Please enable javascript.Gujarat Titans Vs Rajasthan Royals,ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഹാർദിക്; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാർ - gujarat titans wins ipl 2022 - Samayam Malayalam

ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഹാർദിക്; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാർ

guest Rajesh-M-C | Lipi 29 May 2022, 11:54 pm
Subscribe

ഐപിഎല്‍ 15-ാം സീസണില്‍ കിരീടം നേടി ഗുജറാത്ത് ടൈറ്റന്‍സ് ചരിത്ര നേട്ടത്തില്‍. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ കിരീടധാരണം. കളിയുടെ തുടക്കം മുതല്‍ ലഭിച്ച ആധിപത്യം വിജയം വരെ തുടരാന്‍ ഗുജറാത്തിന് സാധിച്ചു. അതേസമയം, ടോസിന്റെ ആനുകൂല്യം ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്തത് റോയല്‍സിന് തിരിച്ചടിയായി. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷിച്ചതിലും കുറച്ച് സ്‌കോര്‍ ചെയ്യാനായത് ഗുജറാത്തിന്റെ വിജയം അനായാസമാക്കി. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിനെ കിരീട വിജയത്തിലേക്ക് നയിച്ചത്.

ഹൈലൈറ്റ്:

  • ഐപിഎല്‍ 15-ാം സീസണില്‍ ചാമ്പ്യന്മാരായി ഗുജറാത്ത് ടൈറ്റന്‍സ്
  • ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ ആദ്യ സീസണില്‍ തന്നെ കിരീടം
  • ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഗുജറാത്ത് ടൈറ്റന്‍സ് തോല്‍പ്പിച്ചു

gujarat titans wins ipl 2022
ക്യാപ്റ്റന്റെ കളി പുറത്തെടുത്ത് ഹാർദിക്; ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ചാമ്പ്യന്മാർ
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്മാരായി. ഐപിഎല്ലില്‍ ആദ്യമായി എത്തിയ ഗുജറാത്ത് ടൂര്‍ണമെന്റിലുടനീളം ഉജ്വല പ്രകടനം പുറത്തെടുത്താണ് കിരീട നേട്ടത്തിലെത്തിയത്. പ്രവചനങ്ങളെല്ലാം തകിടംമറിക്കുന്നതാണ് ഗുജറാത്തിന്റെ കിരീടധാരണം. നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ ഗുജറാത്ത് 18.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തത് അബദ്ധമായെന്ന് തെളിയിക്കുന്നതായിരുന്നു റോയല്‍സിന്റെ പ്രകടനം. യശസ്വി ജയ്‌സ്വാളും (22), ജോസ് ബട്‌ലറും (39) നന്നായി തുടങ്ങിയെങ്കിലും ജയ്‌സ്വാള്‍ പുറത്തായതോടെ റോയല്‍സ് കൂട്ടത്തകര്‍ച്ചയിലേക്ക് വീണു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന് ഒരിക്കല്‍ക്കൂടി ക്ഷമയോടെ ബാറ്റ് ചെയ്യാനാകാത്തത് റോയല്‍സിന് കനത്ത തിരിച്ചടിയായി.

11 പന്തില്‍ 14 റണ്‍സെടുത്ത സഞ്ജു ഹാര്‍ദിക് പാണ്ഡ്യയെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ സായ് കിഷോറിന് പിടി നല്‍കുയായിരുന്നു. പിന്നാലെ ദേവദത്ത് പടിക്കല്‍ (2) റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതിസമ്മര്‍ദ്ദത്തിലേക്ക് ടീം വീണതോടെ ജോസ് ബട്‌ലര്‍ക്ക് തന്റെ സ്വതസിദ്ധമായ ബാറ്റിങ് കാഴ്ചവെക്കാനായില്ല. പാണ്ഡ്യയ്ക്ക് വിക്കറ്റ് നല്‍കിയാണ് ബട്‌ലറും മടങ്ങിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (11), ആര്‍ അശ്വിന്‍ (6), റിയാന്‍ പരാഗ് (15), ട്രെന്റ് ബോള്‍ട്ട് (11) എന്നിവരെല്ലാം കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. ഗുജറാത്തിനായി പാണ്ഡ്യ 3 വിക്കറ്റും സായ് കിഷോര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് ഷമി, യാഷ് ദയാല്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തില്‍ പതറിയെങ്കിലും പതിയെ കളി കൈക്കലാക്കുകയായിരുന്നു. റോയല്‍സിന്റെ ഫീല്‍ഡിങ്ങിലെ കൈവിട്ട കളിയും ടീമിന് തിരിച്ചടിയായി. കുറഞ്ഞ സ്‌കോര്‍ ആയതുകൊണ്ടുതന്നെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ഗുജറാത്തിന് സാധിച്ചു. ശുഭ്മാന്‍ ഗില്‍ (45), ഹാര്‍ദിക് പാണ്ഡ്യ (34), ഡേവിഡ് മില്ലര്‍ (32) എന്നിവരുടെ മികവുറ്റ ബാറ്റിങ് ആണ് ഗുജറാത്തിന് ഫൈനലില്‍ കരുത്തായത്.

റോയല്‍സ് ഒടുവില്‍ കളിച്ച ടീമില്‍ മാറ്റമില്ലാതെ ഇറങ്ങിയപ്പോള്‍ ഗുജറാത്ത് അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസിന് ഇടംനല്‍കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിന് റോയല്‍സ് കനത്ത വിലയാണ് നല്‍കേണ്ടിവന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ആദ്യം പന്തെറിഞ്ഞ് ജയിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരു തീരുമാനമെടുത്തതിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വന്നേക്കാം.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ