ആപ്പ്ജില്ല

സ്നേഹിക്കൂ, ആ രാജാവിനേയും രാപ്പാടിയേയും പോലെ

ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കുകയാണ്. പ്രണയമെന്നാൽ ഇഷ്ടമുള്ളതിനെ സ്വന്തമാക്കലല്ല. അതിനെ ഉയരങ്ങളിലേക്ക് പറക്കാൻ അനുവദിക്കലാണ്.

Samayam Malayalam 14 Feb 2019, 1:02 pm
യഥാർത്ഥ സ്നേഹം ചരട് കെട്ടിയിട്ട പോലെയോ സ്വർത്ഥ നിറഞ്ഞതോ അല്ല. അത്തരത്തിലുള്ള ബന്ധങ്ങൾ ഒരുവനെ സങ്കടങ്ങളിലേക്കേ നയിക്കുകയുള്ളൂ. യഥാർത്ഥ സ്നേഹം സ്വാതന്ത്ര്യം നൽകുന്ന ഒന്നാണ്. വ്യക്തിയെ ഏറ്റവും സന്തോഷപൂർണനാക്കാൻ കഴിയുന്ന ഒന്നാണ്. ലൌകികമല്ലാത്ത യഥാർത്ഥസ്നേഹം മാത്രമേ ജീവിതത്തിൽ ഉന്നമനത്തിനുള്ള ചവിട്ടുപടിയാകൂ.
Samayam Malayalam everton-vila-140207-unsplash


അഭിനിവേശം- അത് വ്യക്തിയോടായാലും വസ്തുവിനോടായാലും നാശത്തിലേ എത്തിക്കൂ എന്ന് ഭഗവദ് ഗീത പറയുന്നു. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുവെങ്കിൽ അയാളെ സ്വതന്ത്രമായി വിടുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്.

തൻ്റെ രാപ്പാടിയെ ജീവനു തുല്യം സ്നേഹിച്ച രാജാവിൻ്റെ കഥ കേട്ടിട്ടില്ലേ? രാജാവിന് വളരെ ഇഷ്ടമായിരുന്നു ആ രാപ്പാടിയെ. സ്വർണക്കൂട്ടിൽ ഇട്ടിരുന്ന ആ പക്ഷി രാജാവിനായി പാട്ടുകൾ പാടുമായിരുന്നു. എല്ലാ ദിവസവും അതിൻ്റെ സംഗീതം കേട്ട് രാജാവ് സ്വയം മറന്ന് ഇരിക്കുമായിരുന്നു. അത്രമേൽ ആസ്വാദ്യമായ ആ ഗാനങ്ങൾ രാജാവിനെ ഈറനണിയിച്ചിരുന്നു.

ഒരു ദിവസം രാജാവ് ആ പക്ഷിയോട് പറഞ്ഞു, "പ്രിയ മിത്രമേ, രാജ്യകാര്യങ്ങളാൽ മനസ് വല്ലാതെ പ്രക്ഷുബ്ധമാണ്. എനിക്കായി ഇന്നൊരു ഗാനം പാടാമോ? ശോകഗാനത്തിന് പകരം, മനസിനെ ആനന്ദിപ്പിക്കുന്ന ഗാനം?"

" തീർച്ചയായും..ഹരിതാഭമായ വനനിബിഡത്തെക്കുറിച്ചും മേഘങ്ങളില്ലാത്ത നീലാകാശത്തെക്കുറിച്ചും ഞആൻ അങ്ങേയ്ക്ക പാടിത്തരാം . പക്ഷേ അതെനിക്ക് ഈ സ്വർണക്കൂട്ടിലിരുന്ന് ചെയ്യാൻ കഴിയില്ല. അതിന് താങ്കൾ എന്നെ സ്വന്ത്രനാക്കിയേ പറ്റൂ. എന്നെ സ്വതന്ത്രനാക്കിയാൽ മേൽപ്പറഞ്ഞവയെല്ലാം കണ്ടാസ്വദിച്ച് ഞാൻ മനോഹരമായി പാടിത്തരാം."

" നിന്നെ തുറന്നു വിട്ടാൽ നീ തിരിച്ച് വരില്ലെന്ന് എനിക്കുറപ്പാണ്" , രാജാവ് പറഞ്ഞു.

"എനിക്ക് സ്വാതന്ത്ര്യം തന്നാൽ എനിക്കെങ്ങനെ അങ്ങയോട് കടപ്പാടില്ലാതെ പെരുമാറാനാവും? എല്ല രാത്രിയിലും മടങ്ങിവന്ന് പാട്ടു പാടിത്തരാമെന്ന് ഞാനങ്ങേയ്ക്ക് വാക്ക് നൽകുന്നു." രാപ്പാടി മറുപടി നൽകി.

"ശരി", രാജാവ് സമ്മതിച്ചു. "നിന്നോട് എനിക്ക് അരുത് എന്ന് പറയാനാവില്ല. കാരണം അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെ എൻ്റെ മനസ് പറയുന്നു. എന്നാലും സാരമില്ല. നീ സന്തോഷമായി എവിടെങ്കിലും പാടുന്നുണ്ടാവും എന്ന് ഞാൻ സമാധാനിച്ചോളാം". രാജാവ് രാപ്പാടിയെ തുറന്നു വിട്ടു.

അന്ന് വൈകിട്ടു തന്നെ രാപ്പാടി തിരിച്ചെത്തി. രാജ്യകാര്യങ്ങളും രാജഭാരവുമേന്തി ക്ഷീണിച്ചെത്തിയ രാജാവിനെക്കാത്ത് ജാലകപ്പടിയിലിരുന്ന രാപ്പാടിയെക്കണ്ട് രാജാവിന് ഏറെ സന്തോഷമായി. അന്ന് രാപ്പാടി രാജാവിനായി ലോകത്തിലേക്ക് ഏറ്റവും ആനന്ദം പകരുന്ന ഗാനം പാടി. അന്നുമുതലെന്നും.

സ്നേഹം ആ രാജാവിനേയും രാപ്പാടിയേയും പോലെയാവട്ടെ. സ്വന്തമാക്കാനായി തടവിലാക്കാതെ അനന്തവിഹായസ്സിലേക്ക് പറന്നുയരാനുള്ള കരുത്താവട്ടെ. എന്നാൽ മാത്രമേ അത് നിലനിൽക്കു, പൂർണ തൃപ്തിയോടെ.

ആര്‍ട്ടിക്കിള്‍ ഷോ