! വിജയ് ബാബുവിന് വേണ്ടിയോ?

മലയാള സിനിമയിലെ നായകന്മാർ ഇരയ്ക്കൊപ്പമെന്ന ഹാഷ്ടാഗിനു പിന്നിൽ നിന്നുകൊണ്ട് ആൾക്കൂട്ടാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ ആവുന്നിടത്തോളം കുറ്റപ്പെടുത്തുകയും സൈബറാക്രമണങ്ങളെ കുറിച്ച് അപലപിക്കുകയും ചെയ്തിട്ടാണ് ഇവർ വിജയ് ബാബുവിനെ ചേർത്തു പിടിക്കുന്നത്.

Samayam Malayalam 27 Jun 2022, 2:51 pm

ഹൈലൈറ്റ്:

  • വിജയ് ബാബുവിനെ ചേർത്തു പിടിക്കുന്ന മലയാള സിനിമാ താരങ്ങളുടെ സംഘടന
  • കുറ്റാരോപിതന് കുടപിടിയ്ക്കുന്ന താരസംഘടന

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam A.M.M.A കുടുംബ സംഗമം! വിജയ് ബാബുവിന് വേണ്ടിയോ?
വിജയ് ബാബു, ലൈംഗിക പീഢനക്കേസിലെ കുറ്റാരോപിതൻ, ഇതിനപ്പുറം ഇന്ന് ഒരു ഡെക്കറേഷനും ആവശ്യമില്ല ഈ പേരുകാരന്. മലയാള സിനിമയിലെ യുവനടിയെ ഒപ്പം നടത്തി മുതലെടുക്കുകയും ഒടുവിൽ തനിക്ക് നേർക്ക് അവൾ വിരൽ ഉയർത്തിയപ്പോൾ അവളെ പരസ്യമായി അപകീർത്തിപ്പെടുത്തുകയും ചെയ്ത ആൾ. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് നിയമത്തിൻ്റെ പരിരക്ഷ തേടാൻ അവൾ എത്തിയപ്പോൾ ഇതേ നിയമത്തെ പേടിച്ച് നാടു തന്നെ വിടേണ്ടി വന്ന സിനിമാക്കാരൻ.
ഇപ്പോൾ മേൽപ്പടിയാൻ എവിടെയാണ്, ചെറിയ ചില സംശയങ്ങളൊക്കെ തോന്നുമെങ്കിലും മകൻ ഓടി എത്തിയത് അമ്മയ്ക്ക് അരികിലേക്ക് തന്നെയാണെന്ന് കണ്ടില്ലേ. മറുനാട്ടിൽ ഒളിവിലിരുന്നും നാട്ടിൽ തൻ്റെ മുൻകൂർ ജാമ്യത്തിനായി കരുക്കൾ നീക്കുകയും പരാതിക്കാരിയെ വരുതിയിലാക്കാൻ ശ്രമം നടത്തുകയും ചെയ്ത വിജയ് ബാബു ഇപ്പോൾ ജാമ്യത്തിലിരുന്നിട്ടും പോലീസിൻ്റെ ചോദ്യം ചെയ്യൽ നേരിടുകയാണ്. മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു പക്ഷേ മാസങ്ങൾക്കൊടുവിൽ ഇപ്പോഴാകും ആ തല നല്ല വൃത്തിയ്ക്ക് ഒന്ന് സ്ക്രീനിൽ കണ്ടത്. മാധ്യമപ്രവർത്തകർക്കും ക്യാമറാക്കണ്ണുകൾക്കും നടുവിലൂടെ അയാൾ ഇറങ്ങി വന്നത് തൻ്റെ അഭയ സ്ഥാനത്തേയ്ക്കായിരുന്നു.

ഈ കേസിൻ്റെ തുടക്കം മുതൽ അമ്മ യോഗം ചേർന്നതൊക്കെ വിജയ് ബാബുവിന് വേണ്ടിയായിരുന്നു. ദിലീപിൻ്റെ കാര്യത്തിൽ പറ്റിയ തെറ്റ് ഇനിയും ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന അമ്മ സംഘാടകരുടെ ഉറപ്പാണ് വിജയ് ബാബുവിനെ ഇന്ന് അവിടേക്ക് എത്തിച്ചിരിക്കുന്നത്. ഇരയ്ക്കൊപ്പമെന്ന ഹാഷ്ടാഗിനു പിന്നിൽ നിന്നുകൊണ്ട് ആൾക്കൂട്ടാക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണ് മലയാള സിനിമയിലെ മുൻനിരതാരങ്ങൾ.

സൈബറാക്രമണങ്ങളെ കുറിച്ച് അപലപിക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളെ ആവുന്നിടത്തോളം കുറ്റപ്പെടുത്തുകയും ചെയ്തിട്ടാണ് ഇവർ വിജയ് ബാബുവിനെ ചേർത്തു പിടിക്കുന്നത്. ഇനി നാളെ നീതിപീഠം കുറ്റക്കാരനെന്ന് വിധിയെഴുതിയാലും നടിയ്ക്കു വേണ്ടി നിൽക്കില്ലാ എന്നത് അഞ്ചു വർഷം കൊണ്ട് തെളിഞ്ഞ കാര്യമാണ്. ഇവർ നിൽക്കാൻ പോകുന്നതും വിജയ് ബാബുമാർക്കു വേണ്ടിയൊക്കെ തന്നെയാകും. അയാളുടെ ശരീരഭാഷയിൽ നിന്നു തന്നെ ഇതെല്ലാം നമുക്ക് വായിച്ചെടുക്കാം

മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ യുടെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയവരിൽ വിജയ് ബാബുവുമുണ്ട്. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ അയാൾ ക്യാമറാക്കണ്ണുകളിൽ നിന്ന് ഓടിമറയുകയായിരുന്നു. ഇയാൾ ഓടി കയറിയത് എവിടേക്കാണ് എന്നതാണ് ഇനിയുള്ള ചോദ്യം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന, ആൺകോയ്മയുടെ ഈറ്റില്ലമ്മായ അമ്മ തറവാട്ടിലേക്ക്. ഇന്നലെ അവിടെ കുടുംബയോഗമായിരുന്നു. വിജയ് ബാബു എന്നയാൾക്കെതിരെ സംഘടന നടപടി കൈക്കൊണ്ടില്ല എന്നതിൽ പ്രതിഷേധിച്ചായിരുന്നു ശ്വേത മേനോൻ അടക്കമുള്ള മൂന്നു സ്ത്രീകൾ രാജി വെച്ച് പുറത്ത് പോയത്.

എന്നാൽ അതേ ശ്വേത മേനോൻ ഇന്നലെ നടന്ന കുടുംബസംഗമത്തിൽ ഭാഗമാകുകയും പ്രസ്മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. വിജയ് ബാബു അന്ന് രാത്രി ഇരയുടെ പേര് പുറത്ത് പറഞ്ഞത് തെറ്റ് തന്നെയാണെന്നും അക്കാരണം കൊണ്ട് എഎംഎംഎയിലെ ആഭ്യന്തര പരാതി പരിഹാര സെൽ അംഗമെന്ന നിലയിലാണ് അയാളെ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് നിർദ്ദേശിച്ചതെന്നും നടി പറഞ്ഞു. ഇപ്പോൾ ഇക്കാര്യത്തിൽ ചെറിയൊരു കൺഫ്യൂഷനുണ്ട്. അന്ന് ഇവർ ഐസിസിയിൽ നിന്ന് രാജി വെച്ചത് വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നോ അതോ എടുത്ത നടപടിയിൽ ഐസിസി കൂടി ഭാഗമായിരുന്നുവെന്ന് പത്രക്കുറിപ്പിൽ പറയാതിരുന്നതിലാണോ? മാറി നിൽക്കുന്നു എന്ന് അറിയിച്ച വിജയ് ബാബുവിൻ്റെ ഇമെയിൽ കിട്ടി ബോധിച്ചുവെന്നും ഇതിൽ കൂടുതൽ ഒരു ശിക്ഷ അയാൾക്ക് കൊടുക്കാനില്ലെന്നും പറഞ്ഞ അമ്മയ്ക്കൊപ്പം തന്നെയാണ് ശ്വേതാ മേനോനും. അപ്പോൾ അന്നത്തെ രാജി എന്തിനായിരുന്നു. നോട്ടീസിൽ പേരു വെച്ചില്ല അത്ര തന്നെ!

അതേസമയം ഇന്ന് മുതൽ തുടർച്ചയായി ഏഴു ദിവസത്തേക്ക് വിജയ് ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്യലും ആരംഭിച്ചു. ഈ സാഹചര്യത്തിലും ഇന്നലെ എഎംഎംഎ അംഗങ്ങൾ ചർച്ച ചെയ്തത് അടുത്ത സ്റ്റേജ് ഷോകളെ പറ്റിയും പ്രൊഡ്യൂസർക്ക് എങ്ങനെ കാശുണ്ടാക്കാം എന്നതിനെ പറ്റിയുമൊക്കെയാണ്. ഇപ്പോഴും നീതിയ്ക്ക് വേണ്ടി നിരന്തരം പോരാടുന്ന ആ നടിമാരെ കുറിച്ച് ഒന്ന് ആശങ്കപ്പെടാൻ പോലും ഇന്നലത്തെ യോഗത്തിലും ആരുമുണ്ടായില്ല. കുടുംബത്തിൻ്റെ സൽപ്പേര് കളങ്കപ്പെടുത്താൻ നോക്കിയ ഷമ്മി തിലനെതിരെ ഉയർന്ന ഭൂരിപക്ഷ ശബ്ദത്തിൽ നിലച്ചു അവരുടെ ധാർമികത.

ഇപ്പോഴും സമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയങ്ങൾ പഴകി പതിരറ്റു പോയി അമ്മയ്ക്ക്. വിജയ് ബാബുവിനെ കുറിച്ചുള്ള ഓരോ ചോദ്യങ്ങൾക്കും ഇതൊക്കെ പഴയ വിഷയമല്ലേ, പുതിയത് എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കൂ എന്ന് നിസ്സാരവത്കരിച്ച ആ അഭിനേതാക്കളെ വിലയിരുത്തപ്പെടുന്നത് ഇതിൻ്റെ കൂടി ഭാഗമായിട്ടാകും. ഇതിനെയും ചോദ്യം ചെയ്യപ്പെടുന്ന ഒരു ആൾക്കൂട്ടവും ഇവിടെയുണ്ട്. ഇനി ഇരയ്ക്കൊപ്പം, അവൾക്കൊപ്പം എന്ന ഹാഷ്ടാഗുകളെങ്കിലും സോഷ്യൽ മീഡിയയിൽ വാരി വിതറുന്നത് അൽപമെങ്കിലും കുറയ്ക്കുന്നതാണ് നല്ലത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്