ആപ്പ്ജില്ല

പ്രായമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ധോണി; വീണു പോകുമെന്ന് കരുതിയോ?

ഐപിഎൽ ക്വാളിഫയറിൽ എംഎസ് ധോണിയുടെ കാമിയോ പ്രകടനം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ധോണിയെന്ന ഫിനിഷറുടെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്.

Curated bySreejith Vallikunnu | Samayam Malayalam 11 Oct 2021, 12:40 pm
''മഹേന്ദ്രസിംഗ് ധോണിയ്ക്ക് ജരാനരകൾ ബാധിച്ചിരിക്കുന്നു. പ്രായമേറുമ്പോൾ മനസ്സ് എത്തുന്നിടത്ത് ശരീരം എത്താതെയാകും. ഷോർട്ട്ബോളുകൾ ധോണിയുടെ ദൗർബല്യമായി മാറിയിരിക്കുന്നു. എല്ലാ ഫാസ്റ്റ് ബോളർമാരും ഇപ്പോൾ ധോണിയ്ക്കെതിരെ ബൗൺസറുകൾ വർഷിക്കുകയാണ്...!'' 2021 ഐ.പി.എല്ലിൻ്റെ പ്രാഥമിക റൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സും ഡെൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടിയ സമയത്ത് മുൻ കിവീസ് ഓൾറൗണ്ടർ സ്കോട്ട് സ്റ്റൈറിസ് പറഞ്ഞ വാക്കുകളാണിത്. ആ മത്സരത്തിൽ 27 പന്തുകൾ നേരിട്ട ധോണി നേടിയത് 18 റണ്ണുകൾ മാത്രമായിരുന്നു. സ്വാഭാവികമായും ചെന്നൈ പരാജയപ്പെടുകയും ധോണി ക്രൂരമായി പരിഹസിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ ധോണി തന്നെയാണെന്ന് ഭൂരിപക്ഷം പേരും വിധിയെഴുതി.
Samayam Malayalam sandeep das writes about ms dhonis stunning performance against delhi capitals
പ്രായമേറുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ധോണി; വീണു പോകുമെന്ന് കരുതിയോ?



വിമ‍ർശകർക്കുള്ള മറുപടി

ഏതാനും ദിവസങ്ങൾക്കകം ചെന്നൈയും ഡെൽഹിയും വീണ്ടും ഏറ്റുമുട്ടി. ലീഗ് മാച്ചിനേക്കാൾ വളരെയേറെ പ്രാധാന്യമുള്ള ക്വാളിഫയർ അങ്കം! ചെന്നൈയ്ക്ക് ജയിക്കാൻ 11 പന്തുകളിൽനിന്ന് 24 റണ്ണുകൾ ആവശ്യമായിരുന്നു. പന്തെറിയുന്നത് ആവേശ് ഖാനായിരുന്നു. ബാറ്റിങ്ങ് ക്രീസിൽ ധോണിയും!ഡെൽഹിയുടെ വിജയം ഏതാണ്ട് ഉറപ്പിക്കപ്പെട്ട സമയമായിരുന്നു അത്.

ഷോർട്ട്ബോൾ എറിഞ്ഞാൽ ധോണിയെ അടക്കിനിർത്താം എന്ന പുതിയ തിയറിയെ ഉപയോഗപ്പെടുത്താനാണ് ആവേശ് നിശ്ചയിച്ചത്. ലെഗ്സൈഡിലെ ബൗണ്ടറിയ്ക്ക് നീളം കൂടുതലാണ് എന്ന വസ്തുതയും ആ തന്ത്രത്തെ സ്വാധീനിച്ചിരുന്നു. പക്ഷേ ആവേശിൻ്റെ പന്ത് കൗ കോർണറിനുമുകളിലൂടെ ഗാലറിയിൽ പതിച്ചു! സിക്സർ! ഇനി വേണ്ടത് 6 പന്തുകളിൽനിന്ന് 13 റൺസ്!

(PTI Photo/Sportzpics)

സമ്മർദ്ദത്തെ അതിജീവിക്കുന്ന പ്രതിഭ

ടോം കറൻ്റെ അവസാന ഓവറിലെ ആദ്യ പന്തിൽ മോയിൻ അലി പുറത്തായി. പക്ഷേ ധോണിയ്ക്ക് അതൊന്നും വിഷയമായിരുന്നില്ല. ആ ബാറ്റിൽനിന്ന് മൂന്ന് ബൗണ്ടറികൾ കൂടി ഒഴുകി. അവസാന ഫോർ പിറന്നത് ഒരു ഷോർട്ട്ബോളിലായിരുന്നു എന്നത് കാവ്യനീതിയായി. ചെന്നൈയ്ക്ക് അവിശ്വസനീയമായ ജയവും ഫൈനൽ പ്രവേശനവും സ്വന്തമായി! ക്രിക്കറ്റ് കാണാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. ധോണിയേക്കാൾ ചങ്കുറപ്പുള്ള ഒരു കളിക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമ്മർദ്ദങ്ങളോട് പടപൊരുതി വിജയം വരിക്കുന്ന കാര്യത്തിൽ ധോണിയെ വെല്ലാൻ ചരിത്രത്തിൽ ആരെങ്കിലുമുണ്ടോ!?

(PTI Photo/Sportzpics)

നിരാശയിൽ നിന്ന് തിരിച്ചുവരവ്

ധോണി എന്ന ബാറ്റ്സ്മാന് 2021 ഐ.പി.എൽ സീസൺ നിരാശകൾ മാത്രമാണ് സമ്മാനിച്ചത്. ഹൈദരാബാദിനെതിരായ മത്സരം സിക്സറടിച്ച് ഫിനിഷ് ചെയ്തത് മാത്രമായിരുന്നു ആകെയുള്ള ആശ്വാസം. ഇത്തരമൊരു സാഹചര്യത്തിൽ ക്വാളിഫയറിൽ ധോണി ജഡേജയ്ക്കുമുമ്പേ ബാറ്റിങ്ങിനിറങ്ങുമെന്ന് കടുത്ത ആരാധകർ പോലും കരുതിയിരുന്നില്ല. ഋഷഭ് പന്തിൻ്റെ സംഘത്തിനെതിരെ ധോണി പരാജയപ്പെട്ടിരുന്നുവെങ്കിലോ? അയാൾ എത്രമാത്രം പഴികൾ കേൾക്കേണ്ടിവരുമായിരുന്നു!? പക്ഷേ ആത്മവിശ്വാസത്തിൻ്റെ പ്രതിരൂപമായിരുന്നു ധോണി. താൻ പരാജയപ്പെടില്ല എന്ന ഉറപ്പ് അയാൾക്ക് ഉണ്ടായിരുന്നു! തൻ്റെ കൈകൾ വിറയ്ക്കില്ലെന്ന് ധോണിയ്ക്കറിയാമായിരുന്നു!

(PTI Photo/ Sportzpics for IPL)

Also Read: ഇത് സഞ്ജുവിൻെറ കരിയറിലെ ഏറ്റവും മികച്ച ഐപിഎൽ; റൺസ്, ഉയർന്ന സ്കോർ, കണക്കുകൾ ഇങ്ങനെ!!

എത്രയെത്ര സന്ദ‍ർഭങ്ങൾ


ഇതുപോലുള്ള എത്രയെത്ര സന്ദർഭങ്ങളാണ് ധോണിയുടെ കരിയറിൽ ഉണ്ടായിട്ടുള്ളത്! 2011 ലോകകപ്പ് ഫൈനലിൽ ധോണി കളിച്ച ഇന്നിംഗ്സ് ഓർക്കുന്നില്ലേ? ഏറ്റവും മികച്ച ഫോമിലായിരുന്ന യുവ് രാജ് സിങ്ങിനേക്കാൾ മുമ്പേ ഇറങ്ങാനുള്ള ധൈര്യം ധോണിയ്ക്ക് ഉണ്ടായിരുന്നു. ആ ധൈര്യമാണ് ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചതും! 2016ലെ ഏഷ്യാകപ്പ് ഫൈനലിനുമുന്നോടിയായി ബംഗ്ലാദേശ് ആരാധകർ ധോനിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചു. ബംഗ്ലാ പേസർ തസ്കിൻ അഹമ്മദ് ധോണിയുടെ തലയറുത്ത് നിൽക്കുന്ന എഡിറ്റഡ് ഫോട്ടോ വൈറലായി. പക്ഷേ ഏഷ്യാകപ്പ് ഇന്ത്യ തന്നെ ജയിച്ചു. ധോണി നേടിയ രണ്ട് സിക്സറുകളാണ് ബംഗ്ലാദേശിൻ്റെ നെഞ്ചകം തകർത്തത്.

(Sportzpics for IPL/PTI Photo)

ക്രിക്കറ്റിലെ സൂപ്പ‍ർ ഹീറോ

ബോളിവുഡ് സിനിമകളിൽ പോലും കാണാത്ത തരത്തിലുള്ള ഹീറോയിസമാണ് ഇവയെല്ലാം. പക്ഷേ വിമർശകർ ഇതൊന്നും അംഗീകരിച്ചുതരില്ല. അവരെ സംബന്ധിച്ചിടത്തോളം അവസരം നോക്കി ചാടിയിറങ്ങി ക്രെഡിറ്റ് തട്ടിയെടുക്കുന്ന ഒരാൾ മാത്രമാണ് ധോണി.അവരോട് ഒരു കാര്യമേ പറയാനുള്ളൂ. സമ്മർദ്ദഘട്ടങ്ങളിൽ ചാടി ഇറങ്ങാനുള്ള ധൈര്യം ചുരുക്കം ചിലർക്കേ ഉണ്ടാകൂ. ഇറങ്ങിയതുകൊണ്ട് മാത്രം ക്രെഡിറ്റ് കിട്ടുകയുമില്ല. അതിന് നന്നായി കളിച്ച് ടീമിനെ ജയിപ്പിക്കുക തന്നെ വേണം. ധോണി വീറോടെ കളിച്ചിട്ടാണ് എന്നും ക്രെഡിറ്റ് നേടിയിട്ടുള്ളത്. അസൂയപ്പെട്ടിട്ട് പ്രയോജനമില്ല.

(Sportzpics for IPL/PTI Photo)

വീണുപോയിട്ടില്ല

കുറച്ചുനാളുകൾക്കുമുമ്പ് സി.എസ്.കെയുടെ ഫെയ്സ്ബുക്ക് പേജിൽ ഒരു വിഡിയോ കണ്ടിരുന്നു. ദേഹം മുഴുവൻ മഞ്ഞനിറം പൂശിയ ഒരു ആരാധകൻ ധോനിയുടെ ചിത്രത്തിനരികിൽ നിൽക്കുകയാണ്. സുബ്രമഹ്ണ്യഭാരതിയുടെ വിഖ്യാതമായ കവിതയിലെ വരിയാണ് ആ ചിത്രത്തിൻ്റെ അടിക്കുറിപ്പായി നൽകിയിരുന്നത്. അതിൻ്റെ മലയാള പരിഭാഷ ഇങ്ങനെയാണ്-

''ഞാൻ വീണുപോകും എന്ന് കരുതിയോ...!''

(Sportzpics for IPL/PTI Photo)

ഓതറിനെ കുറിച്ച്
Sreejith Vallikunnu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്