ആപ്പ്ജില്ല

ഏറെ ബഹുമാനത്തോടെ പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ; എസ് രമേശൻനായർക്ക് ആദരാഞ്ജലികളുമായി താരങ്ങൾ

ഭാവസാന്ദ്രമായ നിരവധി ഗാനങ്ങളാണ് രമേശൻ നായരുടെ തൂലികയാൽ മലയാളത്തെ സമ്പന്നമാക്കിയത്

Samayam Malayalam 19 Jun 2021, 12:52 pm
മലയാളത്തിലെ ശ്രദ്ധേയ കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ ഓ‍‍ർമ്മയായിരിക്കുകയാണ്. ചലച്ചിത്ര ഗാനങ്ങളും ഭക്തിഗാനങ്ങളും ഉള്‍പ്പെടെ 500ലേറെ ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ട് മലയാളചലച്ചിത്ര ഗാനരംഗത്തേക്ക് എത്തിയ അദ്ദേഹം ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. രാക്കുയിലിൻ രാഗസദസ്സിൽ, ഗസൽ, ആദ്യത്തെ കൺമണി, അനിയൻബാവ ചേട്ടൻബാവ, കളിവീട്, ഗുരു, അനിയത്തിപ്രാവ്, മയില്‍പ്പീലിക്കാവ്, പഞ്ചാബിഹൗസ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, സൂര്യപുത്രൻ, ഡാര്‍ലിങ് ഡാര്‍ലിങ്, പ്രിയം, പകൽപ്പൂരം, ഇവർ വിവാഹിതരായാൽ, ട്രാഫിക്ക്, ബോബി, ആകാശഗംഗ 2 തുടങ്ങി നിരവദി സിനിമകളിൽ ഭാവസാന്ദ്രമായ വാക്കുകൾ ചാലിച്ച് അദ്ദേഹം ഒരുക്കിയ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ആദരാഞ്ജലികളുമായി നിരവധിപേർ എത്തിയിരിക്കുകയാണ്.
Samayam Malayalam poet and lyricist s ramesan nair passes away celebs come together to mourn lyricist s ramesan nairs death
ഏറെ ബഹുമാനത്തോടെ പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ; എസ് രമേശൻനായർക്ക് ആദരാഞ്ജലികളുമായി താരങ്ങൾ


Also Read: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു


വിദ്യാജിയും ഞാനും വിദ്യാർഥികളായി മാഷിന്‍റെ മുമ്പിലിരുന്ന ആ പാട്ട്കാലം

ചന്ദ്രനുദിക്കുന്ന ദിക്കിലെ “ഒരു കുഞ്ഞുപൂവിന്‍റെ ഇതളിൽ നിന്നൊരു തുളളി മധുരം” ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻനായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്‍റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർഥികളായി മാഷിന്‍റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം. കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമ്മകൾക്കു മുമ്പിൽ എന്‍റെ പ്രണാമം, സംവിധായകൻ ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

ഒരിക്കലും മറക്കാനാവാത്ത ആ ഭക്തിഗാനങ്ങൾ

എസ് രമേശൻ നായരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന ഏതാനും ഗാനങ്ങള്‍ പാടുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. സിനിമാഗാനങ്ങളേക്കാള്‍ അദ്ദേഹം ഒരിക്കലും മറക്കാനാവാത്ത നിരവധി ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചരുന്നു, ഗായിക കെ എസ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

പ്രണാമം

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർക്ക് പ്രണാമമർപ്പിച്ച് നടൻ മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. രമേശൻ നായരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.

Also Read: ഓരോ ആത്മാക്കളും പറയാൻ ബാക്കി വെച്ചുപോകുന്ന ചില രഹസ്യങ്ങളുണ്ട്, പൃഥ്വിരാജ് നായകനായെത്തുന്ന 'കോള്‍ഡ് കേസ് ടീസർ

ഭാവസാന്ദ്രമായ ആ വരികൾ

ഭാവസാന്ദ്രമായ വാക്കുകൾ കൊണ്ട് കവിതയിലും ഗാനങ്ങളിലും ചന്ദനഗന്ധം നിറച്ച പ്രിയപ്പെട്ട കവി എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ എന്നാണ് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

ആദരാഞ്ജലികളുമായി മഞ്ജു

എസ് രമേശൻ നായർ സാറിന് ആദരാഞ്ജലികളെന്നാണ് നടി മഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്ന അദ്ദേഹം തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരും ആശാന്‍ പുരസ്‌കാരവും 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്