ആപ്പ്ജില്ല

'ഇതെന്‍റെ ഓസ്ട്രേലിയ അല്ല; എന്‍റെ ഓസ്ട്രേലിയ ഇങ്ങനല്ല'

തുടർച്ചയായി ഇന്ത്യയോട് മൂന്നു തോൽവി, പരമ്പര നഷ്ടം... ഓസ്ട്രേലിയക്ക് എന്താണ് പറ്റിയത്...

Abhijith VM | TNN 27 Sept 2017, 5:59 pm
ക്രിക്കറ്റ് കണ്ടുതുടങ്ങുന്ന കാലം മുതല്‍ക്കേ ഇന്ത്യന്‍ ആരാധകരുടെ വലിയൊരു ആഗ്രഹം ഓസ്ട്രേലിയ ഒന്നു തോറ്റുകാണാനായിരിക്കും. മറ്റൊന്നും കൊണ്ടല്ല, അവര്‍ ആരോടും തോല്‍ക്കില്ലായിരുന്നു.
Samayam Malayalam australia cricket team struggles in india series
'ഇതെന്‍റെ ഓസ്ട്രേലിയ അല്ല; എന്‍റെ ഓസ്ട്രേലിയ ഇങ്ങനല്ല'


ഏകദിന ക്രിക്കറ്റ് ഓര്‍മ്മയിലെ ഏറ്റവും വലിയ മുറിപ്പാട് 2003ല്‍ ആണ് സംഭവിച്ചത്. ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍. കപില്‍ ദേവിന് ശേഷം കപ്പുയര്‍ത്താന്‍ സൗരവ് ഗാംഗുലിക്കും ഇന്ത്യക്കും അവസരം. ടോസ് കിട്ടിയിട്ടും ഗാംഗുലി ബാറ്റ് ചെയ്‍തില്ല. അതുകൊണ്ട് മത്സരം തോറ്റപ്പോള്‍ ടോസിനെ പഴിക്കാനായി.

അന്ന്, 2003 മാര്‍ച്ച് 23ന് ഓസ്ട്രേലിയ, ഇന്ത്യയെ കൊന്നെടുത്തു. ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ ഹൃദയം തകര്‍ത്ത പരാജയം. അന്നത്തെ ലോക റെക്കോഡ് സ്കോര്‍ ആയ 359 ഓസ്ട്രേലിയ അടിച്ചുകൂട്ടി. മറുപടിയില്‍ ഇന്ത്യ പതറി, 234 റണ്‍സിന് ഓൾ-ഔട്ട് ആയി.

കാലം മാറിയപ്പോള്‍ കളിയും മാറി, കളിക്കാരും. സെപ്‍റ്റംബര്‍ 24, 2017ന് ഇന്ത്യയോട് മൂന്നാം ഏകദിനവും തോറ്റ് ഓസ്ട്രേലിയ വിമര്‍ശകര്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍, വിശ്വസിക്കാനാകാതെ ആ ചോദ്യം ചോദിക്കേണ്ടി വരുന്നു.

ഇത് ഓസ്ട്രേലിയന്‍ ടീം തന്നെയാണോ?

ലോകകപ്പ് ഫൈനലില്‍ എതിരാളികള്‍ ഓസീസ് ആണെന്ന് അറിഞ്ഞപ്പോഴെ, ഇന്ത്യന്‍ ആരാധകര്‍ക്ക് പാതി ആത്മവിശ്വാസം നഷ്‍ടപ്പെട്ടിരുന്നു. പക്ഷേ, ഇന്ത്യ ജയിക്കുമെന്ന് എല്ലാവരും കരുതി.

ദ്രൗപദിയുടെ ചേലയഴിക്കാന്‍ എത്തിയ ദുശാസനനെപ്പോലെ അസുരന്മാരായിരുന്നു ഇന്ത്യന്‍ ആരാധകര്‍ക്ക് ഓസ്ട്രേലിയന്‍ ബാറ്റ്സ്‍മാന്‍മാര്‍. സഹീര്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും. അവരുടെ റണ്‍സിനോടുള്ള ആര്‍ത്തി കൂടിക്കൊണ്ടിരുന്നു.

ഇന്ത്യ ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ ശ്രീകൃഷ്‍ണനായി സച്ചിന്‍ അവതരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. മഗ്രാത്തിന്‍റെ ബൗൺസറിന് ബാറ്റ് വച്ച് സച്ചിന്‍ ആദ്യ ഓവറില്‍ മടങ്ങി. ജൊഹന്നാസ്ബര്‍ഗിലെ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം ഇന്ത്യ മുഴുവന്‍ നിശബ്‍ദമായിപ്പോയ നിമിഷം.

ഓസ്ട്രേലിയ അജയ്യമായ ടീമായിരുന്നു അക്കാലത്ത്. ഇന്നിങ്‍സ് തുടങ്ങാന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. പിച്ചിന്‍റെ മറുഭാഗത്ത് ആരെയും കൂസാത്ത മാത്യു ഹെയ്‍ഡന്‍. ക്രിക്കറ്റ് ലോകത്തെ ഏറ്റവും കരുത്തുറ്റ ഇടംകൈയ്യന്‍ ഓപ്പണിങ് ജോഡി.

ആവേശത്തില്‍ ഗില്ലി വിക്കറ്റ് കളഞ്ഞാല്‍ റിക്കി പോണ്ടിങ് ഇറങ്ങും. ഇന്ത്യയെ നേരിടാന്‍ അത്യുത്സാഹിയായ ബാറ്റ്‍സ്‍മാന്‍. തൊട്ടടുത്ത ബാറ്റ്‍സ്‍മാന്‍ ഡാമിയന്‍ മാര്‍ട്ടിന്‍ - പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളന്‍.

പിന്നാലെ ഡാരെന്‍ ലീമാന്‍, തൊട്ടടുത്ത സ്ഥാനത്ത് മൈക്കിള്‍ ബെവന്‍. ഏത് മത്സരവും കരയ്ക്കടുപ്പിക്കുന്ന സ്പെഷ്യലിസ്റ്റ്. അടുത്തത് സൂപ്പര്‍സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സ്. ഏക സ്‍പിന്നര്‍ ബ്രാഡ് ഹോഗ്, പേസ് ബൗളിങ് ബാറ്റ്‍സ്‍മാന്‍മാര്‍ക്ക് എതിരെയുള്ള ആക്രമണമാക്കിയെടുത്ത ആന്‍ഡി ബിക്കലും ബ്രെറ്റ്‍ ലിയും സാക്ഷാല്‍ ഗ്ലെന്‍ മക്ഗ്രാത്തും.

ഏത് ആപത്തില്‍ നിന്ന് ടീമിനെ രക്ഷിച്ചെടുക്കുന്ന പഴയ തമ്പുരാക്കന്മാര്‍ ആരും ഇന്ന് ഓസീസ് നിരയിലില്ല. കൂട്ടത്തില്‍ മുതിര്‍ന്നവര്‍ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ സ്റ്റീവ് സ്‍മിത്തും മാത്രമാണ്. ടീം ആകാന്‍ ഓസ്ട്രേലിയ വിഷമിക്കുകയാണ്.

ലോക ക്രിക്കറ്റിന്‍റെ നെറുകയില്‍നിന്ന് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങിപ്പോയ ഒരു ചരിത്രമുണ്ട്. അവരെ വിഴുങ്ങിയതും കാലമാണ്. അതുപോലെ ഓസ്ട്രേലിയ മായുകയാണോ.

Australian cricket team's Heydays are over

Australia, once cricket's most feared team, is now struggling to match their heyday form.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്