ആപ്പ്ജില്ല

ഇന്ത്യൻ പരിശീലകനാവാൻ ഗാംഗുലിയും സെവാഗും വരില്ല; കാരണം ഇതാണ്!

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രവി ശാസ്ത്രി തന്നെ തുടരുമോ ? അതോ പുതിയ ആരെയെങ്കിലും പരിഗണിക്കുമോ ?

Samayam Malayalam 17 Jul 2019, 9:25 pm
ന്യൂഡൽഹി: ലോകകപ്പിലെ സെമിയിലെ പരാജയത്തിന് ശേഷം ഇന്ത്യ നിലവിലുള്ള പരിശീലകൻ രവി ശാസ്ത്രിക്ക് 45 ദിവസം കൂടി കാലാവധി നീട്ടി നൽകിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് രവി ശാസ്ത്രിയും അതേ സപ്പോർട്ട് സ്റ്റാഫും തന്നെയായിരിക്കും ഉണ്ടാവുക. എന്നാൽ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ വീണ്ടും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
Samayam Malayalam Ganguly


രവി ശാസ്ത്രിക്ക് സ്ഥാനത്ത് തുടരണമെങ്കിൽ വീണ്ടും അപേക്ഷിക്കണം. ശാസ്ത്രി വീണ്ടും അപേക്ഷിച്ചാൽ പോലും അദ്ദേഹം തുടരുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകർ പരിശീലക സ്ഥാനത്ത് സ്വപ്നം കാണുന്ന രണ്ട് താരങ്ങളാണ് വീരേന്ദർ സെവാഗും സൗരവ് ഗാംഗുലിയും. എന്നാൽ ഇരുവർക്കും ഇത്തവണ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ വേണ്ട മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:

1. രണ്ട് വർഷമെങ്കിലും ടെസ്റ്റ് പദവിയുള്ള ഒരു ദേശീയ ടീമിൻെറ പരിശീലകനായുള്ള പരിചയം.

2. ഐപിഎൽ അല്ലെങ്കിൽ അത് പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഏതെങ്കിലും ലീഗ്, ഫസ്റ്റ് ക്ലാസ് ടീം, നാഷണൽ എ ടീം എന്നിവയിൽ ഏതെങ്കിലും ഒന്നിൻെറ പരിശീലകനായി മൂന്ന് വർഷം പരിചയം.

3. 30 ടെസ്റ്റ് മത്സരങ്ങൾ അല്ലെങ്കിൽ 50 ഏകദിന മത്സരങ്ങൾ കളിച്ചിരിക്കണം

4. ബിസിസിഐ ലെവൽ 3 സർട്ടിഫിക്കേഷൻ

5. 60 വയസ്സിൽ കുറഞ്ഞവരായിരിക്കണം

ഈ മാനദണ്ഡങ്ങളിൽ രണ്ട് കാര്യങ്ങളിൽ മാത്രമാണ് സെവാഗിനെയും ഗാംഗുലിയെയും പരിഗണിക്കാൻ പറ്റുന്നത്. ഇരുവരും 60 വയസ്സിൽ കുറഞ്ഞവരും ആവശ്യമുള്ള ടെസ്റ്റ്, ഏകദിന മത്സരങ്ങൾ കളിച്ചവരുമാണ്. ഒരു ടീമിൻെറയും മുഖ്യ പരിശീലകരായി ഇരുവരും ഇത് വരെ പ്രവർത്തിച്ചിട്ടില്ല. ഗാംഗുലി ഡൽഹി ക്യാപിറ്റൽസിൻെറ ഉപദേശകനാണ്. കിങ്സ് ഇലവൻ പഞ്ചാബിനായി ഇതേ പോസ്റ്റിൽ സെവാഗും പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പരിശീലക സ്ഥാനത്ത് പരിചയസമ്പത്ത് ഇല്ലാത്തതിനാൽ ഇത്തവണ ഇരുവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്