ആപ്പ്ജില്ല

​ശരീരത്തിന്‍റെ മതവും രാഷ്ട്രീയവും ചർച്ച ചെയ്ത് ഒരു ചലച്ചിത്ര മേള

മനുഷ്യനും മതവും ലൈംഗികതയും ച‍ർച്ച ചെയ്യപ്പെടുന്നത് തന്നെ സെൻസർ ബോർഡ് ഭയപ്പെടുന്നതിന്‍റെ ഫലമാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍.

Amalu N.S. | TNN 8 Aug 2016, 5:26 pm
ആശയപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഫിലിം ഫെസ്റ്റിവലിന് വേദിയാകുകയാണ് കോഴിക്കോട്.കേരളത്തിലെ രണ്ടാമത് എൽ ജിബിടി ഫിലിം ഫെസ്റ്റിവലിനാണ് ഒാഗസ്റ്റ് 1മുതൽ 7 വരെ കോഴിക്കോട് സാക്ഷിയാകുന്നത്.തീയേറ്ററുകളിൽ സിനിമ എത്തിക്കുക എന്നത് വിപ്ളാവാത്മകമായ ഒരു പ്രവർത്തനമാകുന്ന ഈ കാലഘട്ടത്തിൽ ഫിലിം ഫെസ്റ്റിവലുകളുടെ പ്രാധാന്യം അത്ര ചെറുതല്ല. അതിനാൽ, ഓരോ ഫിലിം ഫെസ്റ്റിവലും അടയാളപ്പെടുത്തുന്നത് ഒരു രാഷ്ട്രീയവും പ്രതീക്ഷയും പ്രതിഷേധവും തന്നെയാണ്.
Samayam Malayalam film festival which opens dias for the conversation on lgbt
​ശരീരത്തിന്‍റെ മതവും രാഷ്ട്രീയവും ചർച്ച ചെയ്ത് ഒരു ചലച്ചിത്ര മേള


ഏഴ് നിറങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്വത്വത്തിന്‍റെ പ്രതിനിധാനം ഏഴു ദിവസങ്ങളിലായി സ്‌ക്രീനിൽ നിറയുന്ന 7 സിനിമകള്‍. 'ഓപ്പൺ സ്ക്രീൻ' എന്ന ഒരു കൂട്ടം സിനിമാ പ്രേമികളുടെ കൂട്ടായ്മയാണ് ഈ പ്രദർശനം ഒരുക്കുന്നത്. വിവിധ ഭാഷകളിലായി തെരഞ്ഞെടുക്കപ്പെട്ട 7 ചിത്രങ്ങളിൽ ഒരെണ്ണം ഹിന്ദുത്വത്തെ അപമാനിച്ചെന്നും സ്ത്രീവിരുദ്ധമാണെന്നും കാണിച്ച് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിച്ച ജയൻ ചെറിയാൻ സംവിധാനം ചെയ്ത 'ക ബോഡിസ്‌കേപ്പ്' എന്ന മലയാള ചിത്രമാണ്. മലയാള ചലച്ചിത്ര രംഗത്ത് ഏറെയൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ ഇൗ ചിത്രം നിരവധി വിദേശ ഫിലിംഫെസ്റ്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മതം,ലൈംഗികത,സ്വവർഗാനുരാഗം തുടങ്ങിയ വിഷയങ്ങള്‍ ചർച്ച ചെയ്തു എന്നതാണ് ഇൗ ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ നിഷേധിക്കാനുണ്ടായ കാരണം.മനുഷ്യനും മതവും ലൈംഗികതയും ച‍ർച്ച ചെയ്യപ്പെടുന്നത് തന്നെ സെൻസർ ബോർഡ് ഭയപ്പെടുന്നതിന്‍റെ ഫലമാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെടുന്ന ഇത്തരം ചിത്രങ്ങള്‍.



കോഴിക്കോട് വെച്ച് നടക്കുന്ന ഏഴാമത് എൽ ജി ബി ടി ക്യൂർ പ്രയ്‍ഡിന് ഐക്യദാർ‍ഢ്യം ആഹ്വനം ചെയ്തു കൊണ്ടാണ് ഈ പ്രദർശനം അരങ്ങേറുന്നത്. 41 സീറ്റുകൾ മാത്രമുള്ള നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ചലച്ചിത്ര പ്രദർശനത്തിന് സമൂഹത്തിന്‍റെ വിവിധ മുഖങ്ങളിൽ നിന്നുള്ള ചലച്ചിത്ര ആസ്വാദകരാണ് എത്തിച്ചേരുന്നത്. "ഇന്നത്തെ സമൂഹത്തിൽ റെപ്രെസെന്‍റ് ചെയ്യപ്പെടേണ്ട വിഷയങ്ങളാണ് ഐഡിന്‍റിറ്റിയും ലൈംഗികതയും സ്വവര്ഗാനുരാഗവും എല്ലാം തന്നെ. അത് തന്നെയാണ് ഈ ഫിലിം ഫെസ്റ്റിന്‍റെ ഉദ്ദേശവും" ഫിലിം ഫെസ്റ്റിന്റെ സംഘാടകാരിൽ ഒരാളായ വിശാഖ് പറയുന്നു.

അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ച ബ്രിട്ടീഷ് അമേരിക്കൻ ചിത്രം കരോൾ (ടോഡ് ഹെയ്ൻസ്), ഇറാനിയൻ ചിത്രം ഫേസിങ്ങ് മിറർ,ബ്രിട്ടീഷ് അമേരിക്കൻ ചിത്രം ദി ഡാനിഷ് ഗേൾ, സൗത്ത് കൊറിയൻ ചിത്രം എ ഗേൾ അറ്റ് മൈ ഡോർ,സൗത്ത് ആഫ്രിക്കൻ ചിത്രം വൈൽ യു വേറിന്‍റ് ലുക്കിങ്ങ് ഇന്ത്യൻ ചിത്രങ്ങളായ അലിഗ്ര,ക ബോഡിസ്‌കേപ്പ് തുടങ്ങിയവയാണ് ഏഴ് ദിവസങ്ങളിലായി വെള്ളി വെളിച്ചത്തിൽ മിന്നി മറയുന്ന ഏഴു വർണങ്ങൾ.




ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചിത്രങ്ങളോട് ഐഎഫ്എഫ്‍കെ പോലും പുറം തിരിഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും ശരീരം,സമത്വം,ലൈംഗികത തുടങ്ങിയ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്ന ഒരു കാലഘട്ടത്തിലേക്ക് സമൂഹം എത്തി ചേർന്നത് ഏറെ പ്രത്യായശാ ജനകമാണെന്ന് പ്രമുഖ ട്രാൻസ്‍ജെൻഡർ ആക്ടിവിസ്റ് ശീതൾ ശ്യാം പറയുന്നു. ഭിന്ന ലൈംഗികത ഒരു പാപമായി ചിത്രീകരിച്ചിരുന്ന സിനിമകളിൽ നിന്ന് ശരീരവും മനസും ഒരു വ്യക്തിയുടെ അവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് മതവും രാഷ്ട്രീയവുമെല്ലാം വ്യക്‌തിപരമായ തിരഞ്ഞെടുപ്പുകൾ മാത്രമാണെന്ന് ഉറപ്പിക്കുകയുകയാണ് ഇത്തരം സിനിമാ പ്രദർശങ്ങൾ.


ഓതറിനെ കുറിച്ച്
Amalu N.S.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്