ആപ്പ്ജില്ല

സെലക്ടർമാർ മണ്ടന്മാരല്ല; സർഫറാസിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന് കാരണം ഇതാണ്..

Sarfaraz Khan:അഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല റെക്കോർഡുള്ള സർഫറാസ് ഖാനെ ഒരിക്കൽക്കൂടി ഇന്ത്യ, ടെസ്റ്റ് ടീമിൽ നിന്ന് തഴഞ്ഞു. ഇപ്പോളിതാ താരത്തെ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യൽ.

Curated byഗോകുൽ എസ് | Samayam Malayalam 26 Jun 2023, 12:22 am
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രഖ്യാപനങ്ങൾക്ക് ശേഷം എല്ലായ്പ്പോളും വാർത്തകളിൽ നിറയാറുള്ള താരമാണ് സർഫറാസ് ഖാൻ. അഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി മാന്ത്രിക പ്രകടനങ്ങൾ നടത്തുന്ന താരമാണെങ്കിലും ദേശീയ ടീമിലേക്ക് സർഫറാസിന് ഇതു വരെ വിളി വന്നിട്ടില്ല. വലിയ വിമർശനമാണ് ഇതിനെതിരെ ആരാധകർ ഉയർത്തുന്നതും.
Samayam Malayalam reasons for sarfaraz khans non selection to india test team
സെലക്ടർമാർ മണ്ടന്മാരല്ല; സർഫറാസിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിന് കാരണം ഇതാണ്..


കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോളും സർഫറാസിന് ഇടം ലഭിച്ചിരുന്നില്ല. ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല റെക്കോർഡുള്ള സർഫറാസിനെ ടീമിലേക്ക് പരിഗാണിക്കാത്തതിന്റെ കാരണം പക്ഷേ ബിസിസിഐ വ്യക്തമാക്കിയില്ല. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ സർഫറാസിന് ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ വിമർശനവുമായെത്തി. എന്നാൽ ഇപ്പോളിതാ എന്തു കൊണ്ടാണ് സർഫറാസിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതെന്ന് സൂചന നൽകിയിരിക്കുകയാണ് ബിസിസിഐ‌ ഒഫീഷ്യൽ‌. വരും ദിവസങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചാ വിഷയമാകും ബിസിസിഐ ഒഫീഷ്യലിന്റെ ഈ വെളിപ്പെടുത്തലെന്ന് ഉറപ്പ്.

സർഫറാസിനെ ഇന്ത്യൻ ടീമിൽ നിന്ന് തഴയുന്നതിന് കാരണം

അഭ്യന്തര മത്സരങ്ങളിൽ ഉജ്ജ്വല റെക്കോർഡ് കൈവശമുണ്ടായിട്ടും സർഫറാസിനെ ദേശീയ ടീമിലേക്ക് പരിഗണിക്കാത്തത് അദ്ദേഹത്തിന്റെ മോശം ഫിറ്റ്നസും, മോശം സ്വഭാവവും കാരണമാണെന്നാണ് പേരു വെളിപ്പെടുത്താത്ത ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കിയത്. ദേശീയ ടീമിലെത്താൻ സർഫറാസ് ഇനിയും കഠിനാധ്വാനം ചെയ്യണമെന്നും, ക്രിക്കറ്റ് കാരണങ്ങൾ മൂലം മാത്രമല്ല അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാത്തതെന്നും ബിസിസിഐ ഒഫീഷ്യൽ കൂട്ടിച്ചേർത്തു.

'സെലക്ടർമാർ മണ്ടന്മാരല്ല' - ബിസിസിഐ ഒഫീഷ്യൽ പറയുന്നു

" താരത്തിന്റെ ദേഷ്യത്തോടെയുള്ള പ്രതികരണങ്ങൾ മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ അവൻ വീണ്ടും വീണ്ടും തഴയപ്പെടുന്നത് ക്രിക്കറ്റുമായി മാത്രം ബന്ധപ്പെട്ട കാരണങ്ങൾ മൂലമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും."

"തുടർച്ചയായ സീസണുകളിൽ 900 ലധികം റൺസ് നേടിയ താരത്തെ പരിഗണിക്കാതിരിക്കാൻ മാത്രം മണ്ടന്മാരാണോ സെലക്ടർമാർ. അന്താരാഷ്ട്ര നിലവാരം പുലർത്താത്ത അദ്ദേഹത്തിന്റെ ഫിറ്റ്നസ്, ടീമിലേക്ക് പരിഗണിക്കപ്പെടാത്തതിന് ഒരു കാരണമാണ്."

" കളിക്കളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം അത്ര നല്ലതല്ല. ചില പ്രത്യേക സംഭവങ്ങളും, ആംഗ്യങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുറച്ച് കൂടി അച്ചടക്കം പുലർത്തുന്നത് കരിയറിൽ അവന് നല്ലതു മാത്രമേ നൽകൂ. സർഫറാസ് അവന്റെ പിതാവിനും പരിശീലകൻ നൗഷാദ് ഖാനുമൊപ്പം ഈ കാര്യങ്ങളിൽ അധ്വാനിക്കുമെന്ന് കരുതുന്നു." ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു നിർത്തി.

സഞ്ജു ഏകദിന ടീമിൽ

സർഫറാസിന്റെ സമീപകാല റെക്കോർഡ്

അതേ സമയം സമീപകാലത്ത് കിടിലൻ റെക്കോർഡാണ് അഭ്യന്തര ക്രിക്കറ്റിൽ സർഫറാസ് ഖാനുള്ളത്. അവസാന മൂന്ന് രഞ്ജി സീസണുകളിൽ മാത്രം 2566 റൺസ് അദ്ദേഹം സ്കോർ ചെയ്തു. 2019/20 സീസണിൽ 928 റൺസും, 2021&22 സീസണിൽ 982 റൺസും, 2022-23 സീസണിൽ 656 റൺസുമാണ് സർഫറാസ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൊത്തം 37 മത്സരങ്ങൾ കളിച്ചിട്ടുള്ള ഈ ഇരുപത്തിയഞ്ചുകാരൻ 79.65 ബാറ്റിങ് ശരാശരിയിൽ 3505 റൺസാണ് നേടിയിട്ടുള്ളത്. 13 സെഞ്ചുറികളും, 9 അർധ സെഞ്ചുറികളും അദ്ദേഹം സ്കോർ ചെയ്തു.

​സർഫറാസിന് കാര്യങ്ങൾ കഠിനം

അതേ സമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കിടിലൻ റെക്കോർഡുണ്ടെങ്കിലും ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം സർഫറാസിന് കഠിനം തന്നെയാകും‌. താരത്തിൽ സെലക്ടർമാർക്ക് വലിയ താല്പര്യമില്ല എന്നത് തന്നെ ഇതിൽ പ്രധാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിന്റെ റിസർവ്വ് നിരയിലേക്ക് പോലും സർഫറാസിനെ പരിഗണിക്കാതിരുന്ന സെലക്ടർമാർ സൂര്യകുമാർ യാദവിനേയും, റുതുരാജ് ഗെയിക്ക്വാദിനെയുമാണ് ഉൾപ്പെടുത്തിയത്. റുതു വിവാഹത്തെത്തുടർന്ന് അവധി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന് പകരം യശസ്വി ജയ്സ്വാളിനെ അവർ ടീമിലേക്ക് വിളിച്ചു.

നിലവിൽ ടീമിന്റെ അഞ്ചാം നമ്പർ ബാറ്ററായി അജിങ്ക്യ രഹാനെയാണുള്ളത്. രഹാനെയില്ലെങ്കിൽ ഈ സ്ഥാനത്ത് കളിക്കുക റുതുരാജ് ഗെയിക്ക്വാദാകും. ശ്രേയ്യസ് അയ്യർ പരിക്കു മാറി വരുമെന്നതും, സൂര്യകുമാർ യാദവ് പുറത്തുണ്ടെന്നതും ശ്രദ്ധേയം. ഇത്രയും താരങ്ങളെ മറികടന്ന് സർഫറാസ് ഖാൻ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുന്ന കാര്യം സംശയമാണ്.

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്