ആപ്പ്ജില്ല

ഗോൾഡിലെ കഥാപാത്രത്തിൻ്റെ പേര് പരിഷ്കരിച്ചത് ഞാൻ! നന്ദിയും സ്നേഹവും പ്രേക്ഷകരോട്: ലാലു അലക്സ്

തിയറ്ററിലെത്തിയ ഗോൾഡ് എന്ന ചിത്രത്തിലൂടെ വീണ്ടും വേറിട്ടൊരു കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് ലാലു അലക്സ്. ഓരോ നിമിഷവും പുതിയ ഐഡിയകൾ കണ്ടെത്തുന്ന ഐഡിയ ഷാജി! ധിംധി മത്തായിയും ആലുവ ചാണ്ടിയുമൊക്കെ പോലെ പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ഐ‍ഡിയ ഷാജിയും

Authored byലിജിൻ കെ ഈപ്പൻ | Samayam Malayalam 5 Dec 2022, 10:42 am
വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകർ ജീവിതത്തതിൽ കാണാൻ കൊതിക്കുന്ന ചില കഥാപാത്രങ്ങളായി മാറുന്നതാണ് ലാലു അലക്സ് എന്ന നടൻ്റെ മികവ്. മക്കളുടെ സുഹൃത്തായി മാറുന്ന സ്നേഹനിധിയായി അച്ഛന്മാരെ ഇന്നു മക്കളും ലാലു അലക്സിനോടാണ് ഉപമിക്കുന്നത്. ജീവിതത്തിൽ എൻ്റെ മക്കളുടെ സുഹൃത്തും നല്ല അച്ഛനുമാണ് താനെന്ന് ഈ നടൻ പറയുന്നു. ഇപ്പോൾ തിയറ്ററിലെത്തിയ ഗോൾഡ് എന്ന ചിത്രത്തിലൂടെ വീണ്ടും വേറിട്ടൊരു കഥാപാത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ് ലാലു അലക്സ്. ഓരോ നിമിഷവും പുതിയ ഐഡിയകൾ കണ്ടെത്തുന്ന ഐഡിയ ഷാജി! ധിംധി മത്തായിയും ആലുവ ചാണ്ടിയുമൊക്കെ പോലെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഐ‍ഡിയ ഷാജിയെക്കുറിച്ച് ലാലു അലക്സ് മനസ് തുറക്കുന്നു...
Samayam Malayalam exclusive interview actor lalu alex talk about his new character idea shaji in gold movie
ഗോൾഡിലെ കഥാപാത്രത്തിൻ്റെ പേര് പരിഷ്കരിച്ചത് ഞാൻ! നന്ദിയും സ്നേഹവും പ്രേക്ഷകരോട്: ലാലു അലക്സ്


Also Read: പ്രേക്ഷകർ അങ്ങനെ പറയുമ്പോൾ സന്തോഷം! സിനിമ ബിസിനസാണെങ്കിലും കലയ്ക്കാണ് പ്രാധാന്യം: തരുൺ മൂർത്തി

​​ഗോൾഡിലേക്ക് എത്തുന്നത്

അൽഫോൺസ് പുത്രൻ്റെ സിനിമകൾ കണ്ട് ആകൃഷ്ടനായിട്ടുള്ള ഒരാളാണ് ഞാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് സമയത്താണ് അൽഫോൺസ് പുത്രൻ ഗോൾഡിലേക്ക് എന്നെ വിളിക്കുന്നത്. അൽഫോൺസ് ആദ്യമായി സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിൽ നസ്റിയയുടെ അച്ഛനായി നല്ലൊരു വേഷം എനിക്കു നൽകിയിരുന്നു. പിന്നീട് ഗോൾഡിലേക്ക് വിളിക്കുമ്പോൾ എന്നോട് പറ‍ഞ്ഞത് "വലിയ റോളൊന്നുമല്ല, ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ്, ചേട്ടൻ ചെയ്യാമോ?" എന്നാണ്. "ഞാനെന്തായാലും നിനോട് കൂടെയുണ്ട്" എന്നാണ് ഞാൻ മറുപടി പറഞ്ഞത്. അൽഫോൺസ് ചെറിയ കഥാപാത്രമെന്നു വെറുതെ പറയുന്നതാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എനിക്കദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാകും തരിക എന്നുറപ്പായിരുന്നു.

​ഷാജിയുടെ ഐഡിയകൾ

അൽഫോൺസ് പുത്രൻ്റെ സിനിമയാകുമ്പോൾ നമ്മൾ നേരെ അവിടെത്തിയാൽ മതി. അദ്ദേഹം ആ കഥാപാത്രമാക്കി നമ്മളെ മാറ്റും. 'ഷാജി ഷാജി' എന്നായിരുന്നു കഥാപാത്രത്തിന് അൽഫോൺസ് നൽകിയിരുന്ന പേര്. ഓരോ സമയത്ത് ഓരോ ഐ‍ഡിയകളാണ് അയാൾക്ക്. അപ്പോൾ ഞാനാണ് അൽഫോൺസിനോട് "എങ്കിൽ നമുക്ക് ഈ കഥാപാത്രത്തിനു ഐഡിയ ഷാജി എന്നു പേരുകൊടുത്താലോ" എന്നു ചോദിക്കുന്നത്. അതു കൊള്ളാമെന്നായിരുന്നു അൽഫോൺസിൻ്റെയും പ്രതികരണം. പ്രേക്ഷകർ ഗോൾഡിൽ‌ കാണുന്ന ഐഡിയ ഷാജി എന്ന കഥാപാത്രത്തിനായി ഞാൻ നൽകിയത് അതു മാത്രമാണ്. ബാക്കി പ്രത്യേക വേഷവിധാനവും മാനറിസവുമെല്ലാം അൽഫോൺസിൻ്റെ മനസിലുണ്ടായിരുന്നു.

​ഓരോന്നും സ്നേഹ സമ്മാനം

ഒരു ഡയറക്ടേഴ്സ് ആക്ടറാണ് ഞാൻ. സംവിധായകരുടെ മനസിലുള്ള കഥാപാത്രമായി മാറാൻ ശ്രമിക്കും. ഇപ്പോൾ ഐഡിയ ഷാജിയെന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ‌, വർഷങ്ങളായി എന്നെ പ്രോൽസാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരോടാണ് ഞാൻ ഹൃദയം നിറഞ്ഞ നന്ദിയും സ്നേവും അറിയിക്കുന്നത്. 2022 ൽ ബ്രോ ഡാഡി, മഹാ വീര്യർ, ഗോൾഡ് എന്നീ മികച്ച സിനിമകളിൽ പ്രേക്ഷകരുടെ ശ്രദ്ധ കിട്ടുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചു. അതൊക്കെയും എനിക്കു കിട്ടുന്ന സ്നേഹ സമ്മാനമായാണ് കരുതുന്നത്.

​പൃഥ്വിരാജിന് മൂന്നു റോള്

എൻ്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരൻ. അതിനേക്കാൾ‌ ഉപരി പൃഥ്വിരാജിനെ ഞാൻ ഇഷ്ടപ്പെടുന്നതിൻ്റെ പ്രധാന കാരണം സുകുവേട്ടൻ്റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്നു വളരെ തിരക്കുള്ള നടനും സംവിധായകനും നിർമാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസൻസ്, ബ്രോ ഡാഡി, ഗോൾ‌ഡ് എന്നിങ്ങനെ മൂന്നു സിനിമകളിൽ പൃഥ്വിയ്ക്കൊപ്പം വർക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിൻ്റെ തുടക്കം മുതൽ നിരവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയർ അടുത്തനിന്നു കണ്ട ഒരാളെന്ന നിലയിൽ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളർച്ചയെക്കുറിച്ച്.

​പ്രേക്ഷകരുടെ സ്നേഹം

ഓരോ സിനിമകളും നന്നാകുമ്പോൾ പ്രേക്ഷകരും സിനിമാ സഹപ്രവർത്തകരുമാണ് എൻ്റെ കഥാപാത്രത്തെക്കുറിച്ച പറയേണ്ടത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സിനിമയുടെതല്ലാത്ത സമയം കുടുംബത്തിനൊപ്പം വീട്ടിൽ‌ സമയം ചെലവഴിക്കുന്നതിലാണ് സന്തോഷം.


Read Latest Movie News And Malayalam News

ഓതറിനെ കുറിച്ച്
ലിജിൻ കെ ഈപ്പൻ
ലിജിൻ കെ ഈപ്പൻ, സമയം മലയാളത്തിലെ വാർത്താ വിഭാ​ഗം മാധ്യമപ്രവർത്തകൻ. ഇലക്ട്രോണിക്സിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും. കോട്ടയം പ്രസ് ക്ലബിലെ സ്കൂൾ ഓഫ് ജേർണലിസം ആന്റ് വിഷ്വൽ കമ്യൂണിക്കേഷൻസിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ നേടി. എട്ട് വർഷമായി പത്ര-ഓൺലൈൻ മാധ്യമരം​ഗങ്ങളിലായി ജോലി ചെയ്ത് വരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്