ആപ്പ്ജില്ല

HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിലെ ദാദ - സുരേഷ് വാരിയത്ത് എഴുതുന്നു

ഇന്ത്യ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരുടെ കൂട്ടത്തിലാണ് സൗരവ് ചണ്ഡിദാസ് ഗാംഗുലിക്ക് സ്ഥാനം. ക്യാപ്റ്റനായും കളിക്കാരനായും ആരാധക ഹൃദയങ്ങൾ കീഴടക്കിയ ദാദയെക്കുറിച്ച് സുരേഷ് വാരിയത്ത് എഴുതുന്നു.

Samayam Malayalam 8 Jul 2020, 6:13 pm
1996 ജൂൺ 20.... ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിൻ്റെ പ്രഭാതം ആരംഭിച്ചത് ഒരു പൊട്ടിത്തെറിയോടെയായിരുന്നു. ഓപ്പണിങ്ങിലെ വിശ്വസ്ഥനും വെറ്ററൻ താരവുമായ സിദ്ധു, ക്യാപ്റ്റൻ അസ്ഹറുദീനുമായി ഉണ്ടായെന്ന് പറയപ്പെട്ട ചില പടലപ്പിണക്കങ്ങളെ തുടർന്ന് നാട്ടിലേക്ക് വണ്ടി കയറി. ടീം മാനേജ്മെൻറ് അങ്ങനെ, കുറച്ചൊക്കെ ബാറ്റ് ചെയ്യാനറിയുന്ന നയൻ മോംഗിയയെക്കൊണ്ട് ഇന്നിംഗ്സ് ഓപ്പൺ ചെയ്യിക്കാൻ തീരുമാനിച്ചു. മിഡിൽ ഓർഡറിൽ രാഹുൽ ദ്രാവിഡിന് അവസരം നൽകാനും തീരുമാനമായി.
Samayam Malayalam ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ...
ഗാംഗുലിക്ക് പിറന്നാൾ ആശംസകൾ...


സിദ്ധുവിനു പകരം നറുക്ക് വീണത് അദ്ദേഹത്തിൻ്റെ റൂം മേറ്റും, മുമ്പൊരിക്കൽ അതായത് നാലു വർഷം മുമ്പ് ഒരു ഏകദിനത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ മുഖം കാണിച്ച ആ ബംഗാളി പയ്യനായിരുന്നു. സമ്പത്തിൻ്റെയും സുഖലോലുപതയുടെയും നടുവിൽ ജനിച്ച, സ്വന്തം കിറ്റ് സീനിയർ കളിക്കാരനെക്കൊണ്ട് എടുപ്പിച്ചു എന്നൊക്കെ ദോഷൈകദൃക്കുകൾ പാടി നടന്ന, പിതാവിൻ്റെ ശുപാർശയും പ്രാദേശിക ക്വാട്ടയും വഴി ടീമിലെത്തി എന്ന ആരോപണങ്ങളിലൂടെ കടന്നു വന്ന, ബംഗാൾ താരം സ്നേഹാശിഷ് ഗാംഗുലിയുടെ അനിയൻ സൗരവ് ചാന്ദിദാസ് ഗാംഗുലിയായിരുന്നു ആ പയ്യൻ.

പ്രസാദിൻ്റെ 5 വിക്കറ്റ്, ഗാംഗുലിയുടെ 2 വിക്കറ്റ് പ്രകടനങ്ങളെ അതിജീവിച്ച സെഞ്ചൂറിയൻ ജാക് റസലിൻ്റെയും 89 റൺസ് നേടിയ ജിം തോർപ്പിൻ്റെയും മികവിൽ ആദ്യ ഇന്നിംഗ്സിൽ 344 റൺസ് നേടിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തുടങ്ങിയത് തകർച്ചയോടെയായിരുന്നു. 60 റണ്ണിനുള്ളിൽ ഓപ്പണർമാർ മോംഗിയയും റാഥോറും തിരിച്ചു വന്നപ്പോൾ ഉത്തരവാദിത്തം ഏറ്റെടുത്തത് സച്ചിനും പുതുമുഖം ഗാംഗുലിയും... കൂടുതൽ നഷ്ടം കൂടാതെ ഒണ്ടാം ദിവസം ഈ ജോഡി അവസാനിപ്പിച്ചു..

Also Read: HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച 'ദാദ'യുടെ 5 തീരുമാനങ്ങൾ!!

കളിയുടെ മൂന്നാം ദിനം.... സ്കോർ 202 എത്തിയപ്പോഴേക്കും തെണ്ടുൽക്കർ, അസ്ഹർ, ജഡേജ എന്നിവരെക്കൂടെ നഷ്ടമായെങ്കിലും നിർഭയം ബാറ്റ് ചെയ്ത ഗാംഗുലിക്ക് ഒത്ത ഒരു പങ്കാളിയായി മാറിയത് മറ്റൊരു പുതുമുഖം ദ്രാവിഡ് ആയിരുന്നു. ക്രിക്കറ്റിൻ്റെ മെക്കയിൽ തൻ്റെ അരങ്ങേറ്റ ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ 301 പന്തുകൾ നേരിട്ട് 20 ബൗണ്ടറി സഹിതം 131 റൺസ് നേടിയ ഓഫ് സൈഡിലെ ദൈവം അരങ്ങൊഴിയുമ്പോൾ ഇന്ത്യയ്ക്കു ഒന്നാം ഇന്നിംഗ്സ് ലീഡിന് വെറും 49 റൺസ് മതിയായിരുന്നു.

ഇന്ത്യൻ ഇന്നിംഗ്സ് പിന്നീട് മുന്നോട്ട് കൊണ്ടുപോയ ദ്രാവിഡ് അർഹിച്ച സെഞ്ചുറിക്ക് 5 റൺസ് അകലെ വീണെങ്കിലും ഇന്ത്യ 85 റൺസിൻ്റെ ഭദ്രമായ ലീഡ് നേടിയിരുന്നു. ശേഷിച്ച സമയം ഇംഗ്ലണ്ട് ബാറ്റ് ചെയ്ത് മത്സരം സമനിലയായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്