ആപ്പ്ജില്ല

ആ പരസ്യം വഴിത്തിരിവായി, കോഹ്ലി-അനുഷ്ക പ്രണയം തുടങ്ങിയത് ഇങ്ങനെ; ആദ്യ കാഴ്ചയിൽ കോഹ്ലി പറഞ്ഞത് ഒരു തമാശ

ഇന്ത്യൻ സൂപ്പർ ക്രിക്കറ്റർ വിരാട് കോഹ്ലിയും ( Virat Kohli ) ബോളിവുഡ് സൂപ്പർ താരം അനുഷ്‌ക ശർമയും ( Anushka Sharma ) പ്രണയത്തിലായ കഥ ഇങ്ങനെ. 1050 കോടിയിലധികം സ്വത്തുള്ള, കായിക ലോകത്തിൽ ഏറ്റവും വരുമാനമുള്ള ക്രിക്കറ്റ് കളിക്കാരനാണ് വിരാട് കോഹ്ലി. 2023 ഐ സി സി ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി നിലവിൽ ഏറ്റവും കൂടുതൽ റൺസ് കോഹ്ലിയാണ് സ്വന്തമാക്കിയത്. 2023 നവംബർ അഞ്ചാം തീയതി തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുകയാണ്‌ താരം.

Curated byഗോകുൽ എസ് | Samayam Malayalam 5 Nov 2023, 12:08 am
2013 - 2014 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് - ബോളിവുഡ് ലോകത്തിൽ ഉയർന്ന പ്രധാന ഹാഷ് ടാഗായിരുന്നു 'വിരുഷ്‌ക'. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും തമ്മിലുള്ള പ്രണയത്തിന്റെ ഹാഷ് ടാഗായിരുന്നു 'വിരുഷ്‌ക'. ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു വിരാട് കോഹ്ലിയും അനുഷ്ക ശർമയും തമ്മിലുള്ളത്. അവരുടെ പ്രണയകഥയിലേക്ക്...
Samayam Malayalam virat kohli love story with anushka sharma how it started to their journey till now
ആ പരസ്യം വഴിത്തിരിവായി, കോഹ്ലി-അനുഷ്ക പ്രണയം തുടങ്ങിയത് ഇങ്ങനെ; ആദ്യ കാഴ്ചയിൽ കോഹ്ലി പറഞ്ഞത് ഒരു തമാശ


ആദ്യ കൂടിക്കാഴ്ച

വിരാട് കോഹ്ലിയും ബോളിവുഡ് നടിയായ അനുഷ്‌ക ശർമയും പ്രണയത്തിലായത് വിചിത്രമായ ഒരു കൂടിക്കാഴ്ചയിലൂടെ ആയിരുന്നു. 2013 ലാണ് വിരാട് കോഹ്ലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടിയത്. ഷാമ്പൂ ബ്രാൻഡായ ക്ലിയറിന്റെ പരസ്യത്തിൽ ഒന്നിച്ച് അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. കോഹ്ലിക്ക് ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. ആദ്യ കൂടിക്കാഴ്ച്ചയെക്കുറിച്ച് കോഹ് ൽലി പറയുന്നത് ഇങ്ങനെ, "ഞാൻ ആദ്യമായി അനുഷ്‌കയെ കണ്ടപ്പോൾ പെട്ടെന്നൊരു തമാശയാണ് ഞാൻ പൊട്ടിച്ചത്. ഇത്രയും ഉയരമുള്ള ഹീലുള്ള ചെരുപ്പേ കിട്ടിയുള്ളോ എന്നായിരുന്നു എന്റെ ചോദ്യം. കാരണം, ഹീലിൽ എന്നേക്കാൾ ഉയരമുണ്ടായിരുന്നു അനുഷ്‌കയ്ക്ക് '. അനുഷ്‌കയെ കണ്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ നേർവസ് ആയിപ്പോയി എന്നും കോഹ്ലി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്

2008 ഇരുവർക്കും ഏറെ സ്പെഷ്യൽ

മൂന്ന് ദിവസം ആ പരസ്യത്തിന്റെ ഷൂട്ടിങ് നീണ്ടു. അതിനിടെ ഇരുവരും തങ്ങളുടെ പശ്ചാത്തലങ്ങൾ പരസ്പരം പങ്കുവച്ചു. ഇടത്തരം കുടുംബങ്ങളിൽ നിന്നാണ് ഇരുവരും വന്നതെന്ന് പരസ്പരം മനസിലാക്കി. കഠിനാധ്വാനത്തിലൂടെയാണ് ഇവിടെ വരെ എത്തിയതെന്ന് മനസിലാക്കി. വിരാട് കോഹ്ലി 2008 ലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. അതേ വർഷമായിരുന്നു അനുഷ്‌കയുടെ ആദ്യ സിനിമയുടെ ഷൂട്ടിങും.

പ്രണയം വെളിപ്പെടുത്താതെ കോഹ്ലിയും, അനുഷ്കയും

ആദ്യ കൂടിക്കാഴ്ചയിൽ പരസ്പരം ഇഷ്ടത്തിലായ ഇരുവരും ഒന്നിച്ച് ഭക്ഷണത്തിനായി പുറത്തു പോകുന്നത് ആരംഭിച്ചു. സിനിമ ഷൂട്ടിങ് വേളയിൽ അനുഷ്‌കയെ കാണാൻ വിരാടും, ഇന്ത്യയുടെ മത്സരങ്ങളിൽ ഗാലറിയിൽ അനുഷ്‌കയും എത്തിത്തുടങ്ങി. അതോടെ 2014 ൽ ഇരുവരുടെയും പ്രണയ കഥകൾ പ്രചരിക്കാൻ തുടങ്ങി. എങ്കിലും പ്രണയം വെളിപ്പെടുത്താൻ ഇവർ തയാറായില്ല. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അനുഷ്‌ക പ്രത്യേകിച്ച് ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, 2015 ജൂലൈയിൽ ഇരുവരും ഒന്നിച്ച് ഒരു വേദിയിൽ ആദ്യമായി എത്തി. വോഗ് ബ്യൂട്ടി അവാർഡ് നൈറ്റിൽ പങ്കെടുക്കാനായിരുന്നു ഇരുവരും ഒന്നിച്ച് എത്തിയത്.

​ഇരുവരും തമ്മിൽ അകൽച്ചയിൽ?

ഇതിനിടെ കോഹ്ലിയും അനുഷ്കയും തമ്മിൽ അകൽച്ചയിലാണെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. എന്നാൽ‌അതിന്റെ കാരണങ്ങൾ പുറം ലോകം അറിഞ്ഞില്ല. ഇരുവരും ഇൻസ്റ്റഗ്രാമിൽ നിന്ന് പരസ്പരം അൺഫോളോ വരെ ചെയ്തുവെന്നായിരുന്നു റിപ്പോർട്ട്. ക്രിക്കറ്റ് കളത്തിൽ കോഹ്ലിയുടെ ഫോം നഷ്ടപ്പെടാനും ഇതു കാരണമാക്കിയെന്ന് ആരാധകർ അന്ന് പറഞ്ഞു.

അനുഷ്‌കയുടെ എൻഎച്ച് 10 കണ്ടെന്നും മികച്ച ചിത്രമാണെന്നും കോഹ്ലി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇരുവരുടെയും അകൽച്ച. എന്നാൽ, 2016ന്റെ അവസാനം ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടു. യുവരാജ് സിങിന്റെ വിവാഹത്തിനും ന്യൂ ഇയർ ആഘോഷത്തിനുമായിരുന്നു ഇവർ വീണ്ടും ഒന്നിച്ചത്. ഇതിനിടെ മോശം പ്രകടനത്തിന്റെ പേരിൽ അനുഷ്‌കയെ ട്രോളാൻ പാടില്ല എന്ന് കോഹ്ലി ആരാധകരോട് ആവശ്യപ്പെട്ടു എന്നതും ശ്രദ്ധേയം.

വിവാഹം നടക്കുന്നു

പ്രണയത്തിനും വിരഹത്തിനും വീണ്ടും പ്രണയത്തിനുമെല്ലാം ശേഷം 2017 ഡിസംബറിൽ കോഹ്ലിയും അനുഷ്‌കയും ഔദ്യോഗികമായി വിവാഹിതരായി. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 2021 ജനുവരിയിൽ ഇവർക്ക് ആദ്യ കുഞ്ഞ് പിറന്നു, വമിക എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള സെലബ്രിറ്റി ദമ്പതിമാരിൽ മുന്നിലാണ് വിരുഷ്ക.

ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്