ആപ്പ്ജില്ല

മുംബൈയെ വീഴ്ത്തിയത് രാഹുലിന്റെ തന്ത്രം, 10.75 കോടി രൂപ പാഴായി; ആ തീരുമാനത്തില്‍ കാലിടറി രോഹിത്

രണ്ട് സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് രണ്ട് സൂപ്പര്‍ ഓവര്‍ പിറന്നത്.

Samayam Malayalam 19 Oct 2020, 11:39 am
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് കിങ്‌സ് ഇലവന്‍ പഞ്ചാബ് ജയം സ്വന്തമാക്കി. മുംബൈ ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് 176 റണ്‍സില്‍ തന്നെ കളി അവസാനിപ്പിച്ചെങ്കിലും സൂപ്പര്‍ ഓവറിലൂടെ വിജയം പിടിച്ചടക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായി രണ്ട് സൂപ്പര്‍ ഓവര്‍ പിറന്ന മത്സരം കൂടിയായിരുന്നു ഇത്.
Samayam Malayalam ipl 2020 mumbai indians vs kings xi punjab analysis
മുംബൈയെ വീഴ്ത്തിയത് രാഹുലിന്റെ തന്ത്രം, 10.75 കോടി രൂപ പാഴായി; ആ തീരുമാനത്തില്‍ കാലിടറി രോഹിത്


​ഒത്തൊരുമയുള്ള വിജയം

ജയിക്കുക അല്ലെങ്കില്‍ പുറത്താവുക എന്ന ഘട്ടത്തില്‍ മുംബൈയെ നേരിടാനിറങ്ങിയ പഞ്ചാബ് ജയം സ്വന്തമാക്കിയത് ഒത്തൊരുമിച്ചുള്ള പോരാട്ടത്തിലൂടെയാണ്. തുടര്‍ച്ചയായി അഞ്ച് കളികളില്‍ ജയിച്ചുവന്ന മുംബൈയെ ആദ്യം ബൗളിങ്ങിലൂടെയും പിന്നീട് ബാറ്റുകൊണ്ടു കരുത്തുകാട്ടിയും പഞ്ചാബ് നേരിട്ടു. കെഎല്‍ രാഹുല്‍(77) നേടിയ അര്‍ധശതകമാണ് ടീമിനെ സൂപ്പര്‍ ഓവറിലേക്ക് നയിച്ചത്. ക്രിസ് ഗെയ്‌ലും പൂരനും ഹൂഡയും ജോര്‍ദനുമെല്ലാം ബാറ്റിങ്ങില്‍ മികവുകാട്ടി. കഴിഞ്ഞ മത്സരങ്ങളില്‍ മങ്ങിപ്പോയ മുഹമ്മദ് ഷമി തിളങ്ങിയ മത്സരം കൂടിയാണിത്. സൂപ്പര്‍ ഓവറിലെ ഷമിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

(PC: BCCI/IPL)

​ബാറ്റ്‌സ്മാന്മാരുടെ വീഴ്ച

മധ്യനിരയിലെ ബാറ്റിങ് തകര്‍ച്ചയാണ് മുംബൈയുടെ തോല്‍വിക്ക് പ്രധാന കാരണം. പതിവില്ലാത്ത രീതിയില്‍ മുംബൈയുടെ ബാറ്റ്‌സ്മാന്മാര്‍ തുടക്കത്തില്‍ പതറിയത് വലിയ സ്‌കോറില്‍നിന്നും ടീമിനെ തടഞ്ഞു. കീറോണ്‍ പൊള്ളാര്‍ഡും(34) കോള്‍ട്ടര്‍ നിലും(24) രക്ഷാപ്രവര്‍ത്തനം നടത്തിയില്ലായിരുന്നെങ്കില്‍ മുംബൈ ഇന്നിങ്‌സ് 150 കടക്കില്ലായിരുന്നു. ബൗളര്‍മാരില്‍ ട്രെന്റ് ബോള്‍ട്ടിനും തിളങ്ങാനായില്ല. ജസ്പ്രീത് ബുംറ മികവുകാട്ടിയെങ്കിലും മറ്റു ബൗളര്‍മാരുടെ അലസത പ്രകടനമായിരുന്നു.

(PC: BCCI/IPL)

​സൂപ്പറായത് പഞ്ചാബ് ബൗളര്‍മാര്‍

സൂപ്പര്‍ ഓവറിലെ സമ്മര്‍ദ്ദമകറ്റാന്‍ പൂര്‍ണമായും കഴിഞ്ഞില്ലെങ്കിലും വിജയം നേടിയെടുക്കാനായത് പഞ്ചാബിന് ആശ്വാസകരമാണ്. സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമിയും ക്രിസ് ജോര്‍ദനും കൈയ്യടി അര്‍ഹിക്കുന്നു. രണ്ട് സൂപ്പര്‍ ഓവറിലും നിയന്ത്രണത്തോടെ പന്തെറിയാന്‍ കഴിഞ്ഞത് ജയത്തിന് കാരണമായി. അതേസമയം, 10.75 കോടി രൂപ പ്രതിഫലം പറ്റുന്ന ഗ്ലെന്‍ മാക്‌സ് വെല്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടത് പഞ്ചാബിനെ അലോസരപ്പെടുത്തുന്നു. ടീമിന് ഏറ്റവും നിര്‍ണായകമായ ഒരു മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെയായിരുന്നു മാക്‌സ് വെലിന്റെ മടക്കം.

(PC: BCCI/IPL)

Also Read: കോലിയെ കണ്ട് ധോണി പരീക്ഷിച്ചു, പക്ഷെ പണി പാളി; തോല്‍വിയുടെ കാരണങ്ങള്‍; ധവാന്‍ നന്ദി പറയുന്നു!!

സൂപ്പര്‍ ഓവറില്‍ പിഴച്ച് മുംബൈ

ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈ കീറോണ്‍ പൊള്ളാര്‍ഡിനെ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ കളി മാറുമായിരുന്നു. പൊള്ളാര്‍ഡിന് പകരം ഫോമിലല്ലാത്ത രോഹിത് ശര്‍മ ബാറ്റിങ്ങിനിറങ്ങിയത് ആരാധകരെ അത്ഭുപ്പെടുത്തി. രണ്ടാം സൂപ്പര്‍ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിനെ പന്തെറിയാനേല്‍പ്പിച്ചതും ശരിയായ തീരുമാനമല്ലെന്ന വിലയിരുത്തലുണ്ട്. അതേസമയം, അടുത്ത കളിയില്‍ കരുത്തോടെ തിരിച്ചുവരാനുള്ള ശേഷി മുംബൈ ഇന്ത്യന്‍സിനുണ്ട്. ജെയിംസ് പാറ്റിസണ്‍ കൂടി മടങ്ങിയെത്തുന്നതോടെ ബൗളിങ്ങിലെ ആശങ്കയൊഴിയുമെന്നാണ് മുംബൈയുടെ പ്രതീക്ഷ.

(PC: BCCI/IPL)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്