ആപ്പ്ജില്ല

'കേസ് ചെറുതെങ്കിലും മൈലേജ് വലുതാന്ന്'! കുഞ്ചാക്കോ ബോബൻ – രതീഷ് പൊതുവാൾ ചിത്രം ‘ന്നാ താൻ കേസ് കൊട്’ രസികൻ ട്രെയിലർ

കുഞ്ചാക്കോ ബോബൻ ഏറെ വേറിട്ട വേഷത്തിലെത്തുന്ന സിനിമ ആഗസ്റ്റ് 11നാണ് തീയേറ്ററുകളിലെത്തുന്നത്

Samayam Malayalam 8 Aug 2022, 3:21 pm
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്‍റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. തിരുവനന്തപുരം ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വൻ ജനാരവത്തെ സാക്ഷിയാക്കിയാണ് ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് കുഞ്ചാക്കോ ബോബനും ‘ന്നാ താൻ കേസ് കൊട്’ ടീമും ചേർന്ന് നിർവഹിച്ചത്. എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്‍റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ്‌ 11ന് തിയറ്ററുകളിലെത്തും.
Samayam Malayalam Nna Thaan Case Kodu Trailer


നിയമ പ്രശ്നങ്ങൾ ചുറ്റിപറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടിയിരിക്കുകയാണ്. യേശുദാസ് - ഓ. എൻ. വി. കുറുപ്പ് കൂട്ടുകെട്ടിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ നിത്യഹരിത ഗാനം 'ദേവദൂതർ പാടി'യുടെ റീമിക്സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബൻ്റെ വേറിട്ട ഡാൻസും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം ആണ് ഇത്.

Also Read: ജീവിതത്തിലെ വലിയൊരു വിഷമഘട്ടത്തെ അതിജീവിക്കുന്ന മീനയേയും മകളേയും കാണാന്‍ ഓടിയെത്തിയ പ്രിയപ്പെട്ടവര്‍! ആ മുഖത്ത് ഇപ്പോഴാണൊരു പുഞ്ചിരി കണ്ടതെന്ന് ആരാധകര്‍

കുഞ്ചാക്കോ ബോബൻ്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് 'ന്നാ താൻ കേസ്‌ കൊട്‌'. വേറിട്ട ടീസറും പോസ്റ്ററുകളും പോലും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആറ് മാസത്തോളം നീണ്ടുനിന്ന പ്രീ-പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ചിത്രത്തിനായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരന്മാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.

ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). എഡിറ്റിംങ്: മനോജ് കണ്ണോത്ത്. ഗാനരചന: വൈശാഖ് സുഗുണൻ. സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിംഗ്: വിപിൻ നായർ. സ്റ്റിൽസ്: ഷാലു പേയാട്. കലാസംവിധാനം: ജോതിഷ് ശങ്കർ. വസ്ത്രാലങ്കാരം: മെൽവി. മേക്കപ്പ്‌: ഹസ്സൻ വണ്ടൂർ. പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി. ഫിനാൻസ്‌ കൺട്രോളർ: ജോബീഷ്‌ ആന്റണി. കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ. ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി. പരസ്യകല: ഓൾഡ് മങ്ക്സ്. പി.ആർ.ഒ: മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ്: ഹെയിൻസ്‌.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്