ആപ്പ്ജില്ല

സുരേന്ദ്രനെ വിട്ടയച്ചതിൽ പങ്കില്ലെന്ന് ഷാജി കൈലാസ്

ബിജെപി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഷാജി

Samayam Malayalam 8 Dec 2018, 1:41 pm
തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തയ്‍ക്കെതിരായ വധശ്രമക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന ബിജെപിയുടെ കെ സുരേന്ദ്രനെ വിട്ടയച്ചതിൽ തനിക്കും ഭാര്യയ്ക്കും പങ്കില്ലെന്ന് സംവിധായകൻ ഷാജി കൈലാസ്. സുരേന്ദ്രനെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
Samayam Malayalam shaji kailas


എന്നാൽ ശനിയാഴ്ച രാവിലെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നേമം പുഷ്പരാജിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ അസിസ്റ്റന്റ് ഡയറക്ടറും സാമൂഹികപ്രവർത്തകനുമായ അനിൽ എന്നയാള്‍ അടുത്തുവന്ന് ശബരിമല ആചാര സംരക്ഷണത്തിന് ഒരു കോടി ഒപ്പ് ശേഖരിക്കുന്നുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു പേപ്പർ കൊണ്ട് വന്ന് ഒപ്പ് ഇടാൻ തന്നുവെന്നും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചു ഒപ്പ് വാങ്ങുകയും അത് മറ്റൊരു രീതിയിൽ ഉപയോഗിച്ചത് തികച്ചും വേദനാജനകമാണെന്നും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഷാജി കൈലാസിന്‍റെ ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

''കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വെക്കുകയോ ഇതേ കുറിച്ച്‌ അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.''

വിശ്വസ്തതയോടെ, ഷാജി കൈലാസ്, ചിത്ര ഷാജികൈലാസ്.


ഇന്ന് രാവിലെ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

''ഞാൻ ഒരു എളിയ ചലച്ചിത്ര പ്രവർത്തകനാണ്. വിവാദങ്ങൾക്കോ ഭരണകൂടത്തിന് എതിരെയുള്ള പരാമർശങ്ങൾക്കോ ഞാനില്ല. ഒരു സാംസ്‌കാരിക നായകന്റെ പദവി അലങ്കരിക്കാനും എനിക്ക് താല്പര്യമില്ല. എങ്കിലും വാസ്തവവിരുദ്ധമായ ചില കാര്യങ്ങൾ എനിക്കെതിരെയും എന്റെ പ്രിയ പത്നിക്കും എതിരെ ആരോപിക്കുമ്പോൾ മിണ്ടാതിരിക്കാനും വയ്യ. ഞാനും എന്റെ ഭാര്യ ചിത്രയും ഒപ്പിട്ടുവെന്ന് പറയുന്ന ഒരു രേഖയും കൊണ്ട് ചിലർ എനിക്കെതിരെ ശബ്ദമുയർത്തുന്നുണ്ട്. നേമം പുഷ്പരാജിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ അസിസ്റ്റന്റ് ഡയറക്ടറും സാമൂഹികപ്രവർത്തകനുമായ അനിൽ എന്റെ അടുത്ത് വന്ന് ശബരിമല ആചാര സംരക്ഷണത്തിന് ഒരു കോടി ഒപ്പ് ശേഖരിക്കുന്നുണ്ട് എന്ന് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. ചടങ്ങ് കഴിഞ്ഞ് ഇറങ്ങാൻ നേരം കാറിലിരുന്ന എന്റെ കൈയ്യിൽ മടക്കി പിടിച്ച ഒരു പേപ്പർ കൊണ്ട് വന്ന് ഒപ്പ് ഇടാൻ തന്നു. ഞാനും ഭാര്യ ചിത്രയും അതിൽ ഒപ്പിടുകയും ചെയ്‌തു. ഏറെ വിശ്വസിച്ച അനിൽ എന്നെ തെറ്റിദ്ധരിപ്പിച്ചു അങ്ങനെ ഒപ്പ് വാങ്ങുകയും അത് മറ്റൊരു രീതിയിൽ ഉപയോഗിച്ചതും തികച്ചും വേദനാജനകമാണ്. തികഞ്ഞൊരു ഈശ്വരവിശ്വാസി എന്ന നിലയിൽ ഞാൻ ആ സംയുക്ത പ്രസ്‌താവനയിൽ അറിഞ്ഞു കൊണ്ട് ഒപ്പിട്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയുന്നു. ദയവായി കൂടുതൽ വിവാദങ്ങളിലേക്ക് എന്നെ വലിച്ചിഴക്കരുത്.''

വിശ്വസ്തതയോടെ
ഷാജി കൈലാസ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്