ആപ്പ്ജില്ല

'മൗനം തേങ്ങും ഹൃദയവീണയിലേതോ...'; ഉള്ളിൽ തട്ടും ഈണവുമായി ഡോ. ഡൊണാള്‍ഡ് മാത്യു

'ഇൻഷ'യിലെ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നതും സിനിമയിൽ പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നതും ഡോ. ഡൊണാൾഡ് മാത്യുവാണ്

Samayam Malayalam 23 Mar 2021, 5:46 pm
ജീവിതം ചക്രകസേരയിൽ കഴിയേണ്ടി വന്ന പതിമൂന്ന് വയസ്സുള്ളൊരു പെൺകുട്ടി. കൂട്ടുകാർ കാണുന്ന കാഴ്ചകൾ കാണാൻ, അവർ പോകുന്ന സ്ഥലങ്ങളിൽ പോകാൻ അവൾക്ക് അടങ്ങാത്ത മോഹമാണ്. ആ പെൺകുട്ടിയുടെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും കഥ പറയുന്ന സിനിമയാണ് ഡോ. സിജു വിജയൻ സംവിധാനം ചെയ്യുന്ന 'ഇൻഷ' എന്ന സിനിമ. മാര്‍ച്ച് 19ന് ചിത്രം സർക്കാര്‍ തീയേറ്ററുകളിലൂടെ റിലീസ് ചെയ്യുകയാണ്. സിനിമയിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം ഇതിനകം യൂട്യൂബിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 'മൗനം തേങ്ങും ഹൃദയവീണയിലേതോ വിരൽ തൊടുന്നു തരളമായ് പതിയേ...'എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഡോ. ഡൊണാൾഡ് മാത്യുവാണ്. വരികളൊരുക്കിയിരിക്കുന്നത് ഡോ.കെ സജിയാണ്. വർഷ രഞ്ജിത്ത്, പ്രദീപ് മാരാരി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചും ഗാനത്തെ കുറിച്ചും ഡോ. ഡൊണാൾഡ് മാത്യു സമയം മലയാളത്തോട് മനസ്സ് തുറക്കുകയാണ്.
Samayam Malayalam mounam thengum video song from insha movie music director and singer dr donald mathew sharing his experience about the movie
'മൗനം തേങ്ങും ഹൃദയവീണയിലേതോ...'; ഉള്ളിൽ തട്ടും ഈണവുമായി ഡോ. ഡൊണാള്‍ഡ് മാത്യു



ഐഎച്ച്കെ വേദിയിൽ കണ്ടുമുട്ടി

ഡോ. സിജു വിജയനുമായുള്ള പരിചയം മുഖേനയാണ് ഈ സിനിമയിലേക്ക് എത്തിയതെന്ന് ഡോ. ഡൊണാള്‍ഡ് മാത്യു പറയുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപാത്‍സ് കേരള(ഐഎച്ച്കെ)യിലെ വേദിയിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടത്. അമിത് ചക്കാലയ്ക്കൽ, തനുജ കാർത്തിക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിനു ഉലഹന്നാൻ ഒരുക്കിയ 'മെല്ലെ' എന്ന സിനിമയ്ക്കുവേണ്ടി ഞാൻ ചെയ്ത പാട്ടുകള്‍ അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു. അതിനു ശേഷമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞതും, സംഗീതമൊരുക്കാൻ തന്നെ ക്ഷണിച്ചതും, ഡോ. ഡൊണാള്‍ഡ് പറയുന്നു.

ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾ

ഞാൻ സംഗീത വഴിയിൽ എത്തിയിട്ട് വര്‍ഷങ്ങളായി. ആദ്യം പ്രൊഫഷണൽ ഗായകനായിരുന്നു. മദ്രാസിൽ എട്ട് വര്‍ഷത്തോളമുണ്ടായിരുന്നു. ഇതുവരെ ആയിരത്തിയഞ്ഞൂറോളം ഭക്തിഗാനങ്ങള്‍ പാടിയിട്ടുണ്ട്. ‘നാവിൽ എൻ ഈശോതൻ നാമം’ എന്നു തുടങ്ങി നിരവധി ഭക്തിഗാനങ്ങൾക്ക് സംഗീതവുമൊരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്‌, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലെ പാട്ടുകളിൽ ഭാഗമായിട്ടുണ്ട്. ഹോമിയോ ഡോക്ടറായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത് 94 മുതലാണ്. ഇപ്പോൾ ഡോക്ടര്‍ ഫീൽഡ് വിട്ടിട്ട് എട്ട് വര്‍ഷത്തോളമായി, സംഗീതം അത്രയേറെ പാഷനാണ്, മുഴുവൻ സമയവും സംഗീതവഴിയിലാണിപ്പോള്‍. ഉദയംപേരൂരാണ് താമസം. 'ഇൻഷ' ഞാൻ സംഗീതം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്, ഡോ. ഡൊണാള്‍ഡിന്‍റെ വാക്കുകള്‍.

ഓരോ സീനും കണ്ട് കരഞ്ഞുപോയി

'മൗനം തേങ്ങും' എന്ന പാട്ടിറങ്ങിയ ശേഷം നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സംഗീതമേഖലയിലെ നിരവധി പരിചയക്കാര്‍ വിളിച്ചു. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥുൾപ്പെടെയുള്ളവര്‍ അഭിനന്ദിക്കുകയുണ്ടായി. കേൾക്കാൻ പുതുമയുള്ള ഗാനമെന്ന് പലരും പറഞ്ഞു. ഈ സിനിമയിൽ ഞാൻ പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. സിനിമയിലെ കഥ ആദ്യമേ കേട്ടിരുന്നു, പശ്ചാത്തല സംഗീതമൊരുക്കാനായി സിനിമ കണ്ടപ്പോള്‍ ഏറെ സിനിമയോട് ഒരു ആത്മബന്ധമുണ്ടായി. അമ്മയും മകളുമായുള്ള രംഗങ്ങളൊക്കെ കണ്ട് ഏറെ ഇമോഷണലായി, ഞാൻ കരഞ്ഞുപോയി. അത്രയ്ക്ക് ഹൃദയം നിറയ്ക്കുന്നൊരു സിനിമയാണിത്, അതിനാൽ തന്നെ സിനിമയിൽ അമ്മയ്ക്കും മകള്‍ക്കും ഓരോ തീം മ്യൂസക് കംപോസ് ചെയ്തിട്ടമുണ്ട്. മകളുടെ തീം മ്യൂസികും ഈ പാട്ടുമായി ഏറെ ബന്ധവുമുണ്ട്. ഏറെ ഇഷ്ടത്തോടെ ആത്മസംതൃപ്തിയോടെ ചെയ്ത പടമാണിത്, ഡൊണാള്‍ഡ് പറയുകയാണ്.

മദ്രാസിൽ പാട്ടുകാരനായിരുന്നു

പാട്ടുകാരനാകാനായി ആദ്യം മദ്രാസിൽ പോയി. 8 വര്‍ഷത്തോളം അവിടെയുണ്ടായിരുന്നു. തെന്നിന്ത്യയിലെ ശ്രദ്ധേയ സംഗീതജ്ഞാനായ എആർ റഹ്മാൻ സംഗീതമൊരുക്കിയ ലഗാനിൽ കോറസ് പാടാനും അവസരം ലഭിച്ചിട്ടുണ്ട്. സംഗീതജ്ഞനായ ശ്യാം സാറിനൊപ്പം 98 കാലയളവിൽ തമിഴ് സിനിമകളിൽ കംപോസിങ് അസിസ്റ്റന്‍റ് ആകാനും ഭാഗ്യം ലഭിച്ചു. സംഗീത സംവിധായകൻ ധിനയോടൊപ്പം ഒന്നരവര്‍ഷമുണ്ടായിരുന്നു. എസ്.പി.ബിക്കും ദാസേട്ടനും ചിത്രചേച്ചിക്കുമൊക്കെ വേണ്ടി ഞാൻ ട്രാക്ക് പാടിയിട്ടുമുണ്ട്. മദ്രാസിൽ കഴിഞ്ഞ സമയത്തെ സൗഹൃദങ്ങളാണ് സിനിമയിലേക്ക് എത്തിച്ചത്. സംഗീത സംവിധായകൻ വിദ്യാസാഗറിന്‍റെ കീബോര്‍ഡിസ്റ്റായിരുന്ന പോള്‍ രാജാണ് എന്‍റെ പാട്ടുകള്‍ കേട്ടിട്ട് ഭക്തിഗാനരംഗത്ത് മാത്രം ഒതുങ്ങരുത് എന്ന് പറഞ്ഞത്. പ്രത്യേകതയുള്ള കംപോസിഷനുകളാണെന്നും സിനിമ ചെയ്യാൻ പറ്റുമെന്നുമൊക്കെ അദ്ദേഹം പറഞ്ഞപ്പോഴാണ് സിനിമയിലേക്ക് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇപ്പോള്‍ ഇൻഷയിലെ ഈ ഗാനം എനിക്കൊരു ബ്രേക്ക് ആവുമെന്ന് കരുതുന്നു, ഡോ.ഡോണാള്‍ഡ് പറഞ്ഞിരിക്കുകയാണ്.

വരികളെഴുതിയത് ഡോ. കെ സജി

ആരു ഞാനാകണം എന്ന കവിതയിലൂടെ ശ്രദ്ധ നേടിയ ഡോ കെ സജിയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്തന്. മൂന്ന് ഡോക്ടർമാർ ഒരുമിക്കുന്ന സിനിമ കൂടിയാണ് ഇൻഷ എന്ന പ്രത്യേകതയുമുണ്ട്. ഡോ സജി ആദ്യമായാണ് സിനിമയിൽ പാട്ടെഴുതുന്നത്. 2019ൽ ആരു ഞാനാകണം എന്ന പേരിൽ കവിത സമാഹാരം പുറത്തിറക്കിയിട്ടുമുണ്ട് ഡോ. കെ സജി. നിരവധി ലളിതഗാനങ്ങൾക്കും അദ്ദേഹം വരികളെഴുതിയിട്ടുമുണ്ട്.

ഇൻഷയൊരുക്കിയത് ഡോ. സിജു വിജയൻ

നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ഡോ.സിജു വിജയൻ ആദ്യമായി അണിയിച്ചൊരുക്കുന്ന മുഴുനീള ഫീച്ചര്‍ സിനിമയാണ് ഇൻഷ. അനാമിക, ഹെഡ്‍ലൈൻ, നോവ് തുടങ്ങിയവാണ് സിജു മുമ്പ് ഒരുക്കിയിട്ടുള്ള ഹ്രസ്വ ചിത്രങ്ങള്‍. സ്‌പൈനല്‍ മസ്‌കുലാര്‍ അസ്‌ട്രോഫി എന്ന രോഗം മൂലം ചക്ര കസേരയിലാണ് സിജുവിന്‍റെ ജീവിതം. ഇൻഷയിലെ കേന്ദ്ര കഥാപാത്രവും ഇത്തരത്തിൽ ചക്രകസേരയിൽ ജീവിക്കന്നൊരാളാണ്. പ്രാർത്ഥന സന്ദീപ് എന്ന പെൺകുട്ടിയാണ് ഇൻഷ എന്ന കേന്ദ്രകഥാപാത്രമായി ചിത്രത്തിൽ എത്തുന്നത്. പൈപ്പിൻ ചുവട്ടിലെ പ്രണയം, ഗ്രേറ്റ് ഫാദർ, ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ മലയാള സിനിമകളിലും രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളാണ് പ്രാർ‍ത്ഥന. ആര്യ സലിം എന്ന യുവനടിയാണ് ഇൻഷയുടെ ഉമ്മ സുമയ്യ എന്ന കഥാപാത്രമായി എത്തുന്നത്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ജയന്തൻ എന്ന കഥാപാത്രമായി ശ്രദ്ധേയനായ അനിൽ പെരുമ്പളം ആണ് ഖലീൽ എന്ന വളരെ ശക്തമായ വേഷത്തിൽ എത്തുന്നത്. ആദിത്യ രാജേഷ്, മെബിൻ ഐസക്ക്, അനന്തു നാരായണൻ, മനക്ഷ ഇസ്മയിൽ, രാജേശ്വരി ശശികുമാർ, സുരേഷ് നെല്ലിക്കോട്, സാനിഫ് അലി, ടിമി വർഗീസ്, അഞ്ജു റാണി ജോയ്, സുമേഷ് മാധവൻ, പ്രശാന്ത്, ജെറിൽ ജോണി തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്.

'മൗനം തേങ്ങും' ഗാനം കേൾക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്