ആപ്പ്ജില്ല

പോരാളികളേ... തലകുനിച്ചല്ല, പൊരുതിയാണ് മാഞ്ചസ്റ്ററിൽ നിന്നും നിങ്ങൾ മടങ്ങുന്നത്

സെമിഫൈനലിൽ അവസാനം വരെ ന്യൂസിലൻറിനോട് പട പൊരുതിയാണ് വിരാട് കോഹ‍്‍ലിയും സംഘവും ലോകകപ്പിൽ നിന്ന് മടങ്ങുന്നത്

Samayam Malayalam 10 Jul 2019, 8:29 pm
മാഞ്ചസ്റ്റർ: ട്രെൻറ് ബോൾട്ടിൻെറ പന്തിൽ രവീന്ദ്ര ജഡേജയുടെ ഷോട്ട് ന്യൂസിലൻറ് നായകൻ കെയ്ൻ വില്യംസണിൻെറ കയ്യിലൊതുങ്ങുമ്പോൾ ഓൾഡ് ട്രാഫോർഡിലും ലോകത്തെങ്ങും ഇരുന്ന് സെമിഫൈനൽ മത്സരം കാണുകയായിരുന്നവർ തലയിൽ കൈവെച്ച് കാണും. ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച, പോയിൻറ് പട്ടികയിൽ ഒന്നാമതെത്തിയ ടീം പുറത്താവാൻ പോവുമെന്ന് അപ്പോൾ ഏകദേശം ഉറപ്പായി തുടങ്ങിയിരുന്നു.
Samayam Malayalam 2


മഹേന്ദ്ര സിങ് ധോണി ക്രീസിലുണ്ടായിരുന്നപ്പോൾ നേരിയ പ്രതീക്ഷ വീണ്ടും ഇന്ത്യൻ ആരാധകർ വെച്ച് പുലർത്തിക്കാണണം. എന്നാൽ വൈകാതെ റൺ ഔട്ടായി അദ്ദേഹവും മടങ്ങിയതോടെ വിരാട് കോഹ്ലിയും കൂട്ടരും മടങ്ങുമെന്ന് ഉറപ്പായി. സെമിഫൈനലിൽ ന്യൂസിലൻറിനോട് തോറ്റത് 18 റൺസിനാണ്.


രണ്ട് ദിനങ്ങളിലായി നടന്ന റിസർവ് ദിനം വിനയായത് ഇന്ത്യക്ക് തന്നെയാണ്. 50 ഓവറിൽ 239 റൺസിന് കിവികളുടെ ഇന്നിങ്സ് അവസാനിച്ചപ്പോൾ ഇന്ത്യ വിജയിക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. പക്ഷേ സെമിഫൈനലിൻെറ ആദ്യദിനം പെയ്ത മഴയുടെ ഈർപ്പം പിച്ചിനെ പേസർമാർക്ക് കൂടുതൽ അനുകൂലമാക്കിയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ തുടക്കം കണ്ടപ്പോൾ ആർക്കും തോന്നിയിട്ടുണ്ടാവും.

മാറ്റ് ഹെൻറിയും ബോൾട്ടും ചേർന്ന് ഇന്ത്യൻ മുൻനിരയെ കശക്കിയെറിഞ്ഞു. അഞ്ച് റൺസ് എടുക്കുന്നതിനിടെ വീണത് മൂന്ന് മുൻനിര വിക്കറ്റുകൾ. ആദ്യ പവർ പ്ലേയിൽ ഇന്ത്യക്ക് നേടാനായത് നാല് വിക്കറ്റിന് 24 റൺസ് മാത്രം. പാണ്ഡ്യയും പന്തും പൊരുതിക്കളിച്ചപ്പോൾ ഇന്ത്യ കരകയറുമെന്ന് തോന്നി. ഇരുവരും മടങ്ങിയെങ്കിലും ജഡേജയും ധോണിയും ഇന്ത്യയെ നയിക്കുന്നത് വിജയത്തിലേക്കാണെന്ന് ആരാധകർ പിന്നെയും കരുതി. 116 റൺസാണ് ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.


മൂർച്ചയേറിയ ന്യൂസിലൻറ് ബോളിങിനെ ജഡേജ കീറിമുറിച്ചപ്പോൾ ആരാധകർ പിന്നെയും ആവേശം കൊണ്ടു. മറുഭാഗത്ത് ധോണിയും നങ്കൂരമിട്ട് തുടങ്ങിയതോടെ ഇന്ത്യ ചാരത്തിൽ നിന്ന് ഉയിർത്തെണീറ്റ് തുടങ്ങി. പക്ഷേ കിവികളുടെ പോരാട്ട വീര്യത്തെ തകർക്കാൻ അതൊന്നും പോരായിരുന്നു. അനിവാര്യമായ പരാജയത്തെ തടഞ്ഞു നിർത്താനാവാതെ ഇന്ത്യ വീണു.


ഒരു അഞ്ച് സെഞ്ച്വറികൾ നേടിയ രോഹിത് ശർമയും, യോർക്കറുകളിലൂടെ വിസ്മയം സൃഷ്ടിച്ച ജസ്പ്രീത് ബുംറയും, ഹാട്രിക് വീരൻ മുഹമ്മദ് ഷമിയും പോരാളികളുടെ പോരാളിയായ രവീന്ദ്ര ജഡേജയും, ലോകത്തെ ഒന്നാം നമ്പർ ബാറ്റ്സ്മാൻ വിരാട് കോഹ‍്‍ലിയും കപിലിന് ശേഷം ഇന്ത്യക്ക് ലോകകിരീടം സമ്മാനിച്ച ധോണിയും അടങ്ങുന്ന സംഘം മടങ്ങുകയാണ് . തല കുനിച്ചല്ല, പൊരുതിത്തോറ്റ പടയാളികളായി തന്നെയാണ് ഓൾഡ് ട്രാഫോർഡ് ഇന്ത്യയെ യാത്രയാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്