ആപ്പ്ജില്ല

വനിതാ ചലച്ചിത്ര മേളയ്ക്ക് മാത്രമായി ഇപ്പോൾ പെട്ടന്ന് തയ്യാറാക്കിയ നിയമം മാത്രം ആണോ ? ഐ എഫ് എഫ് കെ യിലും ഈ നിയമം നടപ്പിലാക്കുമോ ? ചോദ്യവുമായി ഡോ. ബിജു

അസംഘടിതർ എന്ന സിനിമ വനിതാ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്നുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഡോ ബിജു

Samayam Malayalam 17 Jul 2022, 6:24 pm
കുഞ്ഞില മാസ്സിലാമണിയുടെ സിനിമ 'അസംഘടിതർ' അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാത്തതിനെ തുടർന്നുള്ള വിവാദത്തിൽ സംവിധായകൻ ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു.
Samayam Malayalam biju (2)


''ചോദ്യങ്ങൾ കൃത്യമാണ് ദാ ഇത്രയേ ഉള്ളൂ,
1. വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങൾ എന്തൊക്കെയാണ് . മാനദണ്ഡങ്ങളും നിയമാവലിയും ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റിലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?
2. വനിത ചലച്ചിത്ര മേളയിലേക്ക് സിനിമകൾ തിരഞ്ഞെടുത്തത് ഏതെങ്കിലും സെലക്ഷൻ കമ്മിറ്റി ആണോ ? ആണെങ്കിൽ ആരൊക്കെയാണ് അംഗങ്ങൾ ?
ഈ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അക്കാദമി ബാദ്ധ്യസ്ഥം അല്ലേ ?

Also Read: നീയൊരു പുരുഷനല്ലേ, അവളേയും വിളിച്ച് എവിടെയെങ്കിലും പോയി ജീവിച്ചൂടേയെന്ന് ചോദിച്ചിരുന്നു! രണ്ടുവീട്ടുകാരുടേയും സമ്മതത്തോടെ വിവാഹം നടന്നാല്‍ മാത്രമേ ഒന്നിക്കൂയെന്നായിരുന്നു മൊയ്തീന്‍ പറഞ്ഞതെന്ന് ശ്രീകുമാരന്‍ തമ്പി

ഇന്ന് അക്കാദമിയുടേതായി വന്ന ഒരു വിശദീകരണം വായിച്ചു . അതിൽ പറയുന്നത് ഓ ടി ടി യിൽ വന്ന സിനിമകൾ ഒഴിവാക്കി പുതിയ സിനിമകൾക്ക് അവസരം നൽകി എന്നതാണ് . ഇത് ഔദ്യോഗിക വിശദീകരണം എങ്കിൽ ഏറെ സ്വാഗതം ചെയ്യുന്ന ഒരു തീരുമാനം ആണ് . അപ്പോൾ സ്വാഭാവികം ആയി ഒരു ചോദ്യം കൂടി ഉയർന്നു വരും .
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേള ആയ ഐ എഫ് എഫ് കെ യിലും ഈ നിയമം നടപ്പിലാക്കുമോ ?


ഐ എഫ് എഫ് കെ യിൽ വർഷങ്ങളായി സ്വതന്ത്ര സംവിധായകർ ആവശ്യപ്പെടുന്ന ഒന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകൾ കേരളാ പ്രീമിയർ ആയിരിക്കണം എന്ന നിബന്ധന ഉൾപ്പെടുത്തണം എന്നത് . അതായത് ഓ ടി ടി റിലീസോ തിയറ്റർ റിലീസോ ചെയ്യാത്ത പുതിയ സിനിമകൾ ആയിരിക്കണം മേളയിൽ തിരഞ്ഞെടുക്കേണ്ടത് എന്നാണ് . ലോകത്തെ എല്ലാ പ്രധാന മേളകളിലെയും നിബന്ധന ആണ് മേള നടക്കുന്ന രാജ്യത്ത് ആ ചിത്രം മുൻപ് റിലീസ് ചെയ്തത് ആകാൻ പാടില്ല എന്നത് . കേരളത്തിൽ മാത്രം ഈ നിയമം നടപ്പിലാക്കിയിട്ടില്ല . 2018 ൽ ഞാൻ കൂടി അംഗമായ ഒരു കമ്മിറ്റി ഫെസ്റ്റിവൽ നിയമാവലി പുതുക്കിയപ്പോൾ ഈ നിർദേശം മാത്രം അട്ടിമറിക്കപ്പെട്ടു . സ്വതന്ത്ര സിനിമാ സംവിധായകർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേരള പ്രീമിയർ എന്ന നിബന്ധന അക്കാദമി ഏർപ്പെടുത്തിയിട്ടില്ല . ഫലമോ, ഓ ടി ടി യിൽ റിലീസ് ചെയ്തതും തിയറ്ററിൽ റിലീസ് ചെയ്തതുമായ സിനിമകൾ ഐ എഫ് എഫ് കെ യിൽ നിരന്തരം തിരഞ്ഞെടുക്കപ്പെട്ടു .
ഇപ്പോൾ വനിതാ ചലച്ചിത്ര മേളയിൽ ഓ ടി ടി റിലീസ് ചെയ്ത സിനിമകൾ അക്കാദമി ഒഴിവാക്കിയെങ്കിൽ , ഏറെ പ്രധാനപ്പെട്ട മേള ആയ ഐ എഫ് എഫ് കെ യിലും ലോകമെമ്പാടും അനുവർത്തിക്കുന്ന ഈ നിയമം ഈ വർഷം എങ്കിലും ഐ എഫ് എഫ് കെ യിൽ നടപ്പാക്കാൻ അക്കാദമി തയ്യാറാകുമോ ...അതോ ഇത് വനിതാ ചലച്ചിത്ര മേളയ്ക്ക് മാത്രമായി ഇപ്പോൾ പെട്ടന്ന് തയ്യാറാക്കിയ നിയമം മാത്രം ആണോ ?
ഐ എഫ് എഫ് കെ യുടെ അടുത്ത എഡിഷന്റെ നിയമാവലിയിൽ മലയാള സിനിമയുടെ കേരളാ പ്രീമിയർ എന്ന ഏറെക്കാലത്തെ ആവശ്യം നടപ്പാക്കുമോ ?
അക്കാദമിയെ ഉറ്റു നോക്കുന്നു'', ഡോ. ബിജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്