ആപ്പ്ജില്ല

IFFK Review: പോയിസണസ് റോസസ്

IFFK Review പോയിസണസ് റോസസ്: വിലക്കപ്പെട്ട റോസപ്പൂക്കള്‍

Abhijith VM | Samayam Malayalam 11 Dec 2018, 11:58 pm
പുഞ്ചിരിച്ച് വളരാന്‍ നിര്‍വാഹമില്ലെന്ന് തോന്നിക്കുന്ന ഒരു ജീവിതമാണ് താഹ്യെയും അവളുടെ സഹോദരനും അമ്മയും ജീവിക്കുന്നത്. ഈജിപ്റ്റിലെ കെയ്‍റോ നഗരത്തിനുള്ളില്‍ ഒരിടത്ത് ഇടുങ്ങിയ നടപ്പാതകള്‍ക്കും സദാ അഴുക്കുവെള്ളം ഒഴുകുന്ന ചാലുകള്‍ക്കും ഇടയിലൊരു വീട്ടിലാണ് അവരുടെ താമസം.കുളിമുറിയില്‍ നിന്ന് അടുക്കളയെ വേര്‍തിരിക്കുന്നത് ഒരു ചെറിയ കര്‍ട്ടനാണ്. പുറത്തേക്കിറങ്ങിയാല്‍ എങ്ങും പൂക്കളില്ല പച്ചപ്പും. ആകെയുള്ള ചുവന്നപൂക്കള്‍ അവരുടെ അച്ഛനുറങ്ങുന്ന കബര്‍സ്ഥാനിലാണ്. അവയുടെ മണം ശ്വസിക്കാനാകില്ല. കാരണം, കെയ്‍റോയിലെ തോല്‍ ഉറയ്‍ക്കിടുന്ന പണിസ്ഥലങ്ങളില്‍ തൊഴിലെടുത്താണ് അവളുടെ സഹോദരന്‍ ജീവിക്കുന്നത്.
Samayam Malayalam poisonous rose
പോയിസണസ് റോസസ്


ആദ്യ രംഗങ്ങളില്‍ തന്നെ ചത്ത ജീവികളുടെ തോലിന്‍റെ മണം പ്രേക്ഷകര്‍ക്കും അറിയാം. അവിടെ തൊഴിലെടുക്കുന്നവരുടെ മുഴിഞ്ഞ ജീവിതവും. എങ്കിലും ഇടയ്‍ക്ക് ചുണ്ടൊന്ന് അനക്കി താഹ്യെ ചിരിക്കുന്നുണ്ട്. അത് അവളുടെ സഹോദരന്‍ സന്തോഷിച്ചെന്ന് കാണുമ്പോഴാണ്. സഹോദരന് ഉച്ചഭക്ഷണം നല്‍കാന്‍ അവള്‍ സ്ഥിരമായി പണിസ്ഥലത്ത് പോകുന്നു. ഒരിക്കല്‍ കറിക്കരിഞ്ഞ് അവളുടെ കൈമുറിയുമ്പോള്‍ സഹോദരന്‍, സഖാര്‍ അവളെ മെഡിക്കല്‍ ഷോപ്പിലേക്ക് കൊണ്ടുപോകുന്നു. അപ്പോഴാണ് അവള്‍ ആത്മാര്‍ഥമായി നീറ്റലിനിടയിലും ചിരിക്കുന്നത്.

അഹ്‍മദ് ഫൗസി സലെ‍ സംവിധാനം ചെയ്‍ത പോയിസണസ് റോസസ് വെറും 72 മിനിറ്റില്‍ സംഭവബഹുലമായ ഒരു അധ്യായമാണ് പറയുന്നത്. ഈ സിനിമയുടെ മിതത്വംകൊണ്ട് ചിലപ്പോള്‍ നമ്മള്‍ വഞ്ചിക്കപ്പെട്ടേക്കാം. സഹോദരിക്ക് സ്വന്തം സഹോദരനോടുള്ള അതിതീവ്രമായ ബന്ധം ഒരു അനുരാഗമാണെന്ന തിരിച്ചറിവ് ഉണ്ടാക്കാന്‍ പ്രേക്ഷകരോട് കുറഞ്ഞസമയം കൊണ്ട് ആവശ്യപ്പെടുകയാണ് സലെ.

മലയാളത്തില്‍ 1986ല്‍ പദ്‍മരാജന്‍ സംവിധാനം ചെയ്‍ത ദേശാടനക്കിളി കരയാറില്ല എന്ന അതിഗംഭീരമായ സിനിമ ഓര്‍ത്തുനോക്കൂ. സലെയുടെ പോയിസണസ് റോസസും അതിന് സമാനമാണ്. ഈജിപ്‍തിലെ നരകജീവിതത്തില്‍ നിന്ന് കരകയറാന്‍ ഇറ്റിലിയിലേക്ക് പോകാന്‍ തയാറെടുക്കുകയാണ് താഹ്യെയുടെ സഹോദരന്‍ സഖാര്‍. അവന്‍റെ മുറിയിലെ (അവന് മാത്രമായി മുറിയില്ലെങ്കിലും ഒരു ചുവരുണ്ട്) ഫുട്ബോള്‍ താരങ്ങളില്‍ എ.സി മിലാന്‍ താരങ്ങളാണ് മുഴുവന്‍.

സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി സഖാറിന് വിളമ്പിയാലെ താഹ്യെയ്ക്ക് മതിയാകൂ. അവന് വേണ്ടി ചെരിപ്പു വാങ്ങാനും അവന് മുഴുത്ത ഇറച്ചിക്കഷണം കൊടുക്കാനും താഹെയ്ക്ക് മടിയില്ല. പക്ഷ, ഇറ്റലിയിലേക്ക് അവനെ അയയ്‍ക്കാന്‍ മാത്രം അവള്‍ക്ക് കഴിയില്ല. അവളുടെ കണ്‍മുന്‍പില്‍ അവന്‍ വേണമെന്നാണ് അവള്‍ കരുതുന്നത്.

കക്കൂസ് കഴുകലാണ് താഹ്യെയുടെ ജോലി. അതിലവള്‍ക്ക് മടിയും നാണക്കേടുമില്ല. അതിനെക്കാള്‍ താഴെയാണ് അവരുടെ ജീവിതം എന്നതാണ് കാരണം. ഇറ്റലിയിലേക്കുള്ള യാത്ര തടയാന്‍ താഹ്യെ പലതും ചെയ്യുന്നു. ഒടുവില്‍ മന്ത്രവാദവും. ആരും തടയാനും തിരുത്താനും ഇല്ലാത്ത മനുഷ്യരാണ് കെയ്‍റോയുടെ അഴുക്കുചാലുകള്‍ മുഴുവന്‍. അതുകൊണ്ട് സഹോദരനോടുള്ള വികാരം എന്താണെന്ന് താഹ്യെ ഒരിക്കലും തിരിച്ചറിയുന്നില്ല. അവളെ സന്തോഷിപ്പിക്കുന്ന ഏറ്റവും വലുതാണന്ന് അവള്‍ കരുതുന്ന എന്തോ ഒന്നാണത്.

സിനിമയില്‍ ഒരിടത്ത് ആദ്യമായി താഹ്യെയോട് ദയാവായ്‍പോടെ സഖാര്‍ സംസാരിക്കുന്ന ഒരു രംഗമുണ്ട്. അതില്‍ താഹ്യെ ഉടന്‍ ചോദിക്കുന്നുണ്ട്. "നീ എന്ന കല്യാണം കഴിക്കുമോ"

"അത് അനുവദനീയമല്ല" സഖാര്‍ മറുപടി പറയുന്നു.

ഉടന്‍ താഹ്യെ തിരിച്ചടിക്കുകയാണ് "പിന്നെ, ഞാന്‍ സമ്മതിക്കുമെന്ന പോലെയാണല്ലോ നിന്‍റെ ഉത്തരം"

അവള്‍ ശേഖരിച്ചുവെക്കുകയും പിന്നീട് നഷ്‍ടപ്പെടുത്തുകയും ചെയ്യുന്ന റോസദലങ്ങള്‍ പോലെയാണ് ഈ സംഭാഷണം. ഏറ്റവും സുന്ദരവും മനസിലേക്ക് പാഞ്ഞെത്തുന്ന തണുപ്പ് പോലെയുമാണ് അത്. അതേ സമയം തന്നെ അത് നിമിഷം കൊണ്ട് വാടുകയും വിഷമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു.

കഥയുടെ നിര്‍ണായകമായ ഒരു തിരിവില്‍ അവര്‍ ഒരു അമ്യൂസ്‍മെന്‍റ്‍ പാര്‍ക്കില്‍ ആണ്. താഹ്യെയുടെ ഏറ്റവും വലിയ സ്വപ്‍നവും അതുതന്നെ. അവള്‍ ആവര്‍ത്തിച്ച് സഖാറിനോട് പറയുന്നതും അമ്യൂസ്‍മെന്‍റ് പാര്‍ക്കില്‍കൊണ്ടുപോകൂ എന്നാണ്. വെളിച്ചവും ശബ്ദവും വയറ്റിനുള്ളിലെ ശലഭങ്ങളുമുള്ള അത്തരമൊരു മായാലോകത്ത് അവനെ കിട്ടണമെന്നാണ് അവള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിലൊരു പ്രശ്‍നമുണ്ട്, അവിടെ ആള്‍ക്കൂട്ടമുണ്ട്, എളുപ്പത്തില്‍ മനുഷ്യര്‍ അതില്‍ അലിഞ്ഞുപോകുമെന്ന് താഹ്യെയ്‍ക്ക് അറിയില്ല.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്