ആപ്പ്ജില്ല

2019 ലോകകപ്പിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു, സെമിയിലെ ആ തീരുമാനം ഞെട്ടിച്ചു: വെളിപ്പെടുത്തലുമായി യുവരാജ്

ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഒരിക്കൽ കൂടി കളിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് യുവരാജിൻെറ വെളിപ്പെടുത്തൽ

Samayam Malayalam 27 Sept 2019, 9:30 am
ന്യൂഡൽഹി: മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ 2011ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ മാൻ ഓഫ് ദി സീരീസ് പുരസ്കാരം ഓൾ റൗണ്ടർ യുവരാജ് സിങിനായിരുന്നു. ആ ലോകകപ്പിലെ ഇന്ത്യൻ ടീമിൻെറ എക്സ് ഫാക്ടർ യുവരാജ് ആയിരുന്നു. 2015ലെ ലോകകപ്പ് ടീമിൽ പിന്നീട് താരത്തിന് ഇടം പിടിക്കാൻ സാധിച്ചിരുന്നില്ല.
Samayam Malayalam Yuvi New


2019ലെ ലോകകപ്പിൽ യുവിക്ക് കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ 2017ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം പിന്നീട് അദ്ദേഹം ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. ശാരീരികക്ഷമതാ പരിശോദനയായ യോയോ ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് പിന്നീട് യുവിയെ ടീമിൽ എടുക്കാതിരുന്നത്.

Read More: സച്ചിനും കോലിയും അല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റർ ഈ താരം; സർവേഫലം പുറത്ത്

2017 ചാമ്പ്യൻസ് ട്രോഫിയിലാണ് യുവരാജ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നത്. നാല് മത്സരങ്ങളിൽ നിന്ന് 35.00 ശരാശരിയിൽ 105 റൺസാണ് അദ്ദേഹം എടുത്തിരുന്നത്. പ്രാദേശിക ക്രിക്കറ്റിൽ കളിച്ച് തിരികെ വരാനായിരുന്നു യുവിക്ക് ലഭിച്ച നിർദ്ദേശം. എന്നാൽ പിന്നീട് തന്നോട് സെലക്ടർമാരും ടീം മാനേജ്മെൻറും യാതൊരു തരത്തിലുള്ള ചർച്ചക്കും തയ്യാറായില്ലെന്ന് യുവരാജ് പറഞ്ഞു.

"എനിക്ക് 2019 ലോകകപ്പിൽ കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പ്രായം അടക്കമുള്ള കാര്യങ്ങൾ അനുകൂലമായിരുന്നില്ല. കൃത്യസമയത്ത് തന്നെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്," യുവി പറഞ്ഞു. ഈ വർഷം ആദ്യമാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ലോകകപ്പ് സെമിഫൈനലിൽ മഹേന്ദ്ര സിങ് ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും യുവരാജ് പറഞ്ഞു. ടീം മാനേജ്മെൻറ് എന്താണ് അങ്ങനെ തീരുമാനിച്ചത് എന്ന് മനസ്സിലായില്ല. ധോണി നേരത്തെ ഇറങ്ങണമായിരുന്നു എന്നാണ് തൻെറ അഭിപ്രായമെന്നും യുവി കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്