ആപ്പ്ജില്ല

ശ്മശാനത്തിൽ പന്തെറിഞ്ഞ് വളർന്ന ബാർബഡോസുകാരൻ ലോകകപ്പിൻെറ വീരനായകൻ

ഈ ലോകകപ്പിലെ ഇംഗ്ലീഷ് ഹീറോയാണ് ജോഫ്ര ആർച്ചർ. പ്രാഥമിക ടീമിൽ ഇടമില്ലാതിരുന്ന ആർച്ചർ പിന്നീട് അവിചാരിതമായാണ് ടീമിലെത്തിയത്. വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ആ ക്രിക്കറ്ററുടെ ജിവിതം അറിയാം

Samayam Malayalam 16 Jul 2019, 3:49 pm
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ കോർട്നി വാൽഷിനെയും കർട‍്‍ലി ആംബ്രോസിനെയും മൈക്കൽ ഹോൾഡിങിനെയും സ്വപ്നം കണ്ട് നടന്നിരുന്ന ഒരു ഒമ്പത് വയസ്സുകാരൻ പയ്യൻ. എങ്ങനെയും വിൻഡീസ് ദേശീയ ടീമിന് വേണ്ടി കളിക്കണമെന്നതായിരുന്നു അവൻെറ ആഗ്രഹം. ബാർബഡോസിലെ ഒരു ശ്മശാനത്തിന് തൊട്ടരികിൽ അവൻ പന്തെറിഞ്ഞ് പരിശീലിച്ചു. പലപ്പോഴും രണ്ടാനച്ഛനായിരുന്നു ഒപ്പം കൂട്ടുണ്ടായിരുന്നത്.
Samayam Malayalam Jofra 2


ആ പ്രോത്സാഹനത്തിൻെറ കരുത്തിൽ ആ ചുരുളൻ മുടിക്കാരൻ ദേശീയടീമിലേക്കുള്ള വഴികൾ തനിക്ക് മുന്നിൽ തുറക്കുന്നത് സ്വപ്നം കണ്ട് തുടങ്ങി. പക്ഷേ ജീവിതം വേറൊരു നിയോഗമാണ് അവന് കരുതി വെച്ചത്. ക്രിക്കറ്റിൻെറ മെക്കയായ ലോർഡ്സിൽ ഐറിഷ് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ ഓയിൻ മോർഗൻ 2019 ലോകകപ്പിലെ നിർണായക ഓവർ പന്തെറിയാനേൽപ്പിച്ചത് അതേ ചുരുണ്ട മുടിക്കാരനെയാണ്.


ഇന്ന് ഇംഗ്ലണ്ടിൻെറ ദേശീയഹീറോയാണ് കറുത്ത വർഗക്കാരനായ ആ ബാർബഡോസുകാരൻ ജോഫ്ര ആർച്ചർ. ഈ ലോകകപ്പിലെ മത്സരങ്ങളിൽ ഇംഗ്ലണ്ട് വിജയിക്കുമ്പോഴൊക്കെ അവൻെറ കയ്യൊപ്പുണ്ടായിരുന്നു. 1975 മുതൽ ഒരു ലോകകപ്പ് കിരീടം നേടുകയെന്ന ഇംഗ്ലീഷുകാരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ ഒടുവിൽ ഒരു കറുത്ത വംശജനായ കുടിയേറ്റക്കാരൻ വേണ്ടിവന്നു.

വെസ്റ്റ് ഇൻഡീസ് ടീമിലെടുത്തില്ല, ഇംഗ്ലണ്ടിലേക്ക് കുടിയേറ്റം...


2014ൽ വെസ്റ്റ് ഇൻഡീസ് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ കളിച്ചിരുന്നു ആർച്ചർ. ഒടുവിൽ സെലക്ടർമാർ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ താരത്തെ തഴഞ്ഞു. വെസ്റ്റ് ഇൻഡീസിൻെറ നഷ്ടം ഇംഗ്ലണ്ടിൻെറ നേട്ടമായി മാറുന്നത് അങ്ങനെയാണ്. ജോഫ്രയുടെ പിതാവിൻെറ നാട് ബ്രിട്ടണായിരുന്നു. വെസ്റ്റ് ഇൻഡീസ് സെലക്ടർമാർ അവഗണിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിൽ ഇടംപിടിക്കുകയെന്നതായി താരത്തിൻെറ ലക്ഷ്യം.

ഇംഗ്ലണ്ടിൻെറ 2019 ലോകകപ്പിനുള്ള പ്രാഥമിക ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ ആൻഡ്രൂ ഫ്ലിൻറോഫ് അടക്കമുള്ള മുൻ താരങ്ങൾ നെറ്റിചുളിച്ചു. ജോഫ്രയെ അവിടെയും സെലക്ടർമാർ പരിഗണിച്ചില്ല. ഒരു കുടിയേറ്റക്കാരൻ എന്ന നിലയിൽ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കുന്നതിൽ ചില തടസ്സങ്ങളുണ്ടായിരുന്നു. 18ാം വയസ്സ് വരെ ഇംഗ്ലണ്ടിൽ ജീവിക്കാത്തതിനാൽ ഏഴ് വർഷം കഴിഞ്ഞ് മാത്രേമേ ടീമിലേക്ക് പരിഗണിക്കുകയുള്ളൂ എന്നായിരുന്നു ആദ്യം. എന്നാൽ ഇത് പിന്നീട് മൂന്ന് വർഷമായി ചുരുക്കിയതോടെ ജോഫ്രയെ ടീമിൽ എടുക്കാമെന്നായി.

പ്രാഥമിക ടീമിൽ ജോഫ്ര ഇല്ലാതെ വന്നപ്പോൾ ആൻഡ്രൂ ഫ്ലിൻോഫ് പറഞ്ഞത് ഇതാണ്, "നിലവിലുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് ആരെ വേണമെങ്കിലും ഒഴിവാക്കി ഞാൻ അവനെ ടീമിൽ എടുക്കും." ഒടുവിൽ അന്തിമടീം പ്രഖ്യാപിച്ചപ്പോൾ ജോഫ്രയെ സെലക്ടർമാർ പരിഗണിച്ചു. വെസ്റ്റ് ഇൻഡീസിൻെറ ദേശീയ ടീം സ്വപ്നം കണ്ടിരുന്ന ആ 24കാരൻ ആദ്യ ലോകകപ്പ് കളിക്കാനെത്തിയത് ഇംഗ്ലണ്ടിന് വേണ്ടി.


ഓരോ മത്സരത്തിലും വീര്യം കൂടുന്ന ബൗളർ

വേഗത ജോഫ്രയുടെ കൈമുതലാണ്. ന്യൂബോൾ എറിയാനെത്തുമ്പോൾ മുൻനിര ബാറ്റ്സ്മാൻമാരെ അയാൾ ഞെട്ടിച്ച് കൊണ്ടേയിരിക്കും. ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളർ ജസ്പ്രീത് ബുംറയും കഗിസോ റബാദയുമൊക്കെ കളിച്ച ലോകകപ്പിൽ പക്ഷേ കപ്പുയർത്താൻ സ്വന്തം ടീമിനെ മുന്നോട്ട് നയിക്കുന്നതിന് ഭാഗ്യം ലഭിച്ചത് ജോഫ്രയ്ക്കാണ്.


2019 ഏപ്രിലിലാണ് ഇംഗ്ലണ്ടിൻെറ ദേശീയടീമിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. ക്രിസ് വോക്സിനും മാർക് വുഡിനും പ്ലങ്കറ്റിനും ഒപ്പം ഇംഗ്ലീഷ് ബോളിങിൻെറ കുന്തമുനയായി അദ്ദേഹം മാറുകയാണ്. ഈ ലോകകപ്പിൻെറ ഹീറോമാരിൽ ജോഫ്രയുടെ മുഖം ആരുടെയും മനസ്സിൽ ആദ്യം തന്നെ തെളിയും. ഷാക്കിബ് അൽ ഹസനും കെയ്ൻ വില്യംസനും രോഹിത് ശർമയും ഡേവിഡ് വാർണറും മിച്ചൽ സ്റ്റാർക്കുമൊക്കെ തോറ്റവരുടെ കൂട്ടത്തിൽ നിന്നപ്പോൾ, ജയിച്ചവരുടെ കൂട്ടത്തിലെ ഏറ്റവും തലയെടുപ്പുള്ള ക്രിക്കറ്റർ ജോഫ്ര തന്നെയായിരുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ദി സണിൽ ജോഫ്ര ആർച്ചറിനെ കുറിച്ച് വന്ന ലേഖനം)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്