ആപ്പ്ജില്ല

Intercontinental Cup: രണ്ട് കളിയിലും തോറ്റു, ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

ടൂര്‍ണമെന്‍റില്‍ കൊറിയയോടും താജിക്കിസ്ഥാനോടും പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഇന്നത്തെയും നാളത്തെയും മത്സരങ്ങളുടെ ഫലത്തില്‍ അട്ടിമറികള്‍ സംഭവിച്ചാല്‍ ഇനിയും ഫൈനലിലേക്ക് ഇന്ത്യയ്ക്ക് നേരിയ സാധ്യതകളുണ്ട്.

Samayam Malayalam 15 Jul 2019, 6:10 pm
അഹമ്മദാബാദ്: ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിലെ മൂന്നില്‍ രണ്ട് മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടു. ഗോള്‍ ശരാശരി പരിശോധിച്ചാല്‍ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ പിന്നിലാണ്. താജിക്കിസ്താന്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫൈനല്‍ ഉറപ്പിച്ച് കഴിഞ്ഞു. എങ്കിലും ചില അട്ടിമറികള്‍ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ പ്രവേശം സാധ്യമായേക്കും. എങ്ങനെയെന്ന് നേക്കാം.
Samayam Malayalam indian team


നിലവില്‍ രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ച താജിക്കിസ്ഥാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓരോ മത്സരങ്ങള്‍ വീതം ജയിച്ച സിറിയയും നോര്‍ത്ത് കൊറിയയുംയഥാക്രമം രണ്ടും മൂന്നും സ്ഥാനത്തും രണ്ട് മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ട ഇന്ത്യ നാലാം സ്ഥാനത്തുമാണ്. ഇന്നും നാളെയുമായി നടക്കുന്ന മത്സരങ്ങളിലെ ഫലം കൂടി വരുമ്പോള്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവരാണ് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുക.

ഇന്ന് നടക്കുന്ന മത്സരത്തില്‍ താജിക്കിസഥാന്‍ ഉത്തര കൊറിയയെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തില്‍ താജിക്കിസ്ഥാനോട് ഉത്തര കൊറിയ പരാജയപ്പെടുകയും നാളെ സിറിയക്കെതിരെ വലിയ ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രവേശം സാധ്യമായേക്കും. രണ്ട് മത്സരങ്ങളും ജയിച്ച താജിക്കിസ്ഥാന്‍ ഇതിനോടകം തന്നെ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരമാണ് നാളെ നടക്കുന്നത്. സിറിയയാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. നേരത്തേ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ വലിയ ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇത് മറികടക്കണമെങ്കില്‍ സിറിയയെ വലിയ ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യ പരാജയപ്പെടുത്തണം ഇതിന് ഇന്ത്യയ്ക്ക് സാധിച്ചാല്‍ ഫൈനലിലേക്കുള്ള വഴി തെളിയും.

ടൂര്‍ണമെന്‍റില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ഉത്തര കൊറിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഉത്തര കൊറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഈ പരാജയമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വലിയ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടു എന്നതും ഇന്ത്യയ്ക്ക് തലവേദനയാണ്. ഇത് മറികടക്കാനാകുമോയെന്നതാണ് നാളെ അറിയാനുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്