ആപ്പ്ജില്ല

നേപ്പാള്‍ വലയില്‍ ഗോള്‍മഴ; അണ്ടർ-15 സാഫ് കപ്പ് കിരീടം ഇന്ത്യക്ക്

ഇത്തവണത്തെ സാഫ് കപ്പ് ടൂർണമെന്‍റിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്

Samayam Malayalam 31 Aug 2019, 6:11 pm
കൊല്‍ക്കത്ത: എതിരാളികളെ ഗോള്‍മഴയില്‍ മുക്കി അണ്ടർ 15 സാഫ് കപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ നേപ്പാളിനെ തറപറ്റിച്ചാണ് ഇന്ത്യൻ ചുണക്കുട്ടികൾ സാഫ് കിരീടം നേടിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ടൂർണമെന്‍റിൽ ഇത്തവണ അഞ്ചു മത്സരങ്ങളിൽ നിന്ന് 28 ഗോളുകൾ അടിച്ചുകൂട്ടിയ ഇന്ത്യ ഒരു ഗോൾ പോലും വഴങ്ങാതെയാണ് കിരീട നേട്ടം യാഥാര്‍ത്ഥ്യമാക്കിയത്.
Samayam Malayalam SAFF-U-15-final


ഫൈനല്‍ മത്സരത്തില്‍ ഹാട്രിക് ഗോളുമായി ശ്രീദർത്ത് ആണ് ഇന്ത്യയുടെ മികച്ച താരമായത്. രണ്ടാം പകുതിയിൽ ആയിരുന്നു ശ്രീദർത്തിന്റെ ഹാട്രിക് പ്രകടനം അരങ്ങേറിയത്. മഹേസൺ, അമന്ദീപ്, സിബജിത്, ഹിമാൻഷ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയ മറ്റു താരങ്ങള്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തുൽ നാലു മത്സരങ്ങളിൽ നാലു വിജയങ്ങള്‍ സ്വന്തമാക്കി 12 പോയന്‍റോടെയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും നേപ്പാളിനെ ഇന്ത്യ തകർത്തിരുന്നു. അന്ന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫൈനല്‍ പോരാട്ടത്തില്‍ മത്സരം ആരംഭിച്ച് പതിനഞ്ചാം മിനുട്ടില്‍ തന്നെ ഇന്ത്യ ലീഡ് നേടി. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ലീഡ് മൂന്നാക്കി ഉയര്‍ത്തിയ ഇന്ത്യ രണ്ടാം പകുതിയില്‍ നാല് ഗോളും സ്വന്തമാക്കി നേപ്പാളിന്‍റെ പതനം പൂര്‍ത്തിയാക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്