ആപ്പ്ജില്ല

വനിതാ ഫുട്ബോള്‍ ലോകകപ്പിനുള്ള ഇന്ത്യയിലെ ആദ്യ വേദി പ്രഖ്യാപിച്ചു

ഇന്ത്യയിലെ നാലു വേദികളിലായാണ് അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഭുവനേശ്വറില്‍ പൂര്‍ത്തിയാതിന് പിന്നാലെ ഡെൽഹി, മുംബൈ, കൊൽക്കത്ത എന്നീ വേദികളിലെ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടക്കും

Samayam Malayalam 28 Aug 2019, 1:44 pm
ഭുവനേശ്വര്‍: 2020ല്‍ ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിനായുള്ള നാല് വേദികളിൽ ആദ്യ വേദിക്ക് ഫിഫയുടെ അംഗീകാരം. ഒഡീഷയിലെ ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയമാണ് വിശദമായ പരിശോധനകൾക്ക് പിന്നാലെ ലോകകപ്പിലെ ആദ്യ വേദി ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പില്‍ നാലു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഭുവനേശ്വറിന് പിന്നാലെ ഡെൽഹി, മുംബൈ, കൊൽക്കത്ത എന്നീ വേദികളിലെ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കുമെന്ന് ഫിഫ അറിയിച്ചു.
Samayam Malayalam u-17 womens


Also Read: അടുത്ത ലോകകപ്പില്‍ ഇന്ത്യയും..! സാധ്യത തുറന്ന് ഫിഫ

2017ല്‍ നടന്ന അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതും ഇന്ത്യ തന്നെയായിരുന്നു. ഇതില്‍ ഇന്ത്യ പുലര്‍ത്തിയ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയ്ക്ക് അവസരം ഒരുക്കിയത്. അണ്ടർ 17 പുരുഷ ലോകകപ്പിൽ ആറു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. എന്നാൽ വനിതാ ലോകകപ്പിൽ 16 ടീമുകൾ മാത്രമേ പങ്കെടുക്കുന്നുള്ളൂ എന്നതിനാൽ നാലു വേദികളേ ആവശ്യമുള്ളൂ. കളി കാണാൻ കാണികള്‍ ഇല്ലാത്തതും ഫുട്ബോളിനോട് വലിയ താത്പര്യം കാണിക്കാത്തതുമായ ഡെൽഹി, മുംബൈ എന്നിവിടങ്ങളെയാണ് വേദി ആയി തെരഞ്ഞെടുത്തത്. എന്നാല്‍ ഫുട്ബോള്‍ ആരാധകര്‍ ഏറെയുള്ള കേരളത്തിനും ഗോവയ്ക്കും വേദി നിഷേദിച്ചത് നേരത്തെ വലിയ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.

Also Read: അടച്ചുപൂട്ടിയ ക്ലബ്ബിന് പകരം പുതിയ ക്ലബ്ബ്; ഔദ്യോഗിക പ്രഖ്യാപനമായി

2020 ലെ വേദി ലഭിച്ചതോടെ ഫിഫ അണ്ടർ 17 വനിതാ ലോകകപ്പിലേക്ക് ഇന്ത്യയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നതാണ് ഇന്ത്യയ്ക്ക് ഗുണകരമാകുന്ന വലിയ ഒരു കാര്യം. ആദ്യമായാണ് വനിതാ അണ്ടര്‍ 17 ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കുന്നത്. ഫ്രാൻസിനെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. നിലവിൽ സ്പെയിനാണ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യൻമാര്‍. അതേസമയം രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം. ലോകകപ്പില്‍ അവസരം ലഭിക്കുന്നത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും വലിയ ഊർജ്ജമാകും എന്നാണ് കരുതപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്