ആപ്പ്ജില്ല

നാല്പതാം വെള്ളിയിൽ നിന്ന് കൊഴുക്കൊട്ട ശനിയിലേക്ക്

ഓശാന ഞായറാഴ്ചയ്ക്ക് തലേന്ന് കൊഴിക്കൊട്ട പെരുന്നാളിന്‍റെ ചിട്ടവട്ടങ്ങളാണ്

Samayam Malayalam 23 Mar 2018, 6:27 pm
ഇന്ന് ക്രൈസ്തവർക്ക് വലിയനോമ്പിലെ നാല്പതാം വെള്ളിയാണ്. നാല്പതാം വെള്ളി ആചരണം കേരളസഭയില്‍ മാത്രം കണ്ടുവരുന്ന ഒരു ആചരണമാണ്. (കാരണം ലത്തീന്‍ സഭയ്ക്ക് വിഭൂതി ബുധന്‍ മുതല്‍ എണ്ണിയാല്‍ നാല്പതാം വെള്ളി കിട്ടില്ല). ഉദയംപേരൂര്‍ സൂനഹദോസിനു മുമ്പ് ചിലയിടങ്ങളിലെങ്കിലും നിലനിന്നതെങ്കിലും പിന്നീട് ലത്തീന്‍ മിഷണറിമാരുടെ പ്രോത്സാഹനത്തില്‍ വളര്‍ന്നു വന്നതുമാണ് നമ്മുടെ നാല്പതാം വെള്ളി ആചരണം എന്നു വേണം കരുതാൻ.
Samayam Malayalam Kozhukkatta


നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് നസ്രാണി പാരമ്പര്യത്തില്‍ – കൊഴുക്കൊട്ട ശനിയും (ഈശോ ബഥാനിയായില്‍ ലാസറിന്‍റെ ഭവനം സന്ദര്‍ശിക്കുകയും മര്‍ത്തായും മറിയവും കര്‍ത്താവിന് കൊഴുക്കട്ട കൊടുത്ത് സല്‍ക്കരിച്ച ദിനം ) ഓശാന ഞായറും. അങ്ങനെ ഈശോയുടെ നാല്പതു നോമ്പിനെ അനുസ്മരിച്ച് നോമ്പുനോറ്റ ശേഷം കഷ്ടാനുഭവ ആഴ്ച്ചയില്‍ നോമ്പിന്‍റെ മറ്റൊരു തലത്തിലേയ്ക്കു വിശ്വാസികള്‍ കടക്കുകയും ചെയ്യുന്നതാണ് പതിവ്.
പാശ്ചാത്യ – പൗരസ്ത്യ സഭകളില്‍ നോമ്പ് എന്നത് മോശയുടെയും ഈശോയുടെയും നാല്പത് ദിവസത്തെ ഉപവാസദിനങ്ങളുടെ അനുസ്മരണം കൂടിയാണല്ലോ. അതിനാല്‍ വിഭൂതി തിങ്കളാഴ്ച്ച മുതല്‍ 40 നാള്‍ എന്ന് കണക്കു കൂട്ടിയെടുക്കുന്ന ദിനമാണ് നാല്പതാം വെള്ളി. സഭയിലെ ആദ്യകാല നോമ്പ് ദനഹാ തിരുനാള്‍ മുതല്‍ 40 ദിവസമായിരുന്നു. തുടര്‍ന്ന് പീഡാനുഭവ ആഴ്ച്ച വേറെ നോമ്പും. അതുപോലെ ഒരു നാല്പതാചരണവും അതിന്‍റെ ആഘോഷമായ സമാപനവും നാല്പതാം വെള്ളിയാഴ്ച്ച നടത്തുന്ന പതിവും ചരിത്രത്തിലെപ്പോഴോ ഒരു കാലഘട്ടത്തില്‍ കേരളസഭയില്‍ നിലനിന്നിരുന്നു. അതിന്‍റെ ശേഷിപ്പാണ് ചില സ്ഥലങ്ങളിലെങ്കിലുമുള്ള നാല്പതാം വെള്ളി ചടങ്ങ്. പിന്നീടാവാം അമ്പത് ഒന്നിച്ചെടുക്കുന്ന രീതിയിലേയ്ക്കു നോമ്പ് ഏകീകരിക്കപ്പെട്ടത്.

കേരളസഭയില്‍ തന്നെ നാല്പതാം വെള്ളിക്ക് പ്രാദേശിക പ്രധാന്യമേയുള്ളു; നാല്പതാം വെള്ളിയുടേതായി പ്രത്യേക പ്രാര്‍ഥനാ ക്രമമൊന്നും നമ്മുടെ സഭയിലുള്ളതായി അറിവില്ല. അന്നു തീര്‍ഥാടനങ്ങള്‍ നടത്തുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട് എന്നു മാത്രം.

ആര്‍ട്ടിക്കിള്‍ ഷോ