ഫോട്ടോഗ്രാഫ്

Nawazuddin Siddiqui,Sanya Malhotra,Sachin Khedekar
Hindi,English, Drama1 Hrs 42 Min
ക്രിട്ടിക്സ് റേറ്റിങ്3.5/5വായനക്കാരുടെ റേറ്റിങ്NA
Abin Ponnappan | Samayam Malayalam 4 Jun 2020, 4:32 pm
ശാന്തമായൊഴുകുന്ന പുഴ പോലൊരു സിനിമ

ലഞ്ച് ബോക്സിലൂടെ ലോകമെങ്ങുമുള്ള സിനിമാ മോഹികളുടെ ഇഷ്ടം നേടിയ സംവിധായകനാണ് റിതേഷ് ബത്ര. ലഞ്ച് ബോക്സില്‍ സഹതാരമായെത്തിയ നവസാദ്ദീനേയും മൂന്ന് സിനിമ മാത്രം ചെയ്ത സാനിയ മല്‍ഹോത്രയേയും പ്രധാന കഥാപാത്രങ്ങളാക്കി റിതേഷ് സംവിധാനം ചെയ്ത ചിത്രമാണ് ഫോട്ടോഗ്രാഫ്. പോയ വര്‍ഷം പുറത്തിറങ്ങിയ സിനിമ, ലഞ്ച് ബോക്സിന് ശേഷം റിതേഷ് ഒരുക്കിയ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ്. ലഞ്ച് ബോക്സ് പോലെ തന്നെ പതിഞ്ഞതും എന്നാല്‍ സുന്ദരമായൊരു താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമ.

ലഞ്ച് ബോക്സില്‍ പ്രധാന കഥാപാത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ലഞ്ച് ബോക്സ് ആയിരുന്നു. ഫോട്ടോഗ്രാഫില്‍ എത്തുമ്പോള്‍ അത് ഫോട്ടോഗ്രാഫാകുന്നു. ആ അര്‍ത്ഥത്തിലും രണ്ട് സിനിമകളും ഒരേ പാത പിന്തുടരുന്നുണ്ട്. അപ്പോഴും സ്വന്തമായൊരു പാതയില്‍ ഒഴുകുന്ന നദി തന്നെയാണ് ഫോട്ടോഗ്രാഫ്.

ഇന്ത്യ ഗേറ്റിന് മുമ്പിലെത്തുന്നവരുടെ ഫോട്ടോ എടുത്ത് നല്‍കുന്ന ഫോട്ടോഗ്രാഫറാണ് നവാസുദ്ദീന്റെ റഫിയുള്ള എന്ന റഫി. ഗ്രാമത്തില്‍ നിന്നും നിരന്തരം കല്യാണത്തെ കുറിച്ച് പറഞ്ഞ് ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്ന മുത്തശ്ശിയെ സമാധാനിപ്പിക്കാന്‍ താനെടുത്ത ഒരു പെണ്‍കുട്ടിയുടെ ചിത്രം അയാള്‍ കാണിക്കുന്നു. അന്തര്‍മുഖയായ, പഠനത്തില്‍ മിടുക്കിയായ മിലോനിയുടെ ഫോട്ടോയായിരുന്നു അത്. അവിടെ നിന്നുമാണ് ഫോട്ടോഗ്രാഫ് ആരംഭിക്കുന്നത്.

വണ്‍ ലെെനില്‍ ദരിദ്രനായ നായകനും അവനേക്കാള്‍ സമ്പന്നയായ നായികയും തമ്മിലുള്ള പ്രണയ കഥയാണ് ഫോട്ടോഗ്രാഫ്. പക്ഷെ സ്ഥിരം മാതൃകയില്‍ നില്‍ക്കുമ്പോള്‍ തന്നെ ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി കൊണ്ടും ലളിതവും മനോഹരമായ അവതരണം കൊണ്ടുമാണ് ഫോട്ടോഗ്രാഫ് മികച്ചൊരു അനുഭവമായി മാറുന്നത്.

പുറമെ നിന്നും നോക്കുമ്പോള്‍ എല്ലാമുള്ളവളാണ് മിലോനി. എന്‍ട്രന്‍സ് സെന്ററിലെ മിടുക്കിയായ വിദ്യാര്‍ത്ഥിനി, സമ്പന്നരായ മാതാപിതാക്കള്‍, നല്ല വിടും പരിസരവും. എന്നാല്‍ അവളുടെ മനസ് ഒരിക്കലും സന്തുഷ്ടമായിരുന്നില്ല. തനിക്ക് ചുറ്റുമുള്ള സൗകര്യങ്ങളും റോഡ് സെെഡിലുയര്‍ന്ന തന്റെ ഫോട്ടോ വച്ച ഫ്ലക്സ് ബോര്‍ഡുമൊന്നും അവളില്‍ സന്തോഷമുണ്ടാക്കിയില്ല. മിലോനി സന്തോഷം കണ്ടെത്തുന്നത്, അവാളാകുന്നത് റഫിയുള്ളയുടെ കടന്നു വരവോടെയാണ്. എല്ലാദിവസും ഒരുപോലെ കടന്നു പോയ്ക്കൊണ്ടിരുന്ന റഫിയുള്ള ജീവിതത്തില്‍ നിറങ്ങള്‍ വന്നു ചേരുന്നത് മിലോനിയെ കണ്ട് മുട്ടിയതിന് ശേഷമായിരുന്നു.

നവാസുദ്ദീന്‍ സിദ്ദീഖി എന്ന നടന്റെ പ്രതിഭയെ കുറിച്ച് അധികം പറയേണ്ടതില്ല. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും അണ്ടര്‍റേറ്റഡ് പ്രകടനമാണ് ഫോട്ടോഗ്രാഫിലേത്. പക്ഷെ മനസിലുടക്കി നില്‍ക്കുന്നത് സാനിയയുടെ മിലോനിയാണ്. അത്രമേല്‍ ആഴമുള്ളൊരു കഥാപാത്രത്തെ ഒരു തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെയാണ് സാനിയ അവതരിപ്പിക്കുന്നത്. മുമ്പ് ചെയ്ത ദംഗല്‍, പട്ടാക്ക, ബദായി ഹോ എന്നീ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു മിലോനി. സിനിമയില്‍ മിക്കപ്പോഴും മിലോനി നിശബ്ദയാണ്. എന്നാല്‍ അവളുടെ മനസ് സഞ്ചരിക്കുന്ന വഴികള്‍ ഒരിക്കലും നമുക്ക് നഷ്ടമാകുന്നില്ല. സമീപകാലത്ത് ഹിന്ദി സിനിമയില്‍ അരങ്ങേറിയ ഏറ്റവും മികച്ച അഭിനേത്രിയാണ് സാനിയ. നവാസൂദ്ദിനെ പോലൊരു പ്രതിഭയ്ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നൊരു തോന്നല്‍ സാനിയ നല്‍കുന്നില്ല.

ചിത്രത്തിന്റെ സപ്പോര്‍ട്ടിങ് കാസ്റ്റും ഏറെ ശക്തമാണ്. ഫാറൂഖ് ജാഫര്‍ അവതരിപ്പിച്ച മുത്തശ്ശി സിനിമയ്ക്ക് നല്‍കുന്ന ലെെഫ് പറഞ്ഞറിയിക്കാനാവാത്തതാണ്. അതുപോലെ തന്നെ വിജയ് റാസ് അവതരിപ്പിക്കുന്ന തിവാരിയുടെ പ്രേതവും. സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്നില്‍ നവാസുദ്ദീനും വിജയ് റാസുമാണുള്ളത്. രണ്ട് മികച്ച അഭിനേതാക്കള്‍ ഒരുമിച്ച് വരുമ്പോള്‍ ഉണ്ടാകുന്ന ഗിവ് ആന്റ് ടേക്ക് ആണ് രംഗത്തിന്റെ മികവ്. മോഹന്‍ലാലും ജഗതിയും മോഹന്‍ലാലും തിലകനുമൊക്കെ വരുന്നത് പോലെ. അവിടെ മറ്റൊന്നിന്റെ സപ്പോര്‍ട്ട് അവര്‍ക്ക് ആവശ്യമില്ല. പേരുപോലെ തന്നെ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ഓരോ ഫോട്ടോഗ്രാഫാക്കി മാറ്റുകയായിരുന്നു ഛായാഗ്രാഹകരായ ടിം ഗില്ലിസും ബെന്‍ കുഷിന്‍സും. പീറ്റര്‍ റായിബേണിന്റെ സംഗീതവും സിനിമയുടെ താളത്തിനൊത്ത് ഒഴുകുന്നതാണ്. ശാന്തമായി ഒഴുകുന്ന നദിപോലൊരു സിനിമ, അങ്ങനെ അടിവരയിടാം ഫോട്ടോഗ്രാഫിന്.
ഓതറിനെ കുറിച്ച്
Abin Ponnappan

മൂവി റിവ്യൂ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്