ആപ്പ്ജില്ല

കോലിയുടെ ഫിഫ്ടിക്ക് ഇന്ത്യയെ രക്ഷിക്കാനായില്ല; മൂന്നാം ടി20യിൽ ഓസീസിന് ആശ്വാസജയം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ 12 റൺസ് തോൽവി

Samayam Malayalam 8 Dec 2020, 5:32 pm
ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഓസ്ട്രേലിയക്ക് ആശ്വാസവിജയം. 12 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 186 റൺസ് പിന്തുടർന്ന് ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റൻ വിരാട് കോലിയാണ് അർധശതകവുമായി മുന്നിൽ നിന്ന് നയിച്ചത്. കോലി 61 പന്തിൽ നിന്ന് 85 റൺസെടുത്തു. മറ്റ് മുൻനിര ബാറ്റ്സ്മാൻമാരിൽ നിന്ന് കോലിക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയിരുന്ന ഹാർദിക് പാണ്ഡ്യക്ക് 13 പന്തിൽ നിന്ന് 20 റൺസേ നേടാൻ സാധിച്ചുള്ളൂ. 9 പന്തിൽ നിന്ന് 10 റൺസ് നേടിയ സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. വാലറ്റത്ത് വാഷിങ്ടൺ സുന്ദറും ശാർദൂൽ താക്കൂറും വെടിക്കെട്ട് നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനുള്ള കെൽപ്പുണ്ടായില്ല. ഓസ്ട്രേലിയക്കായി മിച്ചൽ സ്വെപ്സൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
Samayam Malayalam Ind vs Aus
മൂന്നാം ടി20യിൽ ഇന്ത്യക്ക് തോൽവി...


ഓസ്ട്രേലിയക്ക് മികച്ച സ്കോർ

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡിൻെറയും ഗ്ലെൻ മാക‍്‍സ‍്‍വെല്ലിൻെറയും അർധശതകം ഓസ്ട്രേലിയക്ക് മികച്ച സ്കോർ സമ്മാനിച്ചു. രണ്ടാം ടി20യിലെ ഫോം തുടർന്ന വെയ്ഡ് 53 പന്തിൽ നിന്ന് 80 റൺസെടുത്തു. വെയ്ഡിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയ മാക‍്‍സ‍്‍വെൽ 36 പന്തിൽ നിന്ന് 54 റൺസാണ് നേടിയത്. സ്റ്റീവ് സ്മിത്ത് 23 പന്തിൽ നിന്ന് 24 റൺസും നേടി. നേരത്തെ വെയ്ഡ് അർധശതകം പൂർത്തിയാക്കി നിൽക്കവേ നടരാജൻ പുറത്താക്കിയിരുന്നു. എന്നാൽ ഡിആർഎസ് വിളിക്കാൻ വൈകിയത് ഇന്ത്യക്ക് വിനയായി. മാക്സ്വെല്ലിൻെറ വിക്കറ്റ് ചാഹലിന് ലഭിച്ചിരുന്നുവെങ്കിലും നോബോളായിരുന്നു. ഓസ്ട്രേലിയ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്.

ഓസ്ട്രേലിയക്ക് ബാറ്റിങ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടി20 സിഡ്നിയിൽ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാം മത്സരം ജയിച്ച് പരമ്പര വൈറ്റ് വാഷിനായിരിക്കും ഇന്ത്യ ശ്രമിക്കുക. സ്വന്തം നാട്ടിൽ ആശ്വാസജയത്തിനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചു. ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചിരിക്കുകയാണ്. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.


ഓസ്ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് മടങ്ങിയെത്തി. ഫിഞ്ചിൻെറ അഭാവത്തിൽ മാത്യു വെയ്ഡാണ് രണ്ടാം ടി20യിൽ ഓസീസിനെ നയിച്ചിരുന്നത്. ഓസീസ് ടീമിൽ ഒരേയൊരു മാറ്റമാണുള്ളത്. ഫിഞ്ച് തിരിച്ചെത്തിയപ്പോൾ മാർകസ് സ്റ്റോയ്നിസിനെ ഒഴിവാക്കി.

Also Read: 'സഞ്ജുവിനെ മൂന്നാം ടി20യിൽ കളിപ്പിക്കില്ല'; വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി സെവാഗ്!!

നേരത്തെ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരവും ആതിഥേയർ ജയിച്ചപ്പോൾ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ജയിച്ചു. ടി20 പരമ്പരയ്ക്ക് ശേഷം ഇരുടീമുകളും തമ്മിൽ നാല് ടെസ്റ്റ് മത്സരങ്ങളും കളിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്