ആപ്പ്ജില്ല

ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ന്: ഇതിഹാസം പാഡഴിച്ചു; മറ്റൊരു ഇതിഹാസം സെഞ്ച്വറി അടിച്ചു!

ക്രിക്കറ്റ് ലോകത്തെ രണ്ട് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറിനും ഡോൺ ബ്രാഡ്മാനും ആഗസ്ത് 14 ഒരു അപൂർവദിനമാണ്.

Samayam Malayalam 14 Aug 2019, 6:02 pm
ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ ദിനങ്ങളിൽ ഒന്നാണ് ആഗസ്ത് 14. രണ്ട് ക്രിക്കറ്റ് ഇതിഹാസങ്ങൾ ചരിത്രത്തിൻെറ രണ്ട് വഴികളിലായി അപൂർവമായി കൂട്ടിമുട്ടിയ ദിനം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഓസ്ട്രേലിയയുടെ ഡോൺ ബ്രാഡ്മാൻ കളി അവസാനിപ്പിച്ചത് 1948 ആഗസ്ത് 14നാണ്. 1990ൽ മറ്റൊരു ആഗസ്ത് 14നാണ് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ ടെസ്റ്റ് ക്രിക്കറ്റിൽ തൻെറ ആദ്യ സെഞ്ച്വറി നേടുന്നത്.
Samayam Malayalam Bradman


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ബ്രാഡ്മാൻ അവസാന മത്സരം കളിച്ചത്. അവസാന ടെസ്റ്റിൽ റണ്ണൊന്നുമെടുക്കാതെയാണ് അദ്ദേഹം പുറത്തായത്. കളിക്കാനിറങ്ങുമ്പോൾ 101.39 ആയിരുന്നു താരത്തിൻെറ ശരാശരി. എന്നാൽ അവസാന മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ 99.94 എന്ന ശരാശരിയിൽ അദ്ദേഹത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വന്നു. ലോക ക്രിക്കറ്റിൻെറ ചരിത്രത്തിൽ ഇന്നോളം മറ്റൊരു ബാറ്റ്സ്മാനും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. അത്യപൂർവ റെക്കോർഡായി ഈ ബാറ്റിങ് ശരാശരി ഇപ്പോഴും തുടരുകയാണ്.

Read More: പ്രിയപ്പെട്ട ഇടംകയ്യൻ ആരെന്ന് ഐസിസി; യുവരാജ് ഇല്ലാതെ എന്ത് ലിസ്റ്റെന്ന് ആരാധകർ!

ടെസ്റ്റിൽ 7000 റൺസിനും ബ്രാഡ്മാന് നാല് റൺസ് മാത്രം മതിയായിരുന്നു. 52 ടെസ്റ്റുകളിൽ നിന്ന് 6996 റൺസാണ് അദ്ദേഹം നേടിയിട്ടുള്ളത്. 29 സെഞ്ച്വറികളും 13 അർധസെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. ബ്രാഡ്മാൻെറ അവസാന ഇന്നിങ്സ് ഓർമ്മിപ്പിച്ച് കൊണ്ട് ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.


ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ ആദ്യ സെഞ്ച്വറി. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്. ഇന്ത്യയായിരുന്നു അന്ന് വിജയിച്ചത്. 17ാം വയസ്സിലായിരുന്നു സച്ചിൻെറ ആദ്യ സെഞ്ച്വറി പിറന്നത്. ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു സച്ചിൻ.

വിരമിക്കുമ്പോഴേക്കും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി സച്ചിൻ മാറി. ഏറ്റവും കൂടുതൽ സെഞ്ച്വറികൾ എന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിലാക്കി. ലോക ക്രിക്കറ്റിൽ ഡോൺ ബ്രാഡ്മാൻെറ പിൻഗാമിയായാണ് സച്ചിനെ വിശേഷിപ്പിക്കുന്നത്. ടെസ്റ്റിൽ 15921 റൺസും ഏകദിനത്തിൽ 18426 റൺസും സച്ചിൻ നേടിയിട്ടുണ്ട്. സച്ചിൻെറ പഴയ ചിത്രം അടക്കം ഐസിസി ട്വീറ്റ് ചെയ്തിട്ടുണ്ട്.


Read More: ഏകദിനത്തിൽ കോഹ‍്‍ലി എത്ര സെഞ്ച്വറി നേടുമെന്ന് പ്രവചിച്ച് വസിം ജാഫർ

സച്ചിൻ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ മത്സരത്തിൽ നിന്നുള്ള ഒരു അപൂർവ വീഡിയോ:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്