ആപ്പ്ജില്ല

"എന്‍റെ സിനിമ IFFK-യിൽ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു"

ജൂറി ചെയര്‍മാന്‍ മജീദ് മജീദിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തീരുമാനം എടുത്തത്

Abhijith VM | Samayam Malayalam 14 Dec 2018, 3:33 pm
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് തന്‍റെ സിനിമ പിന്‍വലിക്കാന്‍ ആലോചിച്ചിരുന്നതായി വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ബഹ്‍മന്‍ ഫര്‍മനാര. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ടേല്‍ ഓഫ്‍ ദി സീ' പിന്‍വലിക്കാന്‍ ആലോചിച്ചത് ജൂറി ചെയര്‍മാന്‍ മജീദ് മജീദിയോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണെന്നും സമയം മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബഹ്‍മന്‍ ഫര്‍മനാര പറഞ്ഞു.
Samayam Malayalam cms-bhaman
ബഹ്‍മന്‍ ഫര്‍മനാര


ഇറാനിയന്‍ സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനാണ് ബഹ്‍മന്‍ ഫര്‍മനാര. മജീദ് മജീദി ഇറാന്‍ സര്‍ക്കാരിന് വിധേയനായ സംവിധായകനാണെന്നാണ് ബഹ്‍മന്‍റെ വിമര്‍ശനം.

"എന്‍റെ സിനിമ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ഞാന്‍ ഇന്നലെ (11 ഡിസംബര്‍) ആവശ്യപ്പെട്ടിരുന്നു. മജീദ് മജീദിയാണ് ജൂറി ചെയര്‍മാന്‍ എന്നത് കൊണ്ടാണ് ഞാന്‍ ആ തീരുമാനം എടുത്തത്. മജീദ് മജീദിക്ക് മുന്‍പെ സിനിമകള്‍ എടുക്കുന്നയാളാണ് ഞാന്‍. മജീദിനെപ്പോലെയുള്ളവര്‍ ഇറാനിലെ മനുഷ്യാവകാശ പ്രശ്‍നങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സെന്‍സര്‍ഷിപ്പും കണ്ടില്ലെന്ന് നടിക്കുന്നവരാണ്. അവര്‍ ഭരണകൂടത്തിനായി സിനിമയെടുക്കുന്നവരാണ്." ഫര്‍മനാര പറഞ്ഞു.

സിനിമ പിന്‍വലിക്കണമെന്ന ആവശ്യം ഫെസ്റ്റിവല്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോളിനോട് പറഞ്ഞിരുന്നതായി ഫര്‍മനാര പറഞ്ഞു. എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കാമെന്നായിരുന്നു ബീനയുടെ മറുപടി. സിനിമ പിന്‍വലിക്കരുതെന്നും ബീന പോള്‍ പറഞ്ഞതായി ഫര്‍മനാര പറഞ്ഞു.

"മജീദ് മജീദിയാണ് ജൂറി എന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ സിനിമ ഇവിടെ മത്സരിക്കാന്‍ നല്‍കുമായിരുന്നില്ല. ഞാന്‍ പുരസ്‍കാരങ്ങള്‍ക്ക് വേണ്ടി സിനിമയെടുക്കുന്നതയാളല്ല. എനിക്ക് നിലപാടാണ് പ്രധാനം."

Read More: പിന്നെയും അലയടിക്കുന്ന കടൽ

1970കളുടെ അവസാനത്തിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഉയര്‍ന്നുവന്ന ഇറാനിയന്‍ ന്യൂവേവ്‍ (നവതരംഗം) ചലച്ചിത്രകാരന്മാരില്‍ ശ്രദ്ധേയനാണ് ബഹ്‍മന്‍ ഫര്‍മനാര. വിപ്ലവത്തിന് മുന്‍പുതന്നെ സിനിമകളെടുക്കുകയും ആവിഷ്‍കാര സ്വാതന്ത്ര്യത്തിനായി വാദിക്കുകയും ചെയ്‍ത ഫര്‍മനാര, വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിയോരസ്‍തമിയുടെ ആദ്യത്തെ ചിത്രം നിര്‍മ്മിച്ചയാളാണ്.

ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ സെന്‍സര്‍ഷിപ്പുകള്‍ക്കും കലാകാരന്മാരെ വിലക്കുന്ന നടപടികള്‍ക്കും എതിരെ ശബ്‍ദിക്കുന്ന ഫര്‍മനാരയെ, തുടര്‍ച്ചയായ പത്ത് വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്ന് ഇറാന്‍ ഭരണകൂടം വിലക്കിയിരുന്നു.

ഇറാനിലെ നിലവിലെ സാഹചര്യങ്ങളില്‍ മജീദിയെപ്പോലെയുള്ള സംവിധായകര്‍ ഭരണകൂടത്തിനായി നിലകൊള്ളുകയാണെന്ന് ഫര്‍മനാര വിമര്‍ശിക്കുന്നു.

"നിലവില്‍ ഇറാനില്‍ അഞ്ച് സംവിധായകര്‍ സിനിമകളെടുക്കുന്നുണ്ട്. അവര്‍ സര്‍ക്കാരിന് വിധേയരാണ്. അവരുടെ ചിത്രങ്ങള്‍ക്കുള്ള പണം എവിടെന്ന് വരുന്നു എന്നത് പോലും ദുരൂഹമാണ്. സര്‍ക്കാരിന് അടിമകളാണ് അവരെന്ന് സ്വയം അവര്‍ സമ്മതിക്കുന്നുമുണ്ട്. അത് അവരുടെ തീരുമാനമായിരിക്കും. ഞാന്‍ അതില്‍ ഇടപെടുന്നില്ല. ഞാന്‍ അവര്‍ക്കൊപ്പമല്ല"
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്