ആപ്പ്ജില്ല

Ind vs Pak Asia Cup: പാകിസ്ഥാനെതിരെ 8 വിക്കറ്റ് ജയവുമായി ഇന്ത്യ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് പോരാട്ടത്തിൽ വിജയത്തുടക്കവുമായി ഇന്ത്യ

Samayam Malayalam 19 Sept 2018, 11:16 pm
ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്‍റെ ഉശിരൻ ജയം. പാകിസ്ഥാൻ ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 39 പന്തിൽ 51 റൺസും 56 പന്ത് നേരിട്ട ശിഖർ ധവാൻ 46 റൺസുമെടുത്തതാണ് ഇന്ത്യയ്ക്ക് തുണയായത്. ദിനേഷ് കാർത്തിക്കും അമ്പാട്ടി റായുഡുവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Samayam Malayalam India


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാൻ 43.1 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തി ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവർ പാകിസ്ഥാനെ ചെറിയ സ്കോറിൽ തളച്ചു. ജസ്പ്രീത് ബുമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

62 പന്തിൽ ആറു ബൗണ്ടറികളോടെ 47 റൺസെടുത്ത ബാബർ അസമാണ് പാകിസ്ഥാന്റെ ടോപ് സ്കോറർ. ശുഐബ് മാലിക്ക് 67 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സും സഹിതം 43 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ മാലിക്ക്–അസം സഖ്യം കൂട്ടിച്ചേർത്ത 82 റൺസാണ് പാക്ക് സ്കോർ 150 കടത്തിയത്. ബോളിങ്ങിനിടെ പരുക്കേറ്റ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുകയറിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ആദ്യ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാത്ത ടീമുമായാണ് പാകിസ്ഥാൻ ഇറങ്ങിയിരിക്കുന്നത്. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നുണ്ട്. ഖലീൽ അഹമ്മദ്, ശാർദൂൽ താക്കൂർ എന്നിവരെ ഒഴിവാക്കി.



ഏഷ്യാകപ്പിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം എന്ന നേട്ടം ഇന്ത്യക്കാണ്. 1984ൽ പാകിസ്ഥാനെ തോൽപിച്ചായിരുന്നു ഇന്ത്യ ആദ്യം ഏഷ്യ കപ്പ് സ്വന്തമാക്കിയത്. 12 തവണ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ ആറു തവണ ഇന്ത്യ വിജയിച്ചപ്പോൾ പാകിസ്ഥാൻ അഞ്ചു മത്സരങ്ങൾ വിജയിച്ചു. മഴ മൂലം ഒരു കളി മുടങ്ങി പോവുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്