ആപ്പ്ജില്ല

Gareth Bale: ടീം അപമാനിച്ചിട്ടും ബെയ്‍ല്‍ രക്ഷകനായി; അഴ്സണലിനെ വീഴ്ത്തി റയല്‍

ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായിരുന്നു റയല്‍. പകരക്കാരനായി ഇറങ്ങിയ ബെയ്‍ലാണ് റയലിന്‍റെ മറുപടി ഗോളുകള്‍ക്ക് തുടക്കം കുറിച്ചത്. പിന്നാലെ സമനില പിടിക്കുകയും തുടര്‍ന്ന് ട്രൈബ്രേക്കറിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു റയല്‍.

Samayam Malayalam 24 Jul 2019, 1:26 pm
വാഷിങ്ടണ്‍: ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളില്‍ അഴ്സണലിനെതിരെ റയല്‍ മാഡ്രിഡിന് ജയം. ആദ്യപകുതിക്ക് ശേഷം കളത്തിലിറങ്ങിയ ഗാരെത് ബെയ്‍ലിന്‍റെ മികച്ച പ്രകടനമാണ് റയലിന് രക്ഷയായത്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം സമനില പിടിക്കുകയും തുടര്‍ന്ന് ട്രൈബ്രേക്കറിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു റയല്‍. പകരക്കാരനായി ഇറങ്ങിയ ബെയ്‍ലാണ് റയലിന്‍റെ മറുപടി ഗോളുകള്‍ക്ക് തുടക്കം കുറിച്ചത്.
Samayam Malayalam bale


അലക്സാന്ദ്രേ ലകസേറ്റിന്‍റെ വകയായിരുന്നു അഴ്സണലിന്‍റെ ആദ്യഗോള്‍. ഒൻപതാം മിനുട്ടിൽ പന്ത് കൈകൊണ്ട് തട്ടിയിടാൻ ശ്രമിച്ച നാച്ചോയ്ക്ക് റഫറി ചുവപ്പ് കാർഡ് വിധിച്ചു. പിന്നാലെ നാച്ചോയെ കളിയില്‍ നിന്ന് പുറത്താക്കുകയും ആഴ്സണലിന് പെനാൽറ്റി അനുവദിക്കുകയും ചെയ്‌തു. കിക്കെടുത്ത ലകസേറ്റ് പിഴവൊന്നും കൂടാതെ പന്ത് വലയിലെത്തിച്ചു. 24ാം മിനുട്ടില്‍ തന്നെ ഒബാമയാങ് ആഴ്സണലിനായി രണ്ടാം ഗോളും നേടി.

എന്നാല്‍ രണ്ടാം പകുതിയുടെ ആരംഭത്തിൽ സിദാൻ ബെയ്‌ലിനെ കളത്തിലിറക്കി. 56ാം മിനുട്ടിൽ അഴ്സണലിനെതിരെ താരം ആദ്യഗോള്‍ മടക്കി, റയലിന്‍റെ തിരിച്ചു വരവിന് തുടക്കം കുറിച്ചു. മൂന്ന് മിനുട്ടിനുള്ളിൽ മാർസെലോയുടെ പാസിൽ നിന്ന് അസെൻസിയോ സമനില ഗോള്‍ കണ്ടെത്തി. എന്നാല്‍ തുടര്‍ന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബെയ്‍ലിന് പിഴച്ചു. ആദ്യ കിക്കെടുത്ത ബെയ്‌ലിന് ലക്ഷ്യം കാണാനായില്ലെങ്കിലും പിന്നീട് ആഴ്സണലിന്‍റെ കിക്കെടുത്ത ചാക്ക, മോൺറെയാൽ, ബർട്ടൻ എന്നിവർ പെനല്‍റ്റി കിക്ക് പാഴാക്കിയതോടെ റയൽ ജയം ഉറപ്പാക്കുകയായിരുന്നു.

Also Read: Real Madrid News: ക്ലബ്ബ് വിട്ട് പോകാം, സൂപ്പര്‍ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി റയല്‍

അതേസമയം റയല്‍ മാഡ്രിഡിന്‍റെ സൂപ്പര്‍ താരം ഗാരെത് വെയ്ല്‍ ഉടന്‍ തന്നെ ക്ലബ്ബ് വിട്ടേക്കുമെന്ന് ഉറപ്പിച്ച് പരിശീലകന്‍ സിനദിന്‍ സിദാന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. എപ്പോള്‍ വേണമെങ്കിലും ബെയ്ലിന് റയല്‍ മാഡ്രിഡ് വിട്ടുപോകാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ലബ്ബില്‍ നിന്ന് പുറത്തുപോകുന്നുവെന്ന വാര്‍ത്തകള്‍ ശക്തമായതിനെ തുടര്‍ന്നാണ് ബെയ്ലിനെ ബയറണിനെതിരായ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും സിനദിന്‍ സിദാന്‍ കൂട്ടിച്ചേര്‍ത്തു.

ഗാരെത് ബെയ്ല്‍ ഉടന്‍ റയല്‍ മാഡ്രിഡ് വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് തന്നെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. എത്ര പെട്ടെന്ന് അത് സാധ്യമാകുമോ, അത്രയും വേഗം ബെയ്‍ലിന് ക്ലബ്ബ് വിട്ട് പോകാവുന്നതാണ്. നാളെയെങ്കില്‍ നാളെ തന്നെ താരത്തിന് പോകാം. അതാണ് എല്ലാവര്‍ക്കും നല്ലതെന്നും റയല്‍ മാഡ്രിഡ് പരിശീലകനായ സിദാന്‍ വ്യക്തമാക്കിയിരുന്നു.

ഇന്‍റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബയറണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ സിദാന്‍ ബെയ്ലിനെ കളിപ്പിച്ചിരുന്നില്ല. ബെയ്ല്‍ ഇല്ലാതെയാണ് ടീം കളിക്കാനിറങ്ങിയത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സിദാന്‍ സൂപ്പര്‍ താരത്തെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് സൂചിപ്പിച്ചത്. താരത്തെ വില്‍ക്കാന്‍ ക്ലബ്ബ് ശ്രമം തുടരുകയാണെന്നും സിദാന്‍ വ്യക്തമാക്കിയിരുന്നു. ഈ അപമാനത്തിന് പിന്നാലെയാണ് ബെയ്‍ല്‍ ഇന്ന് വീണ്ടും കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്