ആപ്പ്ജില്ല

ഓപ്ര വിന്‍ഫ്രിക്ക് സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ്

അമേരിക്കൻ വിനോദരംഗത്തെ പ്രവർത്തനത്തിനുള്ള അവാർഡ്...

TNN 8 Jan 2018, 1:26 pm
അമേരിക്കന്‍ വിനോദവ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്‍കാരങ്ങളിലൊന്നായ ഗോള്‍ഡന്‍ ഗ്ലോബ്‍സിന്‍റെ 75-ാം പതിപ്പ് ഇന്ന് നടന്നു. സിനിമ, ടെലിവിഷന്‍ രംഗങ്ങളിലെ മികവിന് നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‍ വേദിയില്‍ സമഗ്ര സംഭാവനയ്ക്കുള്ള സെസില്‍ ഡെമില്‍ പുരസ്‍കാരവും നല്‍കി.
Samayam Malayalam golden globes 2018 oprah winfrey cecil b demille award
ഓപ്ര വിന്‍ഫ്രിക്ക് സമഗ്ര സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ്


ഇത്തവണ അത് ഏറ്റുവാങ്ങിയത് പ്രശസ്‍ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രിയാണ്.

ഗോള്‍ഡന്‍ ഗ്ലോബിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്തവര്‍ഗക്കാരി സെസില്‍ ഡെമില്‍ അവാര്‍ഡ് നേടുന്നത്. ചരിത്രം തിരുത്തുന്നതാണ് ഓപ്രയ്ക്ക് എപ്പോഴും ശീലം എന്നതുകൊണ്ട് സെസില്‍ ഡെമില്‍ പുരസ്‍കാരത്തിനും അഭിമാനിക്കാം, ഓപ്രയുടെ കൈയില്‍ എത്താനുള്ള ഭാഗ്യമുണ്ടായല്ലോ എന്നതില്‍.

ലോകത്തിലെ ഏറ്റവും സമ്പന്നയായ മീഡിയ സെലിബ്രിറ്റികളില്‍ ഒരാളാണ് ഓപ്ര. 2015ല്‍ അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേരില്‍ ഒരാള്‍. ഫോബ്‍സ്‍ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ച ഒരേയൊരു കറുത്തവര്‍ഗ്ഗക്കാരി.

ഭാഗ്യവും സമ്പത്തും ഓപ്രയ്ക്ക് ആരും കരണ്ടിയില്‍ കോരിനല്‍കിയതല്ല. ഒമ്പതാം വയസില്‍ ലൈംഗിക പീഡനത്തിന് വിധേയയായി, ചെറുപ്പത്തില്‍ ധരിക്കാന്‍ ഉടുപ്പില്ലാത്തത് കൊണ്ട് ഉരുളക്കിഴങ്ങ് ചാക്കുകള്‍ അണിഞ്ഞ് ജീവിച്ച ഓപ്ര വിന്‍ഫ്രിയുണ്ടായിരുന്നു. ഇന്ന് 3 ബില്യണ്‍ ഡോളര്‍ ആസ്‍തിയുള്ള ഓപ്രയുടെ ജീവിതത്തിന്‍റെ കരുത്തും പഴയ ദാരിദ്ര്യത്തിന്‍റെ നാളുകളായിരുന്നു.

അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്ത് അമ്മൂമ്മയ്‍ക്കൊപ്പം കഴിഞ്ഞ നാളുകളില്‍ പട്ടിണി മാത്രമായിരുന്നു അവര്‍ക്ക് കൂട്ട്. അമ്മൂമ്മ മരണപ്പെട്ടപ്പോള്‍ അവള്‍ അമ്മയുടെ അരികിലേക്ക് പോയി. അവിടെവച്ച് വിന്‍ഫ്രി ലൈംഗിക ചൂഷണത്തിന് വിധേയയായി.

14-ാം വയസ്സില്‍ അവള്‍ അച്ഛന്‍റെ സംരക്ഷണത്തിലായി. അദ്ദേഹത്തിനൊപ്പം നിന്നു പഠിച്ചു. മാധ്യമലോകത്തോടുള്ള സ്നേഹം കോളേജ് വിടാന്‍ പ്രേരിപ്പിച്ചു. ആ തീരുമാനം വഴിത്തിരിവായി. ചെറിയ ടെലിവിഷന്‍ ഷോകളിലൂടെ മുന്നേറി 1986ല്‍ -ദി ഓപ്ര വിന്‍ഫ്രി ഷോ- എന്ന പരിപാടി തുടങ്ങി.

ദശാബ്‍ദങ്ങളോളം തുടര്‍ന്ന ആ പരിപാടി ഓപ്രയെ ലോകപ്രശസ്‍തയാക്കി. 300 ദശലക്ഷം ഡോളറെങ്കിലും ഓപ്ര വിന്‍ഫ്രി ഷോ വരുമാനം ഉണ്ടാക്കിയിട്ടുണ്ട്. സിനിമയില്‍ മുഖം കാണിച്ച ഓപ്ര, സ്‍പീല്‍ബര്‍ഗ് ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള നാമനിര്‍ദേശവും നേടി.

നിലവില്‍ ഓപ്ര വിന്‍ഫ്രി നെറ്റ് വര്‍ക്ക് എന്ന പേരില്‍ ആഗോള ടെലിവിഷന്‍ ശൃംഖലയും അവര്‍ നടത്തുന്നു.


വിവരങ്ങള്‍ക്ക് കടപ്പാട്: ബിസിനസ് ഇന്‍സൈഡര്‍

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്