ആപ്പ്ജില്ല

രവി ശാസ്ത്രിയെ മാറ്റണം; പരിശീലകനാവാൻ റോബിൻ സിങ് വരുന്നു

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് എങ്ങനെ ആവണമായിരുന്നുവെന്നും റോബിൻ നിർദ്ദേശിക്കുന്നു

Samayam Malayalam 28 Jul 2019, 3:19 pm
ന്യൂഡൽഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രിക്ക് കനത്ത വെല്ലുവിളിയായി മുൻ ഇന്ത്യൻ സൂപ്പർ താരം വരുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളും ഓൾ റൗണ്ട‍‍ർമാരിൽ ഒരാളുമായിരുന്ന റോബിൻ സിങാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഏകദേശം 15 വ‍ർഷത്തിനടുത്ത് പരിശീലന കരിയ‍ർ ഉണ്ട്.
Samayam Malayalam Robin Singh


ലോകകപ്പോടെയാണ് നിലവിലുള്ള ഇന്ത്യൻ പരിശീലക സംഘത്തിൻെറ കരാ‍ർ അവസാനിച്ചത്. വെസ്റ്റ് ഇൻഡീസ് പര്യടനം വരെ അവ‍ർക്ക് കരാ‍ർ നീട്ടി നൽകിയിട്ടുണ്ട്. പുതിയ ഹെഡ് കോച്ചിനും സപ്പോ‍ർട്ട് സ്റ്റാഫിനും ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.റോബിൻ സിങിനെ കൂടാതെ മുൻ ലങ്കൻ താരം മഹേല ജയവ‍ർധനെ, മുൻ ഓസീസ് താരം ടോം മൂഡി, മൈക്ക് ഹെസ്സൻ എന്നിവരും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോ‍ർട്ട്.

കഴിഞ്ഞ 15 വ‍ർഷം നിരവധി ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്ത് റോബിൻ സിങിനുണ്ട്. ഐപിഎൽ ജേതാക്കളായ മുംബൈ ഇന്ത്യൻസിൻെറ സഹപരിശീലകനായിരുന്നു റോബിൻ. രണ്ട് വ‍ർഷം ഇന്ത്യൻ ടീമിൻെറ ഫീൽഡിങ് പരിശീലകനായിരുന്നു. ഇന്ത്യൻ എ ടീമിനെയും അണ്ട‍ർ 19 ടീമിനെയും റോബിൻ പരിശീലിപ്പിച്ചിട്ടുണ്ട്.

രവി ശാസ്ത്രി

നിലവിലുള്ള ഇന്ത്യൻ പരിശീലകനെ എന്തായാലും മാറ്റണമെന്ന് റോബിൻ ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു. ഐസിസി ടൂ‍ർണമെൻുകളിലൊന്നും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ ശാസ്ത്രിക്ക് സാധിച്ചില്ല. അടുത്ത ലോകകപ്പിന് തയ്യാറെടുക്കാൻ തുടങ്ങേണ്ട ഈ സമയത്ത് ടീമിനെ ഒരു മാറ്റം അത്യാവശ്യമാണെന്നും റോബിൻ അഭിപ്രായപ്പെട്ടു.

സെമിഫൈനലിൽ ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് എങ്ങനെ വേണമായിരുന്നു ?

സെമിഫൈനലിൽ താനായിരുന്നു പരിശീലകനെങ്കിൽ എങ്ങനെയായിരുന്നു ടീം ബാറ്റിങ് ലൈനപ്പെന്നും റോബിൻ വിശദീകരിക്കുന്നുണ്ട്. "രോഹിത് ശർമയെ പെട്ടെന്ന് നഷ്ടപ്പെട്ട സാഹചര്യത്തിൽ വിരാട് കോഹ്ലിയെ നാലാം നമ്പറിലേ ഇറക്കുമായിരുന്നുള്ളൂ. മൂന്നാം നമ്പറിലേക്ക് മായങ്ക് അഗർവാളിനെ പോലൊരു താരത്തെ നേരത്തെ കരുതി വെക്കുമായിരുന്നു.

എംഎസ് ധോണിയെ അഞ്ചാമത് മാത്രമേ ഇറക്കുമായിരുന്നുള്ളൂ. കോഹ്ലിയു ധോണിയും ഒരുമിച്ച് ബാറ്റ് ചെയ്യണമായിരുന്നു. അവർക്ക് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കാൻ സാധിക്കുമായിരുന്നു. പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ പവർ ഹിറ്റർമാരെ പിന്നീട് ഉപയോഗിക്കാമായിരുന്നു," റോബിൻ സിങ് പറയുന്നു.

Read More: ലോകകപ്പ് പരാജയത്തിന് ഉത്തരവാദിത്വം അയാൾക്ക് തന്നെ; രണ്ടാം ഘട്ടം പരിഗണിച്ചേക്കില്ല

ലോകകപ്പ് സെമിയിൽ ന്യൂസിലൻറിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. മത്സരത്തിൽ നാലാമനായി ഋഷഭ് പന്തായിരുന്നു ഇറങ്ങിയിരുന്നത്. പിന്നീട് ഹാർദിക് പാണ്ഡ്യയെ ഇറക്കി. ഇതിന് ശേഷമായിരുന്നു മഹേന്ദ്ര സിങ് ധോണിയെ ഇറക്കിയത്. ധോണിയെ ബാറ്റിങ് ഓർഡറിൽ താഴെ ഇറക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗാംഗുലി, സച്ചിൻ തുടങ്ങിയ ഇതിഹാസ താരങ്ങൾ ഇന്ത്യൻ തോൽവിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത് തന്നെ ഈ തീരുമാനത്തെയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്