ആപ്പ്ജില്ല

Copa America 2019: ഫൈനലിനായുള്ള ബ്രസീല്‍ ടീമില്‍ നിന്ന് വില്യാനെ ഒഴിവാക്കി

അര്‍ജന്‍റീനയ്‍ക്കെതിരായ സെമിഫൈനല്‍ മത്സരത്തിനിടെ തുടയിലെ പേശി വലിഞ്ഞാണ് താരത്തിന് പരിക്കേറ്റത്. ഫൈനലില്‍ വില്യാന്‍ കളിക്കില്ലെന്ന കാര്യം ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ഫൈനല്‍ മത്സരം വില്യാന് സൈഡ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും

Samayam Malayalam 5 Jul 2019, 12:26 pm
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിലെ ഫൈനല്‍ മത്സരത്തിനായുള്ള ബ്രസീല്‍ ടീമില്‍ നിന്ന് വില്ല്യാനെ ഒഴിവാക്കി. അര്‍ജന്‍റീനയ്‍ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലേറ്റ പരിക്കാണ് വില്യാന് വിനയായത്. ഇതോടെ തിങ്കളാഴ്ച പുലര്‍ച്ചെ പെറുവിനെതിരെ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ വില്ല്യാന് സൈഡ് ബെഞ്ചിലിരുന്ന് കളി കാണേണ്ടി വരും.
Samayam Malayalam willian-brazil


അര്‍ജന്‍റീനയ്‍ക്കെതിരായ മത്സരത്തിലാണ് വില്ല്യാന് പരിക്കേറ്റത്. ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച മത്സരത്തില്‍ രണ്ടാം പകുതിയിലാണ് വില്ല്യാന്‍ കളത്തിലിറങ്ങിയത്. മത്സരത്തിനിടെ തുടയിലെ പേശി വലിഞ്ഞാണ് താരത്തിന് പരിക്കേറ്റത്. വില്യാന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ചതായും തുടയില്‍ പേശീവലിവ് ഉണ്ടായതായി സ്ഥിരീകരിച്ചതായും ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വക്താവ് വ്യക്തമാക്കി.

പരിക്കേറ്റ് ചികിത്സയിലുള്ള ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് പകരക്കാരനായാണ് വില്യാന്‍ ടീമിലെത്തിയത്. എങ്കില്‍പ്പോലും മത്സരങ്ങളിലെല്ലാം രണ്ടാം പകുതിയില്‍ മാത്രമാണ് താരത്തെ പരിശീലകന്‍ ടിറ്റെ കളത്തിലിറക്കിയത്. എന്നാല്‍ കളിയില്‍ മികച്ച് പ്രകടനം പുറത്തെടുക്കാന്‍ വില്യാന് സാധിച്ചു. പരാഗ്വായ്‍ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒരു പെനല്‍റ്റി നേടിക്കൊടുക്കുകയും പെറുവിനെതിരായ 5-0 വിജയത്തില്‍ മികച്ച പ്രകടനം നടത്താനും വില്യാന് കഴിഞ്ഞു.

1919 മുതലിങ്ങോട്ട് 20 തവണ ഫൈനല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രസീല്‍ എട്ട് തവണയാണ് കോപ്പകിരീടം ചൂടിയിട്ടുള്ളത്. 2007ലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ബ്രസീലിന്‍റെ അവസാന കിരീടനേട്ടം. ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് മാരക്കാന സ്റ്റേഡിയത്തിലാണ് പെറുവിനെതിരായ ബ്രസീലിന്‍റെ 21ാം കോപ്പ ഫൈനൽ മത്സരം നടക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്