ആപ്പ്ജില്ല

ഗൗരവിനെ പറ്റിച്ചിട്ടില്ല; കോലുമിട്ടായി നിര്‍മാതാവ് പറയുന്നു

ആരോപണങ്ങൾ തെറ്റിദ്ധാരണമൂലം, കരാർ അനുസരിച്ചാണ് കാര്യങ്ങൾ, നിജസ്ഥിതി പോലീസിനെ ബോധ്യപ്പെടുത്തി...

Abhijith VM | TNN 9 Jun 2017, 7:12 pm
കൊച്ചി: പ്രതിഫലം നല്‍കാതെ അഭിനയിപ്പിച്ചുവെന്ന ബാലതാരം ഗൗരവ് മേനോന്‍റെ ആരോപണത്തിന് മറുപടി നല്‍കി 'കോലുമിട്ടായി' സിനിമയുടെ നിര്‍മാതാവ് അഭിജിത് അശോകന്‍.
Samayam Malayalam kolumittayi producer denounce allegations did not cheat gaurav menon
ഗൗരവിനെ പറ്റിച്ചിട്ടില്ല; കോലുമിട്ടായി നിര്‍മാതാവ് പറയുന്നു


കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഈ വര്‍ഷം നേടിയ സിനിമയാണ് നവാഗതനായ അരുണ്‍ വിശ്വം സംവിധാനം ചെയ്‍ത കോലുമിട്ടായി.

കോലുമിട്ടായി സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം തന്നില്ലെന്ന് ആരോപിച്ച് ഗൗരവ്, സംവിധായകനും നിര്‍മാതാവിനും എതിരെ പത്രസമ്മേളനം നടത്തിയിരുന്നു. സിനിമക്ക് സാറ്റലൈറ്റ് അവകാശം ലഭിച്ചതിന് ശേഷം പ്രതിഫലം നല്‍കാമെന്ന് സംവിധായകന്‍ പറഞ്ഞെന്നും ഇത് പാലിച്ചില്ലെന്നുമാണ് ആരോപണം.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു വാക്കും ഗൗരവിനോ മാതാപിതാക്കള്‍ക്കോ നല്‍കിയിട്ടില്ലെന്ന് ചിത്രത്തിന്‍റെ നിര്‍മാതാവ് അഭിജിത് അശോകന്‍ സമയം മലയാളത്തോട് പറഞ്ഞു.

പ്രതിഫലം വേണ്ടന്ന് സമ്മതിച്ചാണ് ഗൗരവ് സിനിമയില്‍ അഭിനയിച്ചത്. ഇതിന് കരാര്‍ ഒപ്പിടുകയും ചെയ്‍തിട്ടുണ്ട്. സാറ്റലൈറ്റ് അവകാശം വഴി തനിക്ക് സാമ്പത്തികനേട്ടം ഉണ്ടായെന്നത് കണക്കുകൂട്ടിയാണ് ആരോപണങ്ങളെന്നും അഭിജിത് പറഞ്ഞു.

'ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അധികം പണം മുടക്കാതെ നിര്‍മിച്ച സിനിമയാണിത്. ഗൗരവിനെ അഭിനയിപ്പിക്കുന്ന സമയത്ത് ഇത് വ്യക്തമായി പറഞ്ഞതാണ്. അന്ന് പ്രതിഫലം വേണ്ടെന്ന് ഗൗരവിന്‍റെ മാതാപിതാക്കള്‍ സമ്മതിച്ചതാണ്. ഇത് എഗ്രിമെന്‍റ് ആക്കുകയും ചെയ്‍തു. പിന്നീട് പ്രശ്‍നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആണിത്. ഷൂട്ടിങ്ങിന്‍റെ സമയത്ത് പലപ്പോഴായി ഗൗരവിന്‍റെ അച്ഛനും അമ്മയും പണം കൈപ്പറ്റിയിട്ടുണ്ട്. അതൊന്നും പക്ഷേ, ഞങ്ങള്‍ തിരിച്ചു ചോദിച്ചിട്ടില്ല.'

സിനിമക്ക് സാറ്റലൈറ്റ് അവകാശം ലഭിച്ചതിന് ശേഷമാണ് ആരോപണവുമായി ഗൗരവിന്‍റെ അച്ഛനും അമ്മയും എത്തിയതെന്നും അഭിജിത് പറയുന്നു.

'കോലുമിട്ടായിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതിന് ശേഷമാണ് സാറ്റലൈറ്റ് കിട്ടിയത്. അതും തുച്ഛമായ തുകയാണ്. മുടക്കിയതിന്‍റെ പകുതിയോളം മാത്രം. ഇപ്പോഴും എനിക്കും സംവിധായകന്‍ അരുണിനും ബാധ്യതകളുണ്ട്. സാറ്റലൈറ്റ് വരുമാനത്തില്‍ നിന്ന് ഒരുരൂപ പോലും ലഭിക്കാന്‍ അവര്‍ക്ക് അവകാശമില്ല. കാരണം അവര്‍ ഈ സിനിമയുടെ പാര്‍ടണറോ, പ്രൊഡ്യൂസറോ അല്ല. സാറ്റലൈറ്റിലൂടെ കോടികള്‍ വരുമാനം ലഭിച്ചു എന്ന തെറ്റിദ്ധാരണയുടെ പുറത്താണ് ആരോപണങ്ങള്‍' അഭിജിത് പറഞ്ഞു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഐജി ഓഫീസിലും മറ്റ് സ്റ്റേഷനുകളിലുമായി നിര്‍മാതാക്കള്‍ ഒന്നിലധികം തവണ ഹാജാരായിട്ടുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു. പക്ഷേ, കരാറും മറ്റുരേഖകളും കൃത്യമായതുകൊണ്ട് നടപടികള്‍ ഒന്നുമുണ്ടായില്ല. അതിന് ശേഷമാണ് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചതെന്നും അഭിജിത് പറഞ്ഞു.

Kolumittayi Producer says He hasn't cheated Gaurav Menon

Abijith Ashokan, producer of the award winning movie Kolumittayi, has flayed the allegations of child actor Gaurav Menon of not paying him for the movie. The Child actor, in a press conference, alleged the producer of cheating.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്